ഷെയ്ഖ് ഹസീന വീണ്ടും ബംഗ്ലാദേശ് പ്രധാനമന്ത്രിയാവാനുള്ള സാധ്യത തെളിയുന്നുവെന്ന് യുഎസ്എ അവാമിലീഗ് നേതാവ് റാബി ആലം. നില്‍ക്കക്കള്ളിയില്ലാതായ നേതാവിന് അഭയം നല്‍കിയതുള്‍പ്പെടെയുള്ള സഹായസഹകരണങ്ങള്‍ക്ക് ഇന്ത്യയോട് നന്ദി പറയുന്നുവെന്നും ആലം എഎന്‍ഐ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു. കടുത്ത രാഷ്ട്രീയ പ്രതിസന്ധിക്കിടെയാണ് ഷെയ്ഖ് ഹസീനയ്ക്ക് രാജ്യം വിടേണ്ടി വന്നത്, ആ സാഹചര്യത്തില്‍ ഒരു മടിയും കൂടാതെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഹസീനയെ സ്വീകരിച്ചത്, പാര്‍ട്ടിയും രാജ്യവും എന്നും നന്ദിയുള്ളവരായിരിക്കുമെന്നും ആലം വ്യക്തമാക്കുന്നു.
ഷെയ്ഖ് ഹസീനയുടെ വലംകയ്യായ നേതാവാണ് റാബി ആലം. ഹസീനയുടെ രാഷ്ട്രീയ തിരിച്ചുവരവ് അധികം വൈകാതെ തന്നെ സാധ്യമാകുമെന്നും ആലം പ്രത്യാശ പ്രകടിപ്പിക്കുന്നു. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാറിനെ ഉടന്‍ തന്നെ പിരിച്ചുവിടപ്പെടണമെന്നും ഹസീന അധികാരത്തിലെത്തുമെന്നും ആലം പറഞ്ഞു. രാജ്യത്തെ യുവജനതയ്ക്ക് ഒരു തെറ്റുപറ്റി, അവരെ കുറ്റം പറയാനാവില്ല, തെറ്റിദ്ധാരണകളിലൂടെ യുവാക്കളുടെ മനസ് മാറ്റിയതാണെന്നും ആലം.
ബംഗ്ലാദേശ് വളരെ മോശം സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും രാജ്യാന്തരശ്രദ്ധ ബംഗ്ലാദേശിനുമേല്‍ ആവശ്യമാണെന്നും അവാമിലീഗ് നേതാവ് വ്യക്തമാക്കുന്നു. രാഷ്ട്രീയ പ്രക്ഷോഭം സ്വാഭാവികമാണെന്നും ബംഗ്ലാദേശില്‍ സംഭവിച്ചത് പക്ഷേ തീവ്രവാദ പ്രക്ഷോഭമാണെന്നും ആലം. രാഷ്ട്രീയ അനിശ്ചിതാവസ്ഥകളില്‍ ഞങ്ങളുടെ പല നേതാക്കള്‍ക്കും ഇന്ത്യ ആശ്രയവും അഭയവും നല്‍കിയിട്ടുണ്ട്, പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും ഇന്ത്യന്‍ ജനതയോടും തങ്ങളുടെ സ്നേഹം അറിയിക്കുന്നെന്നും ആലം വ്യക്തമാക്കുന്നു.
Google trending topic- bangladesh awami league leader thanks india