Image: instagram.com/rishabhtandonofficial
നടനും ഗായകനുമായ റിഷഭ് ടണ്ടൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 35 വയസ്സായിരുന്നു. ഭാര്യയോടൊപ്പം മുംബൈയിൽ താമസിച്ചിരുന്ന റിഷഭ് ദീപാവലി ആഘോഷിക്കാനായി ഡൽഹിയിലെ കുടുംബവീട്ടില്‍ എത്തിയതായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് അന്ത്യം. പ്രൊഫഷണൽ രംഗത്ത്, ഫഖീർ എന്നപേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഓഗസ്റ്റുമുതല്‍ റിഷഭ് ഡല്‍ഹിയിലുണ്ടായിരുന്നു. ‘യേ ആഷിഖി’, ‘ഇഷ്‌ക് ഫകീറാന’ എന്നിവയാണ് ശ്രദ്ധേയ ഗാനങ്ങള്‍.
റിഷഭിന്‍റെ ഭാര്യ ഒലേസ്യ നെഡോബെഗോവയാണ് വിയോഗവാര്‍ത്ത പുറത്തുവിട്ടത്. ‘എന്റെ പ്രിയപ്പെട്ട ഭർത്താവ്, സുഹൃത്ത്, പങ്കാളി... നീ എന്നെ വിട്ടുപോയി... എന്നാല്‍ നിന്റെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കുമെന്ന് ഞാനിതാ സത്യം ചെയ്യുന്നു... നീ മരിച്ചിട്ടില്ല, എന്നോടൊപ്പം തന്നെയുണ്ട്, എന്റെ ആത്മാവായി, ഹൃദയമായി, സ്നേഹമായി’ ഒലേസ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഉസ്ബെക്കിസ്ഥാനിലെ റിഷഭിന്‍റെ ഒരു ഡിജിറ്റൽ സീരീസിന്‍റെ ലൈൻ പ്രൊഡ്യൂസറായിരുന്നു ഒലേസ്യ. സെറ്റുകളിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടുകയും പ്രണയത്തിലാകുകയും ചെയ്തത്. ഒടുവിൽ വിവാഹിതരാകുകയായിരുന്നു. ഒക്ടോബർ 11 ന് ഒലേസ്യയോടൊപ്പം കർവാ ചൗത്ത് ആഘോഷിക്കുന്ന ഒരു ഫോട്ടോ റിഷഭ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തിരുന്നു. ഒക്ടോബര്‍ പത്തിനായിരുന്നു റിഷഭിന്റെ 35-ാം പിറന്നാള്‍.
റിഷഭിന്‍റെ വ്യക്തിജീവിതവും ഇടയ്ക്കിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. മുന്‍പ് നടി സാറാ ഖാനുമായി റിഷഭിന് ബന്ധമുണ്ടെന്ന് കിംവദന്തികൾ പ്രചരിച്ചിരുന്നു. സാറയുടെ സിന്ദൂമണിഞ്ഞ ഒരു ഫോട്ടോ വൈറലായതിന് പിന്നാലെ ഇരുവരും രഹസ്യമായി വിവാഹിതരായെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളെല്ലാം സാറാ ഖാൻ നിഷേധിക്കുകയും ചെയ്തു.