അക്ഷോഭ്യനാണ്, അന്വേഷണത്തോട് നിസഹകരണം മാത്രം. സി.എം.സെബാസ്റ്റ്യന്‍ കൊലപാതകിയെന്നും അതിനുമപ്പുറം സീരിയല്‍ കില്ലറെന്നും ഉറപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് പൊലീസ്. പള്ളിപ്പുറത്തെ വീട്ടുവളപ്പ് അരിച്ചുപെറുക്കിയുള്ള അന്വേഷണം. കണ്ടെത്തിയ അസ്ഥികൂടഭാഗങ്ങള്‍ക്കും ബാഗിനും കൊന്തയ്ക്കുമപ്പുറം തെളിവുകള്‍ തേടുകയാണ് അന്വേഷണസംഘം. ഡി.എന്‍.എ പരിശോധനാ ഫലത്തിന് മുന്‍പേ പരമാവധി തെളിവുകള്‍ ശേഖരിക്കാന്‍, ചുരുളഴിയാതെ കിടന്ന കേസുകളുടെ മുറിഞ്ഞുപോയ കണ്ണികള്‍ കൂട്ടിക്കെട്ടാന്‍ അന്വേഷണസംഘം കിണഞ്ഞുശ്രമിക്കുകയാണ്. ഇതിനിടെ ദൂരുഹതകളേറ്റുന്ന ചില വെളിപ്പെടുത്തലുകളും.
മൂന്ന് സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ് സി.എം.സെബാസ്റ്റ്യന്‍ സംശയനിഴലില്‍ നില്‍ക്കുന്നത്. മൂന്നുപേരും കൊല്ലപ്പെട്ടുവെന്നുതന്നെയാണ് അന്വേഷണസംഘത്തിന്‍റെ വിലയിരുത്തലും. സെബാസ്റ്റ്യന്‍റെ ആലപ്പുഴ പള്ളിപ്പുറത്തെ വീട്ടുവളപ്പില്‍ നടത്തിയ പരിശോധനകളത്രയും വിരല്‍ ചൂണ്ടുന്നതും ആ നിഗമനത്തിലേക്ക് തന്നെയാണ്. ഇന്നലെ നടത്തിയ പരിശോധനയില്‍ വീട്ടുവളപ്പില്‍നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ അസ്ഥികളും വസ്ത്രഭാഗങ്ങളും, ബാഗും, കൊന്തയും കണ്ടെത്തി. കുളിമുറിയില്‍നിന്ന് രക്തക്കറയും. ഇതെല്ലാം ആരുടേതെന്ന് തെളിയിക്കണമെങ്കില്‍ ശാസ്ത്രീയ പരിശോധനാഫലം വരണം. അസ്ഥികളുടെ ഡി.എന്‍.എ പരിശോധനാഫലം വൈകുമെന്നതിനാല്‍ കസ്റ്റഡി കാലാവധി കഴിയുന്നതിനു മുൻപ് സ്ത്രീകളുടെ തിരോധാന കേസുകളിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ നീക്കം. കാണാതായ ജെയ്നമ്മയുടെ മൊബൈൽ ഫോൺ സെബാസ്റ്റ്യൻ റീചാർജ് ചെയ്ത ഈരാറ്റുപേട്ടയിലെ കടയിൽ എത്തിച്ചും തെളിവെടുക്കും. സെബാസ്റ്റ്യന്‍റെ ഭാര്യയിൽ നിന്നും മൊഴിയെടുക്കും.
സെബാസ്റ്റ്യന്‍റെ ചേര്‍ത്തലയിലെ ഉറ്റസുഹൃത്തിന്‍റെ മരണത്തിലും ദുരൂഹതയെന്നാണ് പുതിയ വിവരം. ഓട്ടോ ഡ്രൈവറായ മനോജ് 2018 ലാണ് ആത്മഹത്യ ചെയ്തത്. ബിന്ദു പത്മനാഭന്‍ തിരോധാന കേസിൽ മനോജിനെ ചോദ്യം ചെയ്തിരുന്നു. സെബാസ്റ്റ്യനും ബിന്ദുവും സഞ്ചരിച്ചിരുന്നത് മനോജിന്‍റെ ഓട്ടോയിലാണ്. ബാഗിൽ നോട്ടുമായി പോയതിലും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലിനെത്തേണ്ട ദിവസമാണ് മനോജ് തൂങ്ങിമരിച്ചത്. മനോജിന്‍റെ മരണത്തിൽ കാര്യമായ അന്വേഷണം നടന്നില്ല. മനോജ് ഓട്ടോയിൽ കൊണ്ടുപോയ പണം ആരുടേതാണെന്നും അന്വേഷിച്ചില്ല.
സമാന സ്വഭാവമുള്ളവയായതിനാൽ സ്ത്രീകളുടെ തിരോധാന കേസുകൾ പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിന്ദു പദ്മനാഭൻ ആക്ഷൻ കൗൺസിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി. ഐഷ തിരോധാനക്കേസില്‍ ദുരൂഹതയേറ്റി അയല്‍വാസി റോസമ്മയുടെ പ്രതികരണവും ഇതിനിടെ വന്നു. ഐഷയെ കാണാതായ ദിവസം താന്‍ പള്ളിപ്പുറം പള്ളിയില്‍ കുര്‍ബാനയ്ക്ക് പോയെന്നും ഐഷയ്ക്ക് എന്തോ അബദ്ധം പറ്റിയതാകാമെന്നും റോസമ്മ മനോരമ ന്യൂസിനോട് വെളിപ്പെടുത്തി. ഐഷ കൂടപ്പിറപ്പിനെ പോലയെന്ന് അവകാശപ്പെട്ട റോസമ്മയ്ക്ക് ഐഷയെ കാണാതായ വര്‍ഷമടക്കമുള്ള കാര്യങ്ങളില്‍ വ്യക്തമായ മറുപടിയില്ല. സ്ഥലമിടപാടുമായി ബന്ധപ്പെട്ട സെബാസ്റ്റ്യനെ ക്രൂരനായി തോന്നിയിട്ടില്ലെന്നും ഫ്രോഡാണെന്ന് അറിഞ്ഞിരുന്നുവെന്നും റോസമ്മ മനോരമ ന്യൂസിനോട് പ്രതികരിച്ചു.
സെബാസ്റ്റ്യന്‍റെ സാമ്പത്തിക ഇടപാടുകളിലും അന്വേഷണം പുരോഗമിക്കുകയാണ്. സ്ഥലം ഇടപാടിൽ ലഭിക്കുന്ന പണം സെബാസ്റ്റ്യൻ നിക്ഷേപിക്കുന്നത് സഹകരണ ബാങ്കുകളിലാണ് . ഇത്തരത്തില്‍ പണം നിക്ഷേപിച്ച കുത്തിയതോട്ടിലെ സഹകരണ ബാങ്കിൽ നിന്ന് 1.25 കോടി രൂപയും വാരനാട് സഹകരണ ബാങ്കിൽ നിന്ന് 40 ലക്ഷം രൂപയും പിൻവലിച്ചു. പണം എന്തിനു വേണ്ടി ഉപയോഗിച്ചുവെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.
സീരിയല്‍ കില്ലര്‍ എന്ന നിലയില്‍ മലയാളികളെ ഞെട്ടിച്ചവരുടെ കൂട്ടത്തിലേക്ക് സെബാസ്റ്റ്യനും നടന്നു കയറുന്നുവോ. സെബാസ്റ്റ്യന്‍ സീരിയല്‍ കില്ലറെങ്കില്‍ അയാള്‍ എത്രപേരെ കൊലപ്പെടുത്തി. എങ്ങിനെ കൊന്നു? അയല്‍വാസികള്‍ക്കുപോലും കാര്യമായ സംശയത്തിനിട നല്‍കാതെ മൃതദേഹങ്ങള്‍ മറവുചെയ്തതെങ്ങനെ? ഇരകളുടെ സ്വത്ത് തട്ടിയെടുത്തത് എങ്ങിനെ? സെബാസ്റ്റ്യന് കൂട്ടാളികള്‍ ഉണ്ടോ? ചോദ്യങ്ങള്‍ നിരവധിയാണ്.