'എനിക്ക് വേണ്ടി ഇനിയെന്‍റെ മകള്‍ പാടും!'.  'സംഗീത ജീവിതം' അവസാനിപ്പിക്കാന്‍ പോകുന്ന കാര്യം സംഗീത ലോകത്തെ അറിയിച്ചപ്പോള്‍ മലയാളത്തിന്‍റെ വാനമ്പാടിയെന്ന് അറിയപ്പെടുന്ന ചിത്രയെക്കുറിച്ച് ജാനകിയമ്മ പറഞ്ഞ വാക്കുകളാണിത്. അത്രയ്ക്ക് ഇഷ്ടമായിരുന്നു ജാനകിയമ്മയ്ക്ക് ചിത്രയുടെ സ്വരമാധുര്യം. 

എസ്. ജാനകിയുടെ വീട്ടിലേക്ക് ഒരു നവരാത്രിക്കാലത്താണ് കുഞ്ഞുചിത്ര അവളുടെ അച്ഛനോടൊപ്പം കയറി ചെന്നത്. ആ പെണ്‍കുട്ടി അന്ന് അവിടെയിരുന്ന് ഒരു കീര്‍ത്തനം ആലപിച്ചു. ഏറെ ആരാധിക്കുന്ന ഗായികയെ നേരിട്ട് കണ്ടതിന്‍റെ സന്തോഷമായിരുന്നു അവള്‍ക്ക്. ചിത്രയുടെ സ്വരം കേട്ടപ്പോള്‍ ജാനകിയമ്മയ്ക്ക് എന്താണ് തോന്നിയതെന്ന് അറിയില്ല. അവളുടെ സ്വരമാധുര്യവും സംഗീതത്തിലെ ജ്ഞാനവും കേട്ടതിന്‍റെ സന്തോഷം ജാനകിക്കും ഉണ്ടായിരുന്നിരിക്കണം. ചിത്ര തിരികെ ഇറങ്ങാന്‍ സമയം, പ്രസാദത്തിന്‍റെ കൂടെ ജാനകിയമ്മ അവള്‍ക്ക് ചില സമ്മാനങ്ങളും നല്‍കിയാണ് യാത്രയാക്കിയത്. നന്നായി പാടി കേട്ടോ എന്നും പറഞ്ഞു. അന്നേ ജാനകിയമ്മ ഉറപ്പിച്ചിരിക്കണം ഈ കുഞ്ഞ് ഇന്ത്യയിലെ തന്നെ എണ്ണം പറഞ്ഞ ഗായകരിലൊരാളാവുമെന്ന്. 

അവിടന്നങ്ങോട്ട് 30 വര്‍ഷം കഴിഞ്ഞാണ് ജാനകിയമ്മ ചിത്രയെപ്പറ്റി ഇങ്ങനെ പറഞ്ഞത്. 'ഈ കേട്ടത് എന്‍റെ തന്നെ തുടര്‍ച്ചയല്ലേ' എന്ന്. ഒരുപക്ഷെ അന്ന് വീട്ടിലെത്തിയ സമയത്ത് കുഞ്ഞ് ചിത്രയുടെ പാട്ട് കേണ്ടപ്പോള്‍ എസ് ജാനകി മനസ്സില്‍ ഈ ചോദ്യം ചോദിച്ചിരിക്കണം. 

തന്നെ വലിയ കാര്യമാണ് ജാനകിയമ്മയ്ക്കെന്ന് ചിത്ര പന്നെ പലവട്ടം പല വേദികളില്‍ പറഞ്ഞിട്ടുണ്ട്. പ്ലേ ബാക്ക് പാടുമ്പോഴും സ്റ്റേജിലും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ജാനകിയമ്മയാണ് പറഞ്ഞു തന്നത്. ഒരു അമ്മയുടെ സ്നേഹം അവരെനിക്ക് തന്നു. ദാസേട്ടന്‍റെ മാനേജരായിരുന്ന കുഞ്ഞുണ്ണി ചേട്ടന്‍റെ വീട്ടില്‍ വച്ചാണ് ഞാന്‍ ജാനകിയമ്മയെ കാണുന്നത്. കുഞ്ഞുണ്ണി ചേട്ടന്‍റെ ഭാര്യ നന്ദിനി  ചേച്ചിയെയാണ് 'ബൊമ്മക്കൊലു' വിന് ജാനകിയമ്മ ക്ഷണിച്ചത്. ഞാനും കൂടെ  വന്നോട്ടെ എന്ന് ചോദിച്ചു. സരസ്വതി പൂജയ്ക്ക് വീട്ടില്‍ വരാന്‍ ചോദിക്കേണ്ട കാര്യമുണ്ടോ എന്ന് മറുപടി. അങ്ങനെയാണ് ഞാന്‍ അന്നവിടെ ചെല്ലുന്നതും പാടുന്നതും. – ചിത്ര പറയുന്നു. 

തെലുങ്ക്, കന്നട, മലയാളം, തമിഴ്, ഹിന്ദി, ഒഡിയ, ബംഗാളി, മറാഠി, തുളു, ഉർദു, ഗുജറാത്തി, പഞ്ചാബി, കൊങ്കണി, അസാമീസ്, സിന്ധി തുടങ്ങി തുടങ്ങി 17 ഭാഷകളിലായി 48,000 ഓളം അനശ്വര ഗാനങ്ങളാണ് ജാനകിയമ്മ സംഗീത പ്രേമികള്‍ക്ക് സമ്മാനിച്ചത്. 

ഇവയ്ക്കു പുറമേ ഇംഗ്ലീഷ്, ജാപ്പനീസ്, അറബിക്, ജർമൻ, സിംഹള ഭാഷകളിലും പാടിയിട്ടുണ്ട്. എന്നാൽ ഏറ്റവും കൂടുതൽ ഗാനങ്ങൾ കന്നഡ, മലയാളം എന്നീ ഭാഷകളിലാണ്. 1957 ൽ "വിധിയിൻ വിളൈയാട്ട്" എന്ന തമിഴ് ചിത്രത്തിൽ തുടങ്ങിയ സംഗീത ജീവിതമാണ് ആറു പതിറ്റാണ്ട് പിന്നിട്ടത്. 

മികച്ച പിന്നണിഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് നാല് തവണ ജാനകിയെ തേടിയെത്തിയപ്പോള്‍, കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാന സർക്കാരുകളുടെ നിരവധി പുരസ്കാരങ്ങൾക്കും അവർ അർഹയായി .2013-ൽ രാജ്യം അവർക്ക് പത്മഭൂഷൺ പ്രഖ്യാപിച്ചെങ്കിലും, ദക്ഷിണേന്ത്യൻ കലാകാരന്മാരോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് ജാനകിയമ്മ ആ പുരസ്കാരം നിരസിക്കുകയായിരുന്നു. ജാനകിയുടെ വിടവാങ്ങിലിലൂടെ ചലച്ചിത്ര സംഗീത ചരിത്രത്തിലെ ഒരു സുവർണ്ണ അധ്യായത്തിനാണ് തിരശ്ശീല വീണത്.

ENGLISH SUMMARY:

Malayala Manorama Online News features the touching story of S. Janaki's appreciation for singer Chithra, where Janaki fondly recalled a childhood encounter. This anecdote highlights the deep admiration and influence Janaki had on Chithra's burgeoning musical career.