'രാമായണ’ സിനിമയിൽ സീതയായി സായ് പല്ലവി ചേരുന്നില്ലെന്ന് ബോളിവുഡ് നടിയും കജോളിന്റെ സഹോദരിയുമായ തനിഷ മുഖർജി. സായ് പല്ലവിയെ സീതയായി സ്ക്രീനിൽ കാണുമ്പോൾ ദൃശ്യാനുഭവം നഷ്ടമാകുന്നുവെന്ന് താരം സോഷ്യല്‍മീഡിയയില്‍ കുറിച്ചു. സായ് പല്ലവിയെ മാത്രമല്ല, യഷിന്‍റെ രാവണ കഥാപാത്രത്തിന് പൂര്‍ണതയില്ലെന്നും ‘രാമായണ’ സിനിമ കണ്ടതിന് ശേഷം തനിഷ നടത്തിയ അഭിപ്രായപ്രകടനത്തില്‍ വ്യക്തമാക്കി. അതേസമയം രൺബീർ കപൂര്‍ വേഷം അതിമനോഹരമായി അഭിനയിച്ചുവെന്നും താരം പറയുന്നുണ്ട്. മൂന്ന് കുറിപ്പുകളായാണ് തനിഷ ‘രാമായണ’യുടെ റിവ്യൂ പങ്കുവച്ചത്. എങ്കിലും സിനിമയിലെ ദൃശ്യങ്ങളും കഥയും അഭിനയവുമെല്ലാം അതിമനോഹരമാണെന്നും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണിതെന്നും താരം വ്യക്തമാക്കി.
രാമായണ ചിത്രം കാണാന്‍ അല്‍പം വൈകിയെങ്കിലും ഒടുവില്‍ കണ്ടെന്നും സിനിമയുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ നല്‍കുന്ന ചില വിവരങ്ങള്‍ സിനിമ കാണാത്തവരെ തെറ്റിധരിപ്പിക്കുന്നതാണെന്നും തനിഷ പറഞ്ഞു. ചിത്രത്തില്‍ മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നത് രാമന്‍ തന്നെയാണെന്നും രാമനായി അഭിനയിച്ച രണ്‍ബീര്‍ മികച്ച പ്രകടനമാണ് കാഴ്ച വച്ചതെന്നും അദ്ദേഹം തന്നെയാണ് രാമനായി അഭിനയിക്കാന്‍ അനുയോജ്യന്‍ എന്നുമാണ് താരത്തിന്‍റെ അഭിപ്രായം. കൈകേയിയുടെ തീരുമാനത്തിലുണ്ടായ ആഘാതവും വനവാസം ലഭിച്ചതിലുള്ള വേദനയും, സീതയോടും ലക്ഷ്മണനോടുമുള്ള സ്നേഹവും കരുതലുമെല്ലാം സ്വാഭാവികമായി പ്രേക്ഷകരിലേക്ക് എത്തിക്കാൻ രൺബീറിന് സാധിച്ചുവെന്നും, അദ്ദേഹം രാമനായി അഭിനയിക്കുകയല്ല, ജീവിക്കുകയായിരുന്നുവെന്നും താരം പ്രശംസിച്ചു.
സായ് പല്ലവി മികച്ച നടി തന്നെയെന്നതില്‍ ഒട്ടും സംശയമില്ലെന്നും എന്നാല്‍ സീതയെ പോലൊരു കഥാപാത്രം അഭിനയിക്കാന്‍ അവര്‍ ഒട്ടും യോജിക്കുന്നില്ലെന്നും തനിഷ കുറിപ്പിലൂടെ വ്യക്തമാക്കി. രാവണനായി എത്തിയ യഷിന്റെ പ്രകടനത്തെ കുറിച്ചും താരം വ്യക്തമാക്കി. ശരീരഭാഷയും ആക്ഷൻ രംഗങ്ങളും ഗർവുമെല്ലാം ഗംഭീരമായിരുന്നെങ്കിലും, കഥാപാത്രത്തിന്റെ ആഴത്തിലുള്ള മാനങ്ങൾ പൂർണ്ണമായി ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെന്ന് താരം ചൂണ്ടിക്കാണിച്ചു. രാവണൻ കേവലം ശക്തിയും അഹങ്കാരവും മാത്രമായിരുന്നില്ലെന്നും, പണ്ഡിതനും തന്ത്രശാലിയും ആഴചിന്തയുള്ളവനുമായിരുന്നുവെന്നും തനിഷ ഓർമ്മിപ്പിച്ചു. രൺബീറിനൊപ്പം നിൽക്കാൻ യഷിന് സാധിച്ചുവെന്നും, രാവണന്റെ ശക്തിയെ വെള്ളിത്തിരയിൽ എത്തിക്കുക എന്ന ശ്രമകരമായ ദൗത്യത്തിൽ അദ്ദേഹം മികച്ച പ്രകടനം തന്നെയാണ് കാഴ്ചവച്ചതെന്നും തനിഷ കൂട്ടിച്ചേർത്തു.
തനിഷയുടെ വാക്കുകള്‍ വളരെ വേഗത്തില്‍ വൈറലായി. താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്‍റുകള്‍ ലഭിച്ചിട്ടുണ്ട്. സീതയാകാന്‍ സായ് പല്ലവി തന്നെയാണ് മികച്ചതെന്നും നല്‍കിയ കഥാപാത്രത്തോട് പൂര്‍ണമായും നീതി പുലര്‍ത്തിയിട്ടുണ്ടെന്നുമാണ് ഒരുകൂട്ടം ആരാധരുടെ പക്ഷം.