രാമായണം സിനിമയ്ക്ക് അനുവദിച്ച സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ആവശ്യവുമായി വിശ്വ ഹിന്ദു പരീഷത്ത്. രാക്ഷസരാജാവായ രാവണനെ മഹത്വവൽക്കരിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് സിനിമയുടെ അണിയറപ്രവർത്തകർ നടത്തുന്നതെന്ന് വിഎച്ച്പി ആരോപിച്ചു. സിനിമയുടെ പ്രദർശനം ഉടൻ തടയണമെന്നും വിഎച്ച്പി പറയുന്നു.
മഹർഷി വാൽമീകി രചിച്ച യഥാർഥ രാമായണത്തിലെ ഒട്ടേറെ വസ്തുതകൾ സിനിമയിൽ വളച്ചൊടിച്ചെന്നും സാങ്കൽപ്പിക സംഭവങ്ങൾ കൂട്ടിച്ചേർത്തെന്നും പ്രധാനപ്പെട്ട പല കഥാപാത്രങ്ങളെയും ബോധപൂർവം ഒഴിവാക്കിയെന്നും വിഎച്ച്പി ജനറൽ സെക്രട്ടറി ബജ്രംഗ് ലാൽ ബഗ്ര ആരോപിച്ചു. ഭഗവാൻ ശ്രീരാമനിൽ വിശ്വസിക്കുന്ന നൂറുകോടിയിലധികം ഹിന്ദു വിശ്വാസികളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തി രാഷ്ട്രീയ ആഖ്യാനം പ്രചരിപ്പിക്കാനാണ് സിനിമയിലൂടെ ശ്രമിക്കുന്നതെന്ന് ബഗ്ര പ്രസ്താവനയിൽ പറഞ്ഞു.
അഹല്യയുടെ ശാപമോക്ഷം, നിഷാദരാജാവായ ഗുഹയുമായുള്ള ശ്രീരാമന്റെ സൗഹൃദം, കേവടന്റെ ഭക്തി തുടങ്ങിയ ശ്രീരാമന്റെ സാർവത്രിക വ്യക്തിത്വം ഉയർത്തിക്കാട്ടുന്ന പ്രധാന സംഭവങ്ങൾ സിനിമയിൽ പരാമർശിക്കുക പോലും ചെയ്തിട്ടില്ല. സമൂഹത്തിന്റെ ശത്രുക്കളായ അസുരന്മാരെയും ഋഷിമാരുടെയും സന്യാസിമാരുടെയും ആത്മീയ പ്രവർത്തനങ്ങൾക്കും യജ്ഞങ്ങൾക്കും ഗുരുകുലങ്ങൾക്കും തടസ്സം സൃഷ്ടിച്ചവരെയും ഇല്ലാതാക്കുക എന്ന മഹത്തായ ദൗത്യമായിരുന്നു ശ്രീരാമന്റേത്. എന്നാൽ ഭാര്യയെ തട്ടിക്കൊണ്ടുപോയതിലുള്ള പ്രതികാരം തീർക്കാനുള്ള വ്യക്തിപരമായ പോരാട്ടമായാണ് സിനിമയിൽ ഇതിനെ ചിത്രീകരിച്ചിരിക്കുന്നതെന്നും ബഗ്ര ആരോപിച്ചു.
അഹങ്കാരിയായ രാവണനെ അടിച്ചമർത്തപ്പെട്ടവരുടെ വിമോചകനായി അവതരിപ്പിച്ച് രാഷ്ട്രീയ ആഖ്യാനം സൃഷ്ടിക്കാനാണ് സിനിമ ശ്രമിക്കുന്നത്. അറിവിന്റെയും ഭക്തിയുടെയും ശക്തിയുടെയും ഉന്നതിയിലെത്തിയിരുന്നെങ്കിലും അഹങ്കാരം മൂലം സൃഷ്ടിയിലെ എല്ലാ ജീവജാലങ്ങളെയും ഭയപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്ത അധാർമിക വ്യക്തിയായിരുന്നു രാവണൻ. രാമായണത്തിന്റെ എല്ലാ പതിപ്പുകളിലും ഇക്കാര്യം വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.
ശ്രീരാമനിലും ആയിരക്കണക്കിന് വര്ഷങ്ങളായി നിലനിൽക്കുന്ന രാമായണ പാരമ്പര്യത്തിലും വിശ്വാസമുള്ള ദശലക്ഷക്കണക്കിന് ഹിന്ദുക്കളുടെ വികാരങ്ങളെ സിനിമ ആഴത്തിൽ മുറിവേൽപ്പിച്ചിരിക്കുകയാണ്. വ്യക്തി, കുടുംബം, സമൂഹം, രാഷ്ട്രീയം എന്നിവയിലെ ധാർമിക മൂല്യങ്ങളും പെരുമാറ്റച്ചട്ടങ്ങളും ഉയർത്തിപ്പിടിക്കുന്ന രാമായണത്തെ വളച്ചൊടിക്കുന്നത് സമൂഹത്തിന്റെ ധാർമിക അടിത്തറയ്ക്കു നേരെയുള്ള ആക്രമണത്തിന് തുല്യമാണ്. ഹിന്ദു സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്താനുള്ള ഇത്തരം ശ്രമങ്ങൾ സമൂഹം ഒരിക്കലും അംഗീകരിക്കില്ലെന്നും ബഗ്ര വ്യക്തമാക്കി.
നിതേഷ് തിവാരി സംവിധാനം ചെയ്ത 'രാമായണ: റൈസ് ഓഫ് എ ലെജൻഡി'ൽ രൺബീർ കപൂറാണ് ശ്രീരാമനായി എത്തുന്നത്. സീതയായി സായ് പല്ലവിയും രാവണനായി യഷും വേഷമിടുന്നു. നമിത് മൽഹോത്രയും യഷും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന സിനിമയുടെ ആദ്യഭാഗം നവംബർ അഞ്ചിനാണ് റിലീസ് ചെയ്തത്.