പഴയ പാട്ടുകള്‍ പുതിയ സിനിമകളില്‍ ചേര്‍ക്കുന്ന ട്രെന്‍ഡ് പലപ്പോഴും ആസ്വാദകരുടെ ഹൃദയം കവരാറുണ്ട്. എന്നാല്‍ പലപ്പോഴും സാഹചര്യങ്ങള്‍ക്ക് ചേരാത്ത പാട്ട് ഉപയോഗിക്കാറുണ്ട് എന്നതാണ് ഒരു സത്യം. മാസ്സ് സീനിന് റൊമാന്‍റിക്ക് പാട്ട് ചേര്‍ക്കുന്ന അവസ്ഥ. ഇത്തരത്തില്‍ ധുരന്ധര്‍ സിനിമയ്ക്കായി തന്‍റെ പാട്ട് ഉപയോഗിച്ചതില്‍ വേദന പങ്കുവച്ചിരിക്കുകയാണ് ഗാനരചയിതാവായ സമീര്‍ അഞ്ജാന്‍. സിനിമാ നിരൂപകനായ കോമള്‍ നഹ്തയുടെ പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് സമീര്‍ തന്‍റെ മനസ് തുറന്നത്. 

ധുരന്ധറില്‍ സമീര്‍ എഴുതിയ ‘ഹം പ്യാര്‍ കര്‍നെ വാലെ’ എന്ന ഗാനം ഉപയോഗിച്ചിരുന്നു. 1990ലെ ആമിര്‍ ഖാന്‍, മാധുരി ദീക്ഷിത് ഹിറ്റ് ചിത്രമായ ദില്ലിലെ പാട്ടായിരുന്നു ഇത്. എന്നാല്‍ ഇതേ പാട്ട് റീമിക്സ് ചെയ്ത് ഫൈറ്റ് സീനിനായിരുന്നു ധുരന്ധര്‍ ഉപയോഗിച്ചത്. ഇതിനെതിരെയാണ് സമീര്‍ രംഗത്തുവന്നത്. ‘പാട്ടുകള്‍ക്ക് ഇന്ന് അര്‍ഥമില്ലാതായി, ആളുകള്‍ക്ക് പാട്ടുകള്‍ ആസ്വദിക്കാനുള്ള ആഴമോ വികാരങ്ങളോ ഇല്ലാതായിക്കഴിഞ്ഞു. ഇന്നത്തെ കാലത്ത് സിനിമകളില്‍ ആളുകള്‍ക്ക് സെക്സും വയലന്‍സുമാണ് കാണാന്‍ താല്‍പര്യം, പാട്ടുകള്‍ ഒരു വശത്തായി മാറി’ എന്നും സമീര്‍ പറഞ്ഞു.

പണ്ട് കാലത്ത് പാട്ടുകള്‍ക്ക് സംവിധായകരും നിര്‍മാതാക്കളും അഭിനേതാക്കളും വരെ ഏറെ പ്രാധാന്യം നല്‍കിയിരുന്നു. ‘കുച്ച് കുച്ച് ഹോത്താ ഹെ’ എന്ന സിനിമയ്ക്ക് പാട്ട് എഴുതി നല്‍കുന്നതിനായി സംവിധായകനായ കരണ്‍ ജോഹര്‍ തന്നോട് ആറ് മണിക്കൂറാണ് സീന്‍ വിവരിച്ച് തന്നെതെന്ന് സമീര്‍ ഓര്‍ത്തു. ഷാരൂഖ് ഖാനും കാജോളും പാട്ടില്‍ ധരിക്കാന്‍ പോകുന്ന വസ്ത്രങ്ങളെക്കുറിച്ച് വരെ കരണ്‍ വിവരിച്ചത് സമീര്‍ വിസ്മരിച്ചു. 

നിലവിലെ സിനിമകളില്‍ പാട്ട് തിരുകി കയറ്റുക എന്നതാണ് രീതി. പാട്ടുകള്‍ ചെയ്യാനായി 12 സംഗീതസംവിധായകരെ വരെ ഒരു സിനിമയ്ക്ക് ഉപയോഗിക്കും എന്നാല്‍ എന്തെങ്കിലും പാട്ട് കിട്ടിയാല്‍ മതി എന്നുള്ള ചിന്താഗതിയാണ് സംവിധായകര്‍ക്ക് അവര്‍ക്ക് പാട്ടിന്‍റെ സാഹചര്യം ആവശ്യമില്ലെന്നും സമീര്‍ പറഞ്ഞു. 

ചില പാട്ടുകള്‍ പുതുക്കി വരുന്നത് സന്തോഷം നല്‍കാറുണ്ട്. തന്‍റെ ഗാനമായ ‘ദില്‍ബര്‍’ പുതുക്കിയത് തനിക്ക് ഏറെ ഇഷ്ടമായി. ജെന്‍ സി പാട്ട് ഏറ്റെടുത്തതും താന്‍ ആസ്വദിച്ചു. എന്നാല്‍ ചില പാട്ടുകളില്‍ പുതിയ വരികളും സംഗീതവും നല്‍കുന്നത് ഒറിജിനലിലെ അപമാനിക്കലാണെന്നും സമീര്‍ കൂട്ടിച്ചേര്‍ത്തു. 

ധുരന്ധറിലെ അക്രമ സീനുകളില്‍ സാധാരണ പാട്ടുകള്‍ തിരുകിക്കയറ്റുന്നതിനെതിരെ രൂക്ഷമായാണ് സമീര്‍ പ്രതികരിച്ചത്. തന്‍റെ പാട്ടിനെ നശിപ്പിക്കുകയാണ് നിര്‍മാതാക്കള്‍ ചെയ്തതെന്ന് സമീര്‍ പറഞ്ഞു. തന്‍റെ പിതാവല്ല ബോളിവുഡ് ഇന്‍ഡസ്ട്രി ഭരിക്കുന്നത്. അതുകൊണ്ട് താന്‍ പറഞ്ഞാലൊന്നും അവര്‍ കേള്‍ക്കാന്‍ പോകുന്നില്ല, എല്ലാ പാട്ടുകളും അവര്‍ നശിപ്പിക്കട്ടെ എന്നിട്ട് അവസാനം പാട്ടുകളില്ലാത്ത ചിത്രങ്ങള്‍ അവര്‍ കാണട്ടെയെന്നും സമീര്‍ കൂട്ടിച്ചേര്‍ത്തു. 

ENGLISH SUMMARY:

Malayala Manorama Online News highlights lyricist Sameer Anjaan's frustration over the misuse of his song 'Hum Pyar Karne Wale' in the movie 'Dhurandhar'. He criticizes the trend of forcing songs into movies without considering their context, lamenting the loss of appreciation for meaningful music.