ടൈം മാഗസിന്റെ പ്രഥമ 'ടൈം 100 നെക്സ്റ്റ് ഇന്ത്യ 2026' പട്ടികയിൽ ഇടംനേടി പാർവതി തിരുവോത്തും കനി കുസൃതിയും ദുൽഖർ സൽമാനും. രാജ്യത്തിന്റെ ഭാവി നിർണയിക്കുന്ന നൂറ് പ്രതിഭകളെ ആദരിക്കുന്നതിനായാണ് 'ടൈം' മാസിക ആദ്യമായി 'ടൈം 100 നെക്സ്റ്റ്: ഇന്ത്യ' (TIME100 Next: India 2026) പട്ടിക പുറത്തു വിട്ടത്. നയൻതാരയും ഈ പട്ടികയിൽ ഇടം നേടിയ മറ്റൊരു മലയാളി. സിനിമാ മേഖലയിലെ ശക്തമായ ഇടപെടലുകളാണ് ഇവരെ ഈ നേട്ടത്തിന് അർഹരാക്കിയത്. 

ഫീനോംസ്’ (Pheoms) എന്ന കാറ്റഗറിയിലാണ് പാർവതി തിരുവോത്ത് ഫീച്ചർ ചെയ്യപ്പെട്ടിരിക്കുന്നത്.  ബോളിവുഡ് നടി റിച്ച ഛദ്ദയാണ് പട്ടികയിലേക്ക് പാർവതിയെ പരിചയപ്പെടുത്തിയത്. ചില അഭിനേതാക്കൾക്ക് ക്യാമറയ്ക്ക് മുന്നിൽ ധൈര്യം അഭിനയിച്ചു കാണിക്കേണ്ടി വരുമ്പോൾ, പാർവതി തിരുവോത്ത് ജീവിതത്തിൽ തന്നെ ആ ധൈര്യത്തിന്‍റെ  നേർരൂപമായി മാറുകയാണെന്നാണ് താരത്തെക്കുറിച്ച് റിച്ച ഛദ്ദ ടൈം മാഗസീനിൽ കുറിച്ചത്. ‘ശരിയുടെ പക്ഷത്തുനിന്ന് സംസാരിച്ചതിന് അവർക്ക് വലിയൊരു വില നൽകേണ്ടി വന്നു; വൻകിട സിനിമകൾ പലതും കൈവിട്ടുപോയി. എന്നിട്ടും പാർവതി ഭയന്ന് തലകുനിച്ചില്ല. സിനിമയിലെ സ്ത്രീകൾ പാർവതിയെപ്പോലൊരാൾ ഇവിടെയുണ്ട് എന്നതിൽ അത്രമേൽ കടപ്പെട്ടിരിക്കുന്നു,’ റിച്ച ഛദ്ദ കുറിച്ചു.

‘ആർട്ടിസ്റ്റ്സ്’ എന്ന കാറ്റഗറിയിലാണ് കനി കുസൃതിയുടെ പേര് പട്ടികയിൽ ഇടം നേടിയത്. ചലച്ചിത്ര സംവിധായിക ശ്രുതി ഗാംഗുലിയാണ് കനി കുസൃതിയെ പരിചയപ്പെടുത്തിയത്. ഇതിഹാസ സംവിധായകൻ പി.പത്മരാജന്‍റെ സിനിമകളാണ് സിനിമയുടെ സാമൂഹിക സാധ്യതകളെക്കുറിച്ച് കനിക്ക് ഉൾക്കാഴ്ച നൽകിയതെന്ന് കുറിപ്പിൽ പറഞ്ഞു. 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്', 'ഗേൾസ് വിൽ ബി ഗേൾസ്', 2026-ൽ പുറത്തിറങ്ങിയ 'അസ്സി' (Assi) തുടങ്ങിയ ചിത്രങ്ങളിലൂടെ രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടിയ കനി, നിലപാടുകൾ തുറന്നുപറയാൻ ഒരിക്കലും മടിക്കാത്ത കലാകാരിയാണ്. 2024 കാൻ ചലച്ചിത്ര മേളയിൽ പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തണ്ണിമത്തൻ രൂപത്തിലുള്ള ബാഗുമായി എത്തിയ കനിയുടെ ധീരമായ ഇടപെടലും കുറിപ്പിൽ പരാമർശിക്കുന്നുണ്ട്.

ഇതേ കാറ്റഗറിയിൽ ദുൽഖർ സൽമാനും ഫീച്ചർ ചെയ്യപ്പെട്ടിട്ടുണ്ട്. കഥകൾ തിരിച്ചറിയാനുള്ള സഹജമായ ഉൾക്കാഴ്ചയും സ്വന്തം ബോധ്യങ്ങളിൽ ഉറച്ചുനിൽക്കാനുള്ള ആത്മവിശ്വാസവുമാണ് ദുൽഖർ സൽമാനെ വിവിധ ഭാഷകളിൽ തന്റേതായ ഇടം പടുത്തുയർത്താൻ സഹായിച്ചതെന്ന് ദുൽഖറിനെക്കുറിച്ച് അനിൽ കപൂർ കുറിച്ചു. ‘മമ്മൂട്ടിയുടെ മകനായിരിക്കുക എന്നത് സമാനതകളില്ലാത്ത വലിയൊരു പാരമ്പര്യത്തോടൊപ്പം തന്നെ കുന്നോളമുള്ള പ്രതീക്ഷകളുടെ ഭാരം കൂടിയാണ് ചുമലിലേറ്റുന്നത്. എന്നാൽ ആ പാരമ്പര്യത്തെ നെഞ്ചോടു ചേർത്തുപിടിച്ചുകൊണ്ടുതന്നെ, തന്റേതായ ഒരു വഴി വെട്ടിത്തുറക്കാൻ ദുൽഖർ കാണിച്ച ധൈര്യം പ്രശംസനീയമാണ്. ഒരു നിർമ്മാതാവെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പുകളിൽ അത് വ്യക്തമായി കാണാം. പുതിയ പ്രതിഭകളെ ചേർത്തുപിടിക്കാനും പ്രേക്ഷകരിലേക്ക് എത്തേണ്ട നല്ല കഥകൾക്ക് കൃത്യമായൊരു വേദിയൊരുക്കാനും അദ്ദേഹം എപ്പോഴും മുന്നിലുണ്ട്,’ അനിൽ കപൂർ കുറിച്ചു.

‘ലീഡേഴ്സ്’ എന്ന കാറ്റഗറിയിലാണ് നയൻതാര ഫീച്ചർ ചെയ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യൻ സിനിമയുടെ മാറുന്ന ഭാവുകത്വത്തിന് നൽകിയ സംഭാവനകൾ, സമൂഹത്തിൽ ചെലുത്തിയ സ്വാധീനം, വേറിട്ട സർഗ്ഗാത്മക തിരഞ്ഞെടുപ്പുകൾ എന്നിവയാണ് ഇവരെ ഈ സുപ്രധാന അംഗീകാരത്തിന് അർഹരാക്കിയത്. തപ്‌സി പന്നു, ആലിയ ഭട്ട്, സാമന്ത റൂത്ത് പ്രഭു, നയൻതാര, സായ് പല്ലവി തുടങ്ങിയവരും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Malayalam actors Parvathy Thiruvothu, Kani Kusruti, Dulquer Salmaan, and Nayanthara have been featured in TIME magazine's inaugural 'TIME100 Next India 2026' list. This prestigious recognition highlights their bold choices, artistic contributions, and significant impact on the future of Indian cinema.