മുൻ കാമുകിയുടെ കുളിമുറിയിൽ ഒളിച്ചിരുന്ന യുവാവ് പിടിയിൽ. 25 വയസുള്ള ജാക്‌സൺ കൊളം ആർനോൾഡ് എന്ന യുവാവിനെയാണ് പൊലീസ് പിടികൂടിയത്. അമേരിക്കയിലെ സൗത്ത് കരോലിനയിൽ ശനിയാഴ്ച്ച രാത്രിയോടെയാണ് സംഭവം നടന്നത്. ജെയിംസ് ഐലൻഡിലെ വെസ്റ്റ്‌വേ ഡ്രൈവിലുള്ള യുവതിയുടെ വീട്ടിലാണ് ജാക്സൺ അതിക്രമിച്ചു കയറിയത്. യുവതി ഇല്ലാത്ത സമയത്ത് ഇയാൾ മുഖം മൂടി ധരിച്ച് യുവതിയുടെ മുറിയിലെ കുളിമുറിക്കുള്ളിൽ കത്തിയുമായി ഒളിച്ചിരിക്കുകയായിരുന്നു.
യുവതി കുളിക്കാൻ എത്തിയ സമയം ഇയാൾ പെട്ടെന്ന് യുവതിക്ക് മേൽ ചാടിവീഴുകയായിരുന്നു. എന്നാൽ ഉടൻ തന്നെ യുവതി ഇയാളെ തിരിച്ച് ആക്രമിച്ച് കീഴ്പ്പെടുത്തി. ശേഷം ബലം പ്രയോഗിച്ച് മുഖം മൂടി വലിച്ച് മാറ്റുകയായിരുന്നു. തന്റെ മുൻ കാമുകനാണ് അറിഞ്ഞതോടെ യുവതി ബഹളം വെച്ച് പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. പൊലീസ് എത്തുമ്പോൾ ജീൻസ് മാത്രം ധരിച്ച് വീടിനുള്ളിൽ നിൽക്കുകയായിരുന്നു ജാക്സൺ. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മാനസികസമ്മർദ്ദം കുറയ്ക്കാനായാണ് താൻ പ്രാങ്ക് എന്ന നിലയിൽ കുളിമുറിയിൽ ഒളിച്ചിരുന്നതെന്നാണ് യുവാവ് പൊലീസിന് മൊഴി നൽകിയത്.