Monica Bellucci, Sonia Gandhi
സോണിയ ഗാന്ധിയുടെ ആത്മകഥ പുറത്തിറങ്ങി ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ബയോപികും വീണ്ടും ചര്‍ച്ചയാവുകയാണ്. 20 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉപേക്ഷിച്ച സിനിമ യാഥാര്‍ത്ഥ്യമാക്കുമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് തെലങ്കാന കോണ്‍ഗ്രസ് നേതാവ് ടി. ജയപ്രകാശ് റെഡ്ഡി (ജഗ്ഗ റെഡ്ഡി). തെലുങ്കിലും ഹിന്ദിയിലും ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ സിനിമ ഒരുക്കാനാണ് ആലോചനയെന്നും ഇതുമായി ബന്ധപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുമായി ചർച്ച നടത്തുമെന്നും ജഗ്ഗ റെഡ്ഡി പറയുന്നു. വാണിജ്യ ലക്ഷ്യത്തോടെയുള്ള സിനിമയല്ല താന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
സോണിയ ഗാന്ധിയുടെ ജന്മദിനമായ ഡിസംബർ ഒൻപതിന് സിനിമയുമായി ബന്ധപ്പെട്ട പരിപാടി സംഘടിപ്പിക്കുമെന്നും 2028 ഡിസംബർ ഒൻപതിന് ചിത്രം റിലീസ് ചെയ്തേക്കുമെന്നും ജഗ്ഗ റെഡ്ഡി വ്യക്തമാക്കുന്നു. എന്നാല്‍ ജഗ്ഗ റെഡ്ഡിയുടെ പ്രസ്താവനയോട് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതോടെ വര്‍ഷങ്ങള്‍ക്കു മുന്‍പ് സജീവ ചര്‍ച്ചയായിരുന്ന സോണിയയുടെ ബയോപിക് വീണ്ടും വാര്ത്താവെളിച്ചത്തിലേക്കെത്തുകയാണ്
2006ല്‍ സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സമയത്താണ് ബയോപിക് നിര്‍മിക്കാന്‍ ഒരുക്കം നടത്തിയിരുന്നത്. ലോകത്തിലെ ഏറ്റവും സുന്ദരിയായി കരുതപ്പെടുന്ന ഇറ്റാലിയന്‍ നടി മോണിക്ക ബെല്ലുച്ചിയാണ് സോണിയയായി വേഷമിടാനിരുന്നതെന്ന് അന്ന് ഇന്തോ അമേരിക്കന്‍ സിനിമാ നിര്‍മാതാവ് പ്രഖ്യാപിച്ചിരുന്നു. സോണിയയാവാന് മോണിക്ക സമ്മതിച്ചതായും ഇദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍ നിയമപരമായ കാരണങ്ങളാലുള്പ്പെടെ ഇത് ഉപേക്ഷിക്കുകയായിരുന്നു.
Also Read: അച്ഛന്റെ സിനിമകളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഏത്? മനംകവർന്ന് ധനുഷിന്റെ മക്കൾ
‘ദി പാഷന് ഓഫ് ദി ക്രൈസ്റ്റി’ലെ മേരി മഗ്ദലനയായും ‘മാട്രിക്സി’ലെ പെര്സെഫോണയായും പ്രശസ്തയായിരുന്ന മോണിക്ക, താന്‍ ഈ സിനിമയ്ക്കായി കരാറൊപ്പിട്ടെന്ന് കാന്‍സ് ചലച്ചിത്രമേളയിലെ ജൂറിയായിരുന്ന സമയത്ത് അറിയിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നും നിയമപരമായ നോട്ടിസ് ലഭിച്ചതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഈ സിനിമയ്ക്കായി തന്നെ സമീപിച്ചെങ്കിലും തിരക്കഥ ഇഷ്ടമായില്ലെന്നായിരുന്നു സിനിമ ഉപേക്ഷിക്കാന്‍ കാരണമായി പിന്നീടൊരിക്കല്‍ ബെല്ലൂച്ചി തന്നെ പറഞ്ഞത്.
മാധ്യമപ്രവര്‍ത്തകനായിരുന്ന റഷീദ് കിദ്വായിയുടെ ‘സോണിയ, എ ബയോഗ്രഫി’ എന്ന പുസ്തകത്തെ ആസ്പദമാക്കിയായിരുന്നു അന്നത്തെ പദ്ധതി. ലോസ് ആഞ്ചലസിലെ ഇന്ത്യന്‍ വംശജനായ സംവിധായകന് ജഗ്മോഹന് മുന്ദ്രയും നിര്‍മാതാവ് മനോഹര്‍ മല്ഗോത്രയും ചേര്‍ന്നാണ് ആ സിനിമയ്ക്കായി ഒരുക്കങ്ങള്‍ നടത്തിയിരുന്നത്. എന്നാല്‍ ഉള്ളടക്കത്തിന്റെ കൃത്യതയിലുള്പ്പെടെ സംശയങ്ങള്‍ ഉയര്‍ന്നുവന്നതും പദ്ധതി ഉപേക്ഷിക്കാന്‍ കാരണമായെന്നാണ് പുറത്തുവന്ന വിവരം.
‘ബിലോങ്ങിങ് എ ജേര്‍ണി ഓഫ് ലവ്’ നവംബര്‍ 10നാണ് പുറത്തിറങ്ങിയത്. ഇതിനോടകം വലിയ ചര്‍ച്ചയായും വാര്‍ത്തയായും മാറിയ പുസ്തകത്തിന്റെ രണ്ട് ലക്ഷത്തിലധികം കോപ്പികള്‍ വിറ്റഴിഞ്ഞു. ബെസ്റ്റ് സെല്ലര്‍ പട്ടികയിലിടം പിടിച്ച പുസ്തകം പുറത്തിറങ്ങിയതോടെ സോണിയയുടെ ജീവിതം സിനിമയാക്കാനുള്ള പുതിയ നീക്കങ്ങളും ശ്രദ്ധിക്കപ്പെടുകയാണ്. ഇത്തവണ ബയോപിക് യാഥാര്‍ത്ഥ്യമാകുമോയെന്ന് കാത്തിരുന്നറിയാം.