മൈസൂരു മാനസ ഗംഗോത്രിയിലെ തന്റെ അവസാന സംഗീതനിശയിൽ പങ്കെടുക്കാനെത്തിയ എസ്. ജാനകി തിങ്ങി നിറഞ്ഞ സദസു കണ്ട് വികാരാധീനയായപ്പോൾ
തലമുറകളെ താരാട്ടുപാടിയുറക്കിയ എസ്. ജാനകി വിടവാങ്ങിയത് സംഗീത ലോകത്തിന് തീരാനഷ്ടമാണ്. വിദേശ ഭാഷകളിൽ ഉൾപ്പെടെ ഇരുപതോളം ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുള്ള എസ്. ജാനകി 1957 ലാണ് ചലച്ചിത്ര സംഗീതലോകത്തേക്ക് കടന്നുവരുന്നത്. 48,000 ഓളം പാട്ടുകൾ പാടി നീണ്ട 60 വർഷത്തെ തന്റെ സംഗീത ജീവിതം 2017 ലാണ് അവർ അവസാനിപ്പിച്ചത്.
2017 ഒക്ടോബർ 28. ആ ദിവസം സംഗീത പ്രേമികൾക്കൊന്നും മറക്കാനാവാത്തതാണ്. മൈസൂരിലെ മാനസഗംഗോത്രിയിലായിരുന്നു എസ്. ജാനകിയുടെ അവസാന സംഗീതനിശ. അന്ന് വെള്ളയിൽ നീലപ്പൂക്കളുള്ള സാരിത്തുമ്പു തോളിലേക്കിട്ട് മകന്റെ കൈപിടിച്ച് ജാനകി വേദിയിലേക്കെത്തിയത് നിറകണ്ണുകളോടെയാണ് കാണികൾ നോക്കിനിന്നത്. മൈസൂരു കൊട്ടാരത്തിലെ രാജമാതാവും നിരവധി സിനിമാതാരങ്ങളും ഉൾപ്പെടെ ആ യാത്രയയപ്പിനു സാക്ഷ്യം വഹിക്കാൻ ദക്ഷിണേന്ത്യ മുഴുവനും ആ സദസിലുണ്ടായിരുന്നു.
പാട്ടുജീവിതം മതിയാക്കി നിശ്ശബ്ദവിശ്രമത്തിലേക്ക് അവർ പോവുകയാണെന്ന് അവിടെ കൂടിനിന്നവർക്കെല്ലാം അറിയാമായിരുന്നു. തെലുങ്കിലും തമിഴിലുമുള്ള ഗാനങ്ങൾ ഓരോന്നായി ആരാധകർ ചോദിക്കുന്നതിനനുസരിച്ച് അവർ പാടിക്കൊണ്ടിരുന്നു. ഒപ്പം അവിടെക്കൂടിയ മലയാളികൾക്കായും ഇഷ്ടഗാനങ്ങൾ ഓരോന്നായി പാടി. ‘മദനോൽസവം’ എന്ന ചിത്രത്തിലെ ‘സന്ധ്യേ കണ്ണീരിതെന്തേ?’ എന്ന ഗാനം ജാനകിയമ്മ പാടിയതോടെ മലയാളികളും കരഞ്ഞു. ‘നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ’ ഉൾപ്പെടെയുള്ള ഗാനങ്ങളും അന്നവിടെ കേട്ടു.
ശബ്ദമിടറാതെ, മതിവരുവോളം അന്ന് ജാനകിയമ്മ പാടി. ഇനി പൊതുവേദിയിൽ പാടില്ലെന്ന് അവർ അവിടെ തന്നെ പ്രഖ്യാപിക്കുകയും ചെയ്തു. 'നിങ്ങളുടെ സ്നേഹമാണ് എന്നെ ഇന്ന് ഇവിടെ എത്തിച്ചത്. നിങ്ങളുടെ മനസ്സിൽ ഞാനുണ്ട്. ഞാൻ തൃപ്തയാണ്' എന്നും അവരെ പറഞ്ഞവസാനിപ്പിച്ചു. അപ്പോഴും 'പാട്ട് നിർത്തരുതമ്മേ' എന്ന യാചന ആരാധകർക്കിടയിൽ നിന്നും ഉയരുന്നുണ്ടായിരുന്നു. എന്നാൽ ഒരു മനുഷ്യായുസ്സിൽ പാടിത്തീർക്കേണ്ടതെല്ലാം പാടിക്കൊടുത്തതിന്റെ ചാരിതാർഥ്യം ആയിരുന്നു എസ് ജാനകിയുടെ മുഖത്ത് അപ്പോൾ.
എം.എസ് ബാബുരാജിന്റെ ഈണങ്ങളിലൂടെയായിരുന്നു മലയാളികൾ ജാനകിയമ്മയെ കൂടുതൽ സ്നേഹിച്ചത്. ‘തളിരിട്ട കിനാക്കൾതൻ’ (മൂടുപടം), ‘അഞ്ജന കണ്ണെഴുതീ’ (തച്ചോളി ഒതേനൻ), ‘സൂര്യകാന്തീ..’ (കാട്ടുപൂവ്), ‘ഒരു കൊച്ചു സ്വപ്നത്തിൻ’ (തറവാട്ടമ്മ), ‘താമര കുമ്പിളിലല്ലോ മമഹൃദയം’ (അന്വേഷിച്ചു കണ്ടെത്തിയില്ല) തുടങ്ങിയവയൊക്കെ അതിൽ ഉൾപ്പെടെന്നു. എസ് ജാനകിയുടെ അവസാന സിനിമാഗാനവും മലയാളത്തിലായിരുന്നു. 2016ൽ പുറത്തിറങ്ങിയ 'പത്തു കൽപ്പനകൾ' എന്ന ചിത്രത്തിൽ.