ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി പാര്‍ട്ടി ലീഗ് നിരോധിച്ച് മുഹമ്മദ് യൂനിസിന്റെ ഇടക്കാല സര്‍ക്കാര്‍. ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണലിൽ (ഐസിടി) വിചാരണ പൂർത്തിയാകുന്നതുവരെ നിരോധനം തുടരുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. ഭീകരവിരുദ്ധ നിയമപ്രകാരമാണ് നിരോധനം. അടുത്ത പ്രവൃത്തി ദിനത്തിലാവും നിരോധനം സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിക്കുക.
രാജ്യത്തിന്റെ സുരക്ഷയും അധികാരവും സംരക്ഷിക്കാനാണ് ഈ നടപടിയെന്ന് മുഹമ്മദ് യൂനിസ് പറയുന്നു. 2024 ജൂലൈ മാസത്തില്‍ നടന്ന പ്രക്ഷോഭുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെത്തുടര്‍ന്നാണ് ഷെയ്ഖ് ഹസീന അധികാരത്തില്‍ നിന്നും പുറത്താകുന്നത്. ഈ സംഭവവുമായി ബന്ധപ്പെട്ട പരാതിക്കാരുടേയും സാക്ഷികളുടേയും പ്രതിഷേധത്തില്‍ പങ്കാളികളായവരുടേയും സുരക്ഷ കൂടി കണക്കിലെടുത്താണ് അവാമി ലീഗ് നിരോധിക്കുന്നതെന്ന് ഇടക്കാലസര്‍ക്കാര്‍ പറയുന്നു.
ഹസീന സര്‍ക്കാറിനെതിരായ പ്രക്ഷോഭം അടിച്ചമര്‍ത്താനുള്ള ശ്രമത്തിനിടെ ആയിരത്തി നാനൂറോളം ആളുകള്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ഷെയ്ഖ് ഹസീന നിലവില്‍ ഇന്ത്യയില്‍ അഭയം തേടിയിരിക്കുകയാണ്. ഹസീനയുടെ ഭരണകാലത്തുള്‍പ്പെടെ ഉണ്ടായ സംഭവങ്ങളും ബന്ധപ്പെട്ട കേസുകളും ട്രൈബ്യൂണല്‍ വിശദമായി പരിശോധിക്കും. 1949 ല്‍ രൂപംകൊണ്ട അവാമിലീഗാണ് 1971-ലെ വിമോചനയുദ്ധത്തിനും നേതൃത്വം നല്‍കിയത്.