image credit: facebook

വെറും അന്‍പതില്‍ താഴെ ആയുധങ്ങള്‍ മാത്രം ഉപയോഗിച്ചാണ് ഓപറേഷന്‍ സിന്ദൂറില്‍ പാക്കിസ്ഥാനെ ഇന്ത്യ നിലംപരിശാക്കിയതെന്നും വെടിനിര്‍ത്തല്‍ ചര്‍ച്ചയ്ക്കായി ഇന്ത്യയ്ക്ക് മുന്നിലെത്തിച്ചതെന്നും വെളിപ്പെടുത്തി വ്യോമസേന. എയര്‍ മാര്‍ഷല്‍ നര്‍മദേശ്വര്‍ തിവാരിയുടേതാണ് വെളിപ്പെടുത്തല്‍. 

'യുദ്ധം ആരംഭിക്കാന്‍ വളരെ എളുപ്പമാണ് അവസാനിപ്പിക്കുക പ്രയാസവും. അതുകൊണ്ടുതന്നെ കൃത്യമായ ആസൂത്രണത്തോടെയാണ് ഇന്ത്യ നീങ്ങിയത്. ഒന്‍പത് ലക്ഷ്യങ്ങള്‍ ഇന്ത്യ തിരഞ്ഞെടുത്തതും പിഴവില്ലാത്ത ആക്രമണം നടത്തിയതും സൈന്യത്തിന്‍റെ കരുത്താണ് വെളിവാക്കുന്നതെന്നും' അദ്ദേഹം എന്‍ഡിടിവി സംഘടിപ്പിച്ച പ്രതിരോധ ഉച്ചകോടിയില്‍ പറഞ്ഞു. നാലുദിവസത്തെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ക്കും സൈനിക വിന്യാസത്തിനും പിന്നാലെ പാക്കിസ്ഥാന്‍ വെടിനിര്‍ത്തലിന് അപേക്ഷിച്ച് ഇന്ത്യയ്ക്ക് മുന്നിലെത്തി. കരയിലും ആകാശത്തും കടലിലും ഇന്ത്യ ആധിപത്യം പുലര്‍ത്തിയത് പ്രകടമായിരുന്നുവെന്നും  അദ്ദേഹം ചൂണ്ടിക്കാട്ടി. 

പഹല്‍ഗാമില്‍ പാക് ഭീകരര്‍ 26 പേരുടെ ജീവനെടുത്തതിന് തിരിച്ചടിയായാണ് പാക്കിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒന്‍പത് ഭീകരത്താവളങ്ങളില്‍ ഇന്ത്യ പ്രത്യാക്രമണം നടത്തിയത്. ഇതിന് പിന്നാലെ നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് പാക്കിസ്ഥാന്‍ ഷെല്ലാക്രമണം നടത്തി. ഇതോടെ പാക്  വ്യോമത്താവളങ്ങളിലടക്കം ഇന്ത്യ നിയന്ത്രിതവും കൃത്യവുമായ ആക്രമണം നടത്തുകയായിരുന്നു. പാക്കിസ്ഥാനിലെ റാവല്‍പിണ്ടി വരെ ഇന്ത്യന്‍ ആക്രമണം എത്തി. കനത്ത നഷ്ടമാണ് ഇന്ത്യയുടെ തിരിച്ചടിയില്‍ പാക്കിസ്ഥാനുണ്ടായത്. 

ENGLISH SUMMARY:

Operation Sindoor details the Indian Air Force's strategic response, using minimal resources to achieve maximum impact against Pakistan. This operation led to a ceasefire request from Pakistan after a display of Indian military dominance across land, air, and sea.