രൺബീർ കപൂർ, സായ് പല്ലവി, യഷ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 'രാമായണം' ബോക്സ് ഓഫീസിൽ മൂന്നാം വാരത്തിലേക്ക് കടക്കുകയാണ്. 19 ദിവസങ്ങൾ പിന്നിടുമ്പോൾ ചിത്രത്തിന്റെ ആഭ്യന്തര കലക്ഷൻ 955.45 കോടി രൂപയും ഗ്രോസ് കലക്ഷന്‍ 1,141.65 കോടി രൂപയുമാണ്.
അതിനിടെയാണ് ഒരു ദിവസത്തേക്ക് തിയറ്ററുകളില്‍ വെറും 99 രൂപയ്ക്ക് ചിത്രം കാണാന്‍ അവസരമൊരുക്കുന്ന പ്രത്യേക ടിക്കറ്റ് നിരക്ക് ടീം പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജായ 'വേൾഡ് ഓഫ് രാമായണ' വഴിയാണ് ഈ പ്രഖ്യാപനം നടത്തിയത്. ചൊവ്വാഴ്ചത്തേക്ക് മാത്രമായിരുന്നു പ്രേക്ഷകര്‍ക്ക് ഈ അവസരം. ‘‘എല്ലാവർക്കും ഗുരുപർവ ആശംസകൾ" എന്ന് കുറിച്ചുകൊണ്ടായിരുന്നു ‘രാമായണം’ ടീം പോസ്റ്റ് പങ്കുവെച്ചത്.
അതിനിടെ ഹിന്ദിയിൽ 700 കോടി രൂപയുടെ നെറ്റ് കലക്ഷൻ മറികടന്നുകൊണ്ട് മറ്റൊരു റെക്കോർഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ് ‘രാമായണം' . നിലവിൽ ആഗോളതലത്തിൽ 1,704.65 കോടി രൂപയാണ് ചിത്രത്തിന്റെ കലക്ഷൻ. ഇത് 'ധുരന്ധർ 2'-നേക്കാൾ ഏകദേശം 70 കോടി രൂപ കൂടുതലാണ്. 'അനിമൽ' എന്ന ചിത്രത്തിന്റെ ഇന്ത്യയിലെ നെറ്റ് കലക്ഷന്‍ മറികടന്നതോടെ, ഇന്ത്യയിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന രൺബീർ കപൂർ ചിത്രമായി 'രാമായണം' മാറി. 'സാക്നിൽക്' നൽകുന്ന വിവരമനുസരിച്ച് 19-ാം ദിവസം 15,696 ഷോകളിൽ നിന്നായി 12.70 കോടി രൂപയാണ് ചിത്രം നെറ്റ് കലക്ഷനായി നേടിയത്. ഞായറാഴ്ച 35.60 കോടി രൂപ നെറ്റ് കലക്ഷനും 42.50 കോടി രൂപ ഗ്രോസ് കലക്ഷനും നേടിയ ചിത്രത്തിന് തിങ്കളാഴ്ച 64.3 ശതമാനത്തിന്റെ കുറവാണ് വരുമാനത്തിൽ ഉണ്ടായത് എന്നതും ശ്രദ്ധേയമാണ്.
വിദേശ വിപണികളിൽ നിന്ന് ഇതുവരെ 567 കോടി രൂപ നേടിയതോടെ ചിത്രത്തിന്റെ ആകെ ആഗോള ഗ്രോസ് കലക്ഷൻ 1,704.65 കോടി രൂപയിലെത്തി. 19-ാം ദിവസം ഹിന്ദി പതിപ്പ് 13,442 ഷോകളിൽ നിന്ന് 9.25 കോടി രൂപ സംഭാവന ചെയ്തു. മലയാളം പതിപ്പ് 1.50 കോടി രൂപ നേടിയപ്പോൾ കന്നഡ, തമിഴ്, തെലുങ്ക് പതിപ്പുകൾ യഥാക്രമം 85 ലക്ഷം, 80 ലക്ഷം, 30 ലക്ഷം രൂപ എന്നിങ്ങനെ നേടി.