തിരോധാനക്കേസുകളിൽ കോട്ടയം ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുളള ആലപ്പുഴ പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യനുമായി അടുപ്പമുള്ള കൂടുതൽ പേരെ ബ്രാഞ്ച് ചോദ്യം ചെയ്യുന്നു. സെബാസ്റ്റ്യന്റെ ഭാര്യയെ കോട്ടയം ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തു. കേസിൽ നിർണായക വഴിത്തിരിവ് ആകുന്ന ഡിഎൻഎ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ് അന്വേഷണസംഘം. സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടിൽ ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാർ ഉപയോഗിച്ചുള്ള പരിശോധന ആലപ്പുഴ ക്രൈം ബ്രാഞ്ച് സംഘത്തിന്റെ നേതൃത്വത്തിൽ തുടരുകയാണ്.
ഏറ്റുമാനൂർ സ്വദേശിനി ജെയ്നമ്മയെ കാണാതായ കേസിൽ ജൂലൈ 29ന് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ആലപ്പുഴ പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യൻ ഇന്നേവരെ കൊലപാതകം സമ്മതിക്കാൻ തയാറാകാതെ അന്വേഷണ സംഘത്തെ വട്ടം കറക്കുകയാണ്. പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ നിന്ന് ലഭിച്ച ശരീര അവശിഷ്ടങ്ങൾ ആരുടേതാണെന്ന് പോലും വ്യക്തമല്ല. വസ്ത്രങ്ങളുടെ ഭാഗം, കൊന്ത, ക്ലിപ്പിട്ട പല്ല് എന്നിവയൊക്കെ തെളിവെടുപ്പിൽ ലഭിച്ചിരുന്നു. ആലപ്പുഴയിൽ നിന്ന് കാണാതായ ഐഷ , ബിന്ദു എന്നിവരുടെ ശരീര അവശിഷ്ടങ്ങൾ ആണോയെന്നും അന്വേഷിക്കുന്നു. ഡിഎൻഎ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ് അന്വേഷണസംഘം.
കോട്ടയം ക്രൈംബ്രാഞ്ച് ഇതിനോടകം 25ലധികം പേരെ ചോദ്യം ചെയ്ത് വിവരങ്ങൾ ശേഖരിച്ചു. സെബാസ്റ്റ്യന്റെ ഭാര്യയെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തു. ഇത്തരം ക്രൂരകൃത്യങ്ങൾ ചെയ്യുന്ന ആളല്ല സെബാസ്റ്റ്യൻ എന്നാണ് സെബാസ്റ്റ്യൻ ഭാര്യ ഉദ്യോഗസ്ഥരോട് പറഞ്ഞത്. സെബാസ്റ്റ്യന്റെ സുഹൃത്തായ റോസമ്മയെ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഏറ്റുമാനൂർ സ്വദേശിനി ജെയ്നമ്മയുടെ മൊബൈൽ ഫോൺ റീചാർജ് ചെയ്ത ഈരാറ്റുപേട്ടയിലെ കടയിലെത്തിച്ച് സെബാസ്റ്റ്യനെ തെളിവെടുക്കാനും സാധ്യതയുണ്ട്.
ജെയ്നമ്മയുടെ മൊബൈൽ ഫോൺ കഴിഞ്ഞ മാസം ഈരാറ്റുപേട്ടയിൽ റീചാർജ് ചെയ്തതാണ് തിരോധാനക്കേസുകളിൽ സെബാസ്റ്റ്യനെ പിടികൂടുന്നതിലേക്ക് എത്തിച്ചത്. അലപ്പുഴ പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ ഗ്രൗണ്ട് പെനിട്രേറ്റിങ്ങ് റഡാർ ഉപയോഗിച്ച് ആലപ്പുഴ ക്രൈം ബ്രാഞ്ച് സംഘം പരിശോധന തുടരുകയാണ്. തിരുവനന്തപുരം ഭൗമ ശാസ്ത്ര ഗവേഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരാണ് റഡാർ ഉപയോഗിച്ചുള്ള പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്. മൂന്നാം തവണയാണ് പള്ളിപ്പുറത്തെ പരിശോധന.