മലയാളം ഒടിടി ചരിത്രത്തില്‍ പുതിയ അധ്യായം ഏഴുതിച്ചേര്‍ത്ത് മനോരമ മാക്സ്. ഒരു കലണ്ടര്‍ വര്‍ഷം 100 സിനിമകള്‍ സ്ട്രീം ചെയ്തുകൊണ്ടാണ് മലയാളത്തിലെ ഏറ്റവും വലിയ ഒടിടി പ്ലാറ്റ്ഫോം ചരിത്രത്തില്‍ ഇടംപിടിച്ചത്. ഇതോടെ മാക്സ് സ്വന്തമാക്കിയ സിനിമകളുടെ എണ്ണം 500 കടന്നു. ജനുവരിയില്‍ 'ഐ ആം കാതലന്‍', 'പഞ്ചവല്‍സര പദ്ധതി', 'ഗഗനാചാരി' തുടങ്ങി 9 ഹിറ്റുകള്‍ റിലീസ് ചെയ്തായിരുന്നു തുടക്കം. പിന്നീടങ്ങോട്ട് ഓരോ മാസവും പുത്തന്‍ ടൈറ്റിലുകള്‍ മാക്സിന്‍റെ കണ്ടന്‍റ് ലൈബ്രറിയുടെ ഭാഗമായി. ഒടുവില്‍ നവംബറില്‍ ‘ഷെയ്ഡ്സ് ഓഫ് ലൈഫ്’ റിലീസ് ചെയ്തതോടെ 100 ടൈറ്റിലുകള്‍ എന്ന നാഴികക്കല്ലും പിന്നിട്ടു.
മലയാളസിനിമയുടെ വൈവിധ്യവും സമ്പുഷ്ടിയും എല്ലാ അര്‍ഥത്തിലും ആഘോഷിക്കുകയാണ് മനോരമ മാക്സ്. ഈ പ്രതിബദ്ധതയാണ് ഒരു വര്‍ഷം 100 സിനിമകള്‍ എന്ന വമ്പന്‍ നേട്ടത്തിലേക്ക് മാക്സിനെ നയിച്ചത്. പ്രേക്ഷകര്‍ നെഞ്ചോടുചേര്‍ത്ത അനേകം സൂപ്പര്‍ ഹിറ്റുകള്‍ അടക്കം ഈ കാലയളവില്‍ മാക്സിലൂടെ പ്രേക്ഷകര്‍ക്കുമുന്നിലെത്തി. അവയില്‍ ചിലത് ഇതാ...
ഐ ആം കാതലന്‍
കേരളം മുഴുവന്‍ ചര്‍ച്ച ചെയ്ത കാഴ്ചക്കാരെ മുള്‍മുനയില്‍ നിര്‍ത്തിയ സൈബര്‍ ത്രില്ലര്‍. യുവ സൂപ്പര്‍താരം നസ്‍ലനെ നായകനാക്കി ‘പ്രേമലു’ സംവിധായകന്‍ ഗിരീഷ് എ.ഡി അണിയിച്ചൊരുക്കിയ ചിത്രം.
പൈങ്കിളി
പ്രായഭേദമെന്യേ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ റൊമാന്‍റിക് കോമഡി ചിത്രം. സജിന്‍ ഗോപുവും അനശ്വര രാജനും അനശ്വരമാക്കിയ ഹിറ്റ്.
ഹണ്ട്
ഭാവനയെ നായികയാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം. പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ഹൊറര്‍ ജോണറില്‍പ്പെട്ട ഇന്‍വെസ്റ്റിഗേറ്റിവ് ത്രില്ലര്‍.
ആസാദി
സമകാലിക സാമൂഹ്യപ്രശ്നങ്ങളില്‍ ഊന്നിയുള്ള ജോ ജോര്‍ജിന്‍റെ ഹിറ്റ് ചിത്രം. ശ്രീനാഥ് ഭാസിയും ലാലും സൈജു കുറുപ്പും വാണി വിശ്വനാഥുമടക്കം വമ്പന്‍ താരനിര.
മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ചിലര്‍
ആദ്യന്തം ചിരിയുടെ പെരുമഴ പെയ്യിച്ച റൊമാന്‍റിക് കോമഡി. ഇന്ദ്രജിത് സുകുമാരനും അനശ്വര രാജനും മുഖ്യകഥാപാത്രങ്ങളായ ചിത്രം രസകരമായ അവതരണരീതി കൊണ്ട് തിയറ്ററുകളെയും രസിപ്പിച്ചു.
വ്യസനസമേതം ബന്ധുമിത്രാദികള്‍
അനശ്വര രാജന്‍ നായികയായ മറ്റൊരു കോമഡി ഹിറ്റ്. വ്യത്യസ്തമായ പ്രമേയവും നൂതനമായ ആഖ്യാനവും നിരൂപകരുടെയും പ്രശംസ നേടി.
സംശയം
വിനയ് ഫോര്‍ട്ടും ലിജോമോള്‍ ജോസും ഷറഫുദീനും തകര്‍ത്തഭിനയിച്ച ഫാമിലി ഡ്രാമ. തിയറ്ററിലും മികച്ച അഭിപ്രായം നേടിയ ചിത്രം.
സര്‍ക്കീട്ട്
അത്യന്തം സാമൂഹിക പ്രസക്തമായ ഒരു വിഷയത്തിന്‍റെ (ADHD) ഹൃദയം തൊടുന്ന സിനിമാഖ്യാനം. ആസിഫ് അലിയുടെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്ന്. യുവാക്കള്‍ ഏറ്റെടുത്ത ചിത്രം.
കലാമൂല്യവും ആസ്വാദ്യതയും ഉറപ്പാക്കി എല്ലാ തലമുറകള്‍ക്കും ഇഷ്ടപ്പെടുന്ന വൈവിധ്യമാര്‍ന്ന ശൈലികളിലുള്ള മികച്ച സിനിമകള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്ന മനോരമ മാക്സിന്‍റെ ദൗത്യം പ്രതിഫലിപ്പിക്കുന്നതാണ് റിലീസ് ചെയ്യുന്ന ചിത്രങ്ങളുടെ പട്ടിക. ഇക്കാര്യത്തില്‍ എം.എം.ടി.വി ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ പി.ആര്‍.സതീഷ് പറയുന്നത് ഇങ്ങനെ – ‘പൂര്‍ണമായും മലയാളം കണ്ടന്‍റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഞങ്ങളുടെ നിലപാടിന്‍റെ ഏറ്റവും മികച്ച തെളിവാണ് ഒരുവര്‍ഷം നൂറ് സിനിമകളുടെ റിലീസ്. ഓരോ മലയാളിക്കും ഒപ്പംചേര്‍ന്ന് ആസ്വദിക്കാന്‍ കഴിയുന്ന അര്‍ഥപൂര്‍ണമായ വിനോദം എന്ന വാഗ്ദാനത്തിന് കരുത്തുപകരുന്നതാണ് 2025ലെ ഓരോ റിലീസും.’
കേരളത്തിലും പുറത്തും മനോരമ മാക്സിന്‍റെ സബ്സ്ക്രിപ്ഷനില്‍ ഈ വര്‍ഷവും വലിയ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. കൂടുതല്‍ സിനിമകള്‍, കൂടുതല്‍ മാക്സ് ഒറിജിനലുകള്‍, വെബ് സീരിസുകള്‍ എല്ലാം 2026ല്‍ മനോരമ മാക്സ് ഉപയോക്താക്കളെ കാത്തിരിപ്പുണ്ട്. 2025നെക്കാള്‍ ആവേശകരമായ ഒരു വര്‍ഷമാണ് വരാനിരിക്കുന്നത് എന്ന് ചുരുക്കം.
സിനിമകളും ഒറിജിനലുകളും മാത്രമല്ല, സീരിയലുകള്‍ അടക്കം മഴവില്‍ മനോരമ ചാനല്‍ സംപ്രേഷണം ചെയ്യുന്ന എല്ലാ പരിപാടികളും മനോരമ മാക്സില്‍ ലഭ്യമാണ്. അവയില്‍ ചിലത് ചാനലില്‍ സംപ്രേഷണം ചെയ്യുംമുന്‍പുതന്നെ മാക്സ് പ്രേക്ഷകര്‍ക്ക് കാണാം. ഒപ്പം മനോരമ ന്യൂസിന്‍റെ ലൈവ് സ്ട്രീമിങ്, മനോരമന്യൂസ് ചാനല്‍ സംപ്രേഷണം ചെയ്യുന്ന എല്ലാ പ്രധാന ഷോകളും മാക്സിലുണ്ട്. അതായത് ഇന്ത്യയില്‍ത്തന്നെ ഒരു ഒടിടി പ്ലാറ്റ്ഫോമിനും നല്‍കാന്‍ കഴിയാത്ത കണ്ടന്‍റ് വൈവിധ്യം. മാക്സ് തുറന്നാല്‍ പിന്നെ മറ്റൊന്നും വേണ്ട എന്ന് ചുരുക്കം!
മാക്സ് ഒറിജിനല്‍സ് ഒന്നുവേറെ തന്നെയാണെന്ന് പറയേണ്ടതില്ലല്ലോ. ‘കപ്ലിങ്’ ആണ് ഏറ്റവും പുതിയ ഒറിജിനല്‍ സീരിസ്. രസകരമായ റൊമാന്‍റിക് കോമഡി സീരിസാണ് ‘കപ്ലിങ്.’ മേനക, സോള്‍ സ്റ്റോറീസ്, ഹെര്‍ തുടങ്ങി പ്രേക്ഷകര്‍ ഏറ്റെടുത്ത മറ്റ് ഒറിജിനല്‍സും മാക്സില്‍ ലഭ്യമാണ്.
2019ലാണ് മലയാളത്തിലെ ആദ്യ ഒടിടി പ്ലാറ്റ്ഫോം – മനോരമ മാക്സ് ലോഞ്ച് ചെയ്തത്. മലയാളം കണ്ടന്‍റ് മാത്രമുള്ള ഏറ്റവും വലിയ ഒടിടി പ്ലാറ്റ്ഫോം എന്ന വിശേഷണം അന്നും ഇന്നും മാക്സിന് മാത്രം സ്വന്തം. ഒരു കലണ്ടര്‍ വര്‍ഷം നൂറ് സിനിമകള്‍ എന്ന നേട്ടം ആഘോഷിക്കുമ്പോള്‍ മലയാള സിനിമയുടെ ഡിജിറ്റല്‍ ഹോം ആയി നിലകൊള്ളുകയാണ് മനോരമ മാക്സ്. മലയാള സിനിമയുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുകയും വര്‍ത്തമാനത്തെ ആഘോഷിക്കുകയും ഭാവിയെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന കുടുംബം!