ഇന്ത്യയ്‌ക്കെതിരായ യുഎസിന്റെ അധികതീരുവകള്‍ പ്രാബല്യത്തിലായതിനു പിന്നാലെ ഇന്ത്യ–പാക് സംഘര്‍ഷം ആണവയുദ്ധത്തിലേക്കു പോകാതെ തടഞ്ഞതു താനാണെന്ന അവകാശവാദം പ്രസിഡന്റ് ഡോണല്‍ഡ് ട്രംപ് ആവര്‍ത്തിച്ചു. വെടിനിര്‍ത്തലിനു സമ്മതിച്ചില്ലെങ്കില്‍ അധികതീരുവ ചുമത്തുമെന്നും വ്യാപാരം നിര്‍ത്തുമെന്നും താന്‍ മോദിയെ പേടിപ്പിച്ചു താക്കീത് ചെയ്തെന്നും ട്രംപ് പറഞ്ഞു.
‘ഞാന്‍ സംസാരിച്ചത് വളരെ ഗംഭീരനായ ഒരു മനുഷ്യനോടാണ്, ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി, ഞാന്‍ പറഞ്ഞു, നിങ്ങള്‍ക്കും പാക്കിസ്ഥാനുമിടയിലെ വെറുപ്പ് വളരെ വലുതാണ്, അതു നൂറുകണക്കിനു വര്‍ഷങ്ങളായി തുടരുന്നതാണ്, നിങ്ങളുമായി വ്യാപാരക്കരാര്‍ ആഗ്രഹിക്കുന്നില്ല, നിങ്ങളിരുവരും ആണവയുദ്ധത്തിലാകും അവസാനിക്കുക, നാളെ എന്നെ തിരിച്ചുവിളിക്കുക, പക്ഷേ നിങ്ങളുമായി ഒരു കരാറുമില്ല, ഏറ്റവും വലിയ തീരുവയാണ് ചുമത്താന്‍ പോകുന്നത്’– താന്‍ വിളിച്ച ഫോണ്‍സംഭാഷണത്തെക്കുറിച്ച് വൈറ്റ് ഹൗസില്‍ കാബിനറ്റ് യോഗത്തില്‍ ട്രംപ് പറഞ്ഞു.
ഈ സംഭാഷണം കഴിഞ്ഞ് അഞ്ചുമണിക്കൂറിനകം ഇന്ത്യയും പാക്കിസ്ഥാനും വെടിനിര്‍ത്തലിനു വഴങ്ങി, അവര്‍ തമ്മില്‍ വീണ്ടും സംഘര്‍ഷമുണ്ടായാലും തടയുമെന്നും ട്രംപ് പറഞ്ഞു. ഇന്ത്യ–പാക് സംഘര്‍ഷത്തില്‍ ഒട്ടേറെ വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന അവകാശവാദവും ട്രംപ് കാബിനറ്റില്‍ ആവര്‍ത്തിച്ചു.
ഏഴോ...അതിലധികമോ..യഥാര്‍ത്ഥ കണക്ക് പുറത്തുവിട്ടിട്ടില്ല. പക്ഷേ 15കോടി ഡോളറിന്റെ വിമാനങ്ങളാണ് നഷ്ടമായതെന്ന് ട്രംപ് പറഞ്ഞു. അതേസമയം യുദ്ധവിമാനങ്ങള്‍ വീണതിന്റെ തെളിവുകളോ ആരുടെ വിമാനങ്ങളെന്നോ ട്രംപ് വ്യക്തമാക്കിയിട്ടില്ല.