Image Credit: X/@the_tech_writer
കുപ്രസിദ്ധനായ സീരിയല്‍ കില്ലര്‍ റോബര്‍ട്ട് മൗഡ്സ്ലി ജയിലില്‍ നിരാഹാരസമരത്തില്‍. 'നരഭോജിയായ ഹാനിബള്‍' എന്ന പേരില്‍ കുപ്രസിദ്ധനായ പ്രതിയാണ് ജയിലില്‍ നിരാഹാര സമരം തുടങ്ങിയത്. 1983 മുതൽ വെസ്റ്റ് യോർക്ക്ഷെയറിലെ വേക്ക്ഫീൽഡ് ജയിലില്‍ ഏകാന്ത തടവില്‍ കഴിയുന്ന റോബര്‍ട്ടിന്‍റെ പ്ലേ സ്റ്റേഷനും ടിവിയും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ മാറ്റിയതിനു പിന്നാലെയാണ് ഇയാള്‍ നിരാഹാര സമരത്തിലേക്ക് കടന്നത്.
റോബര്‍ട്ടിന്‍റെ സഹോദരനായ പോള്‍ മൗഡ്സ്ലിയാണ് ഇ വിവരം പുറത്തുവിട്ടത്. തന്‍റെ സഹോദരന്‍ സാധാരണ മാന്യമായാണ് പെരുമാറാറുള്ളതെന്നും എന്നാല്‍ അവന്‍റെ പുസ്തകങ്ങളും മ്യൂസിക് സിസ്റ്റവും പൊലീസ് ഉദ്യോഗസ്ഥര്‍ എടുത്തുമാറ്റിയതോടെയാണ് നിരാഹാര സമരത്തിലേക്ക് കടന്നതെന്നും പോള്‍ പറഞ്ഞതായി മിറര്‍ യു.കെ റിപ്പോര്‍ട്ട് ചെയ്യുന്നു.
തോക്ക് കള്ളക്കടത്ത് നടക്കുന്നു എന്ന സംശയത്തെ തുടര്‍ന്നാണ് ജയിലില്‍ വ്യാപക പരിശോധന നടന്നത്. റോബര്‍ട്ടിനെ ഈ സമയത്ത് ജയിലില്‍ നിന്നും മാറ്റി. പരിശോധനയ്ക്ക് ശേഷം റോബര്‍ട്ട് തിരിച്ചെത്തിയപ്പോഴേക്കും ടിവി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ജയിലില്‍ നിന്നും മാറ്റിയിരുന്നു. തന്‍റെ സഹോദരന്‍റെ സാധനങ്ങള്‍ എടുത്തുകൊണ്ടുപോയത് ശരിയായില്ലെന്നും ഒന്നും ചെയ്യാനില്ലെങ്കില്‍ അവന് ഭ്രാന്താകുമെന്നും സഹോദരന്‍ പറഞ്ഞു. 70 കഴിഞ്ഞ റോബര്‍ട്ട് ആഹാരമില്ലാതെ എങ്ങനെ ജീവിക്കുമെന്ന് അറിയില്ല. തന്‍റെ സാധനങ്ങളൊന്നും തിരികെ കൊണ്ടുവരുന്നതുവരെ ആഹാരം കഴിക്കില്ലെന്ന് റോബര്‍ട്ട് പ്രതിജ്ഞ എടുത്തതായും പോള്‍ പറഞ്ഞു.
ഏകാന്ത തടവിനുള്ള ലോക റെക്കോര്‍ഡ് നേടിയ പ്രതിയാണ് റോബര്‍ട്ട് മൗഡ്സ്ലി. 46 വര്‍ഷമായി ഇയാള്‍ ഏകാന്ത തടവിലാണ്. 1974ല്‍ 21ാം വയസിലാണ് ആദ്യമായി കൊലപാതക കുറ്റത്തിന് റോബര്‍ട്ട് ജയിലിലാവുന്നത്. കുട്ടികളെ ഉപദ്രവിച്ചതിന് ശിക്ഷിക്കപ്പെട്ട പ്രതിയെ ആണ് ഇയാള്‍ ആദ്യമായി കൊലപ്പെടുത്തിയത്. നാല് വര്‍ഷത്തിന് ശേഷം ഇരട്ടക്കൊലപാതകത്തിന് ജീവപര്യന്തം അനുഭവിക്കുമ്പോള്‍ വേക്ക്ഫീല്‍ഡ് ജയിലിലുള്ള രണ്ട് തടവുകാരെ ഇയാള്‍ കൊലപ്പെടുത്തി. ബലാല്‍സംഗത്തിനും കുട്ടികളെ ബലാല്‍സംഗം ചെയ്തതിനും ശിക്ഷിക്കപ്പെട്ട പ്രതികളെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. ബ്രിട്ടണിലെ ഏറ്റവും അപകടകാരിയായ തടവുകാരന്‍ എന്ന വിശേഷണത്തോടെ അന്നു മുതല്‍ റോബര്‍ട്ട് ഏകാന്ത തടവിലാണ്. ജയില്‍ സ്റ്റാഫോ ബാര്‍ബറോ പോലും ഇയാളുടെ സെല്ലിലേക്ക് ഒറ്റയ്ക്ക് കേറാന്‍ തയാറാവാറില്ല. 18 അടി നീളവും 15 അടി വീതിയുമുള്ള ഒരു ഗ്ലാസ് സെല്ലിലാണ് കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി അദ്ദേഹം ജീവിക്കുന്നത്.