കോട്ടയം ജില്ലയിലെ ചരിത്രപ്രസിദ്ധമായ രാമപുരത്തിന്റെ ഗ്രാമീണഭംഗിയും സാംസ്‌കാരിക പൈതൃകവും പ്രമേയമാക്കി സപ്താഹാചാര്യനും കവിയുമായ പി.കെ. വ്യാസൻ രചിച്ച 'കോട്ടയത്തെ രാമപുരം' എന്ന കവിത ദൃശ്യാവിഷ്കാരത്തോടെ പ്രകാശനം ചെയ്തു. രാമപുരം 'ഓണം 2K26' സാംസ്‌കാരിക സമ്മേളനത്തോട് അനുബന്ധിച്ച് റോസറി ഗ്രാമത്തിൽ വെച്ച് നടന്ന ചടങ്ങിൽ രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശാന്താറാം കവിതയുടെ പ്രകാശനം നിർവ്വഹിച്ചു.
ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത കോട്ടയം എംപി ഫ്രാൻസീസ് ജോർജ്, മുന്‍ എം.പി തോമസ് ചാഴികാടൻ എന്നിവര്‍ കവി പി.കെ. വ്യാസനെ പൊന്നാട അണിയിച്ച് ആദരിച്ചു. എ.കെ. പ്രസാദ് മൂവാറ്റുപുഴ ആലാപനം നിർവ്വഹിച്ച കവിതയ്ക്ക് ഹരീഷ് രാമപുരമാണ് ദൃശ്യാവിഷ്കാരം ഒരുക്കിയിരിക്കുന്നത്.
ഒറ്റകൃതി കൊണ്ട് മലയാള സാഹിത്യത്തിൽ മഹാകവിയായി മാറിയ രാമപുരത്തു വാര്യർ, ആദ്യത്തെ സഞ്ചാരസാഹിത്യ ഗ്രന്ഥം രചിച്ച പാറേമ്മാക്കൽ തോമാക്കത്തനാർ, 'അഗ്നിസാക്ഷി'യിലൂടെ സാഹിത്യലോകത്ത് ശ്രദ്ധേയയായ ലളിതാംബിക അന്തർജ്ജനം, പരമവീരചക്രം ലഭിച്ച ദക്ഷിണേന്ത്യയിലെ ഏക സൈനികനായ മേജർ പരമേശ്വരൻ തുടങ്ങിയ മഹാവ്യക്തികളെ കവിതയിൽ സ്മരിക്കുന്നുണ്ട്.
കൂടാതെ രാമപുരത്തെ 19 വാർഡുകൾ, പ്രശസ്തമായ ദേവാലയങ്ങൾ, വിദ്യാലയങ്ങൾ, ആശുപത്രികൾ, കൃഷിയിടങ്ങൾ, തോടുകൾ, പ്രദേശത്തിന്റെ അതിർത്തികൾ, മൺമറഞ്ഞുപോയ കലാകാരന്മാർ, അധ്യാപകർ, സൈനിക ഉദ്യോഗസ്ഥർ എന്നിവരെക്കുറിച്ചും കവിതയിൽ വിശദമായി പരാമർശിക്കുന്നു.
നാടിന്റെ ചരിത്രവും പെരുമയും വരുംതലമുറയ്ക്കായി ദൃശ്യശ്രവ്യ മാധ്യമത്തിലൂടെ പകർന്നുനൽകിയ കവിതയ്ക്കും അതിന്റെ അണിയറപ്രവർത്തകർക്കും ചടങ്ങിൽ വലിയ പിന്തുണയും അഭിനന്ദനവും ലഭിച്ചു.