നിതേഷ് തിവാരി സംവിധാനം ചെയ്ത് രൺബീർ കപൂർ, യാഷ്, സായ് പല്ലവി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 'രാമായണം' ആഗോള ബോക്സ് ഓഫിസിൽ 1700 കോടി രൂപയിലധികം നേടിയിട്ടും യഥാർഥത്തിൽ നഷ്ടക്കച്ചവടമാണെന്ന് ട്രേഡ് അനലിസ്റ്റ് സുമിത് കാഡലിന്റെ വിലയിരുത്തല്‍. സാക്നിൽക് റിപ്പോർട്ടുകൾ പ്രകാരം 20 ദിവസത്തിനുള്ളിൽ ഇന്ത്യയിൽ നിന്ന് 900 കോടി രൂപയിലധികവും വിദേശ വിപണിയിൽ നിന്ന് 575 കോടി രൂപയും ആഗോളതലത്തിൽ ആകെ 1700 കോടി രൂപയും ചിത്രം നേടിയിട്ടുണ്ട്. എന്നാൽ 2500 കോടി രൂപ എന്ന ബ്രേക്ക്-ഇവൻ പോയിന്റിലെത്താൻ ചിത്രത്തിന് കഴിഞ്ഞിട്ടില്ലെന്നും, പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചതെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
വാൽമീകി രാമായണത്തെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രത്തിലൂടെ നിതേഷ് തിവാരിയുടെയും രൺബീർ കപൂറിന്റെയും മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള വന്‍ തിരിച്ചുവരവാണ്. അനുപം ഖേർ, രവി ദുബെ, ലാറ ദത്ത, അരുൺ ഗോവിൽ, രാകുൽ പ്രീത് സിങ്, വിവേക് ഒബ്റോയ് തുടങ്ങിയ വലിയ താരനിരയും ചിത്രത്തിലുണ്ട്. ശരാശരി 400 രൂപ എന്ന റെക്കോർഡ് ടിക്കറ്റ് നിരക്കുകളും കണക്കുകളിലെ നേട്ടങ്ങളും ഉണ്ടായിരുന്നിട്ടും, തിയറ്റർ കലക്ഷനിലൂടെ മുടക്കുമുതൽ തിരിച്ചുപിടിക്കുന്നതിൽ ചിത്രം പരാജയപ്പെട്ടതായി സുമിത് കാഡൽ എക്സില്‍ കുറിച്ചു. തിയറ്റർ ഇതര വരുമാനങ്ങൾ കൂടി കൂട്ടിച്ചേർത്താല്‍ പോലും മുടക്കുമുതൽ തിരിച്ചുപിടിക്കാൻ ചിത്രത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'ജവാൻ', 'പഠാൻ', 'ഗദർ 2', 'ധുരന്ധർ' ഫ്രാഞ്ചൈസി തുടങ്ങിയ ചിത്രങ്ങളെ അപേക്ഷിച്ച്, 'രാമായണം' സിനിമയുടെ ഹിന്ദി പതിപ്പ് കാണാനെത്തിയവരുടെ എണ്ണം വളരെ കുറവാണ്. ഏകദേശം 2.30 മുതൽ 2.40 കോടി വരെ ആളുകൾ മാത്രമേ ചിത്രം കണ്ടിട്ടുള്ളൂ. ഇത് വലിയ നിരാശയുണ്ടാക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മലയാളം, തമിഴ് ഡബ്ബ് പതിപ്പുകൾ മാത്രമാണ് വിതരണക്കാർക്ക് ലാഭം നൽകിയതെന്നും സുമിത് കാഡൽ വ്യക്തമാക്കി. ഹിന്ദി പതിപ്പിൽ നിന്ന് 750 കോടി നെറ്റും, ഡബ്ബ് പതിപ്പുകളിൽ നിന്ന് 200 കോടിയും ഉൾപ്പെടെ ഏകദേശം 1100 കോടി ഗ്രോസും വിദേശത്ത് നിന്ന് 650 കോടിയും ചേർത്ത് ആഗോളതലത്തിൽ 1750 കോടി രൂപ വരെയാണ് ചിത്രം നേടാൻ സാധ്യതയുള്ളതെന്നും അദ്ദേഹം പ്രവചിച്ചു.
അതേസമയം, യുഎസിൽ മൂന്നാം വാരത്തിൽ മോശം പ്രകടനത്തെത്തുടർന്ന് 800 തിയേറ്ററുകളിൽ നിന്ന് ചിത്രം നീക്കം ചെയ്തതായും റിപ്പോർട്ടുകളുണ്ട്. വിവിധ ട്രാക്കർമാരുടെയും പൊതു പ്ലാറ്റ്ഫോമുകളുടെയും റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയാണ് നിലവിലെ ബോക്സ് ഓഫിസ് വിലയിരുത്തലുകൾ പുറത്തുവരുന്നത്.