സിനിമയിലെത്തുന്നതിന് മുന്‍പുള്ള ജീവിതത്തെ കുറിച്ച് മനസുതുറക്കുകയാണ് ബോളിവുഡ് നടന്‍ പങ്കജ് ത്രിപാഠി. സിനിമയിലേക്ക് എത്തുന്നത് തനിക്ക് ഒട്ടും എളുപ്പമുള്ള കാര്യമായിരുന്നില്ലെന്നും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും പങ്കജ് ത്രിപാഠി പറഞ്ഞു. ദ് ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ എന്ന ഷോയിലാണ് താരം തന്‍റെ മുന്‍കാല ജീവിതത്തെ കുറിച്ച് മനസുതുറന്നത്. 

സിനിമയിലെത്തുന്നതിന് മുൻപ് രണ്ട് വർഷത്തോളം താൻ ഒരു ഹോട്ടലിൽ ജോലി ചെയ്തിട്ടുണ്ടെന്നും അവിടെ സവാളയുടെ തൊലികളയുന്നതും ഉരുളക്കിഴങ്ങ് ചെത്തുന്നതുമായിരുന്നു തന്‍റെ ജോലിയെന്നും അദ്ദേഹം വെളിപ്പെടുത്തി. പഠിക്കുന്ന കാലത്ത് വിദ്യാർഥി രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ  ആഗ്രഹിച്ചിരുന്നതായും പങ്കജ് പറഞ്ഞു. എന്നാല്‍ ഒരിക്കല്‍ ഒരു സമരത്തിനിടയില്‍ വച്ച് പൊലീസിൽ നിന്നും അടികിട്ടിയെന്നും അതോടെ ആ മോഹം ഉപേക്ഷിക്കുകയായിരുന്നുവെന്നും പങ്കജ് ത്രിപാഠി വ്യക്തമാക്കി. 

ഹോട്ടലില്‍ ഉള്ളി പൊളിക്കുന്നതിനിടെയിലും തന്‍റെ നിയോഗം മറ്റൊന്നാണെന്ന് തനിക്ക് തോന്നികൊണ്ടിരിക്കുമായിരുന്നെന്നും ഒടുവിൽ ഞാൻ അഭിനയത്തിലേക്കെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  സിനിമയിൽ യാതൊരുവിധ  പശ്ചാത്തലവുമില്ലാതെ എത്തിപ്പെടുന്നവർക്ക് ഒടിടി പ്ലാറ്റ്‌ഫോമുകൾ വലിയ അവസരങ്ങളാണ് നൽകിയതെന്നും താരം പറഞ്ഞു. സാധാരണ കുടുംബങ്ങളിൽ നിന്ന് വരുന്ന നിരവധി പേർക്ക് കഠിനാധ്വാനത്തിലൂടെ സ്വന്തം ഇടം കണ്ടെത്താൻ ഇന്നത്തെ ഡിജിറ്റൽ ലോകം വഴിയൊരുക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. 

ENGLISH SUMMARY:

Renowned Bollywood actor Pankaj Tripathi recently reflected on his hard struggles prior to achieving success in the film industry. Speaking on 'The Great Indian Kapil Sharma Show', the actor revealed that he worked at a hotel for nearly two years, where his main duty was peeling onions and skinning potatoes. He also shared how a police beating during a student protest made him abandon his early aspirations of entering politics. Pankaj emphasized that OTT platforms and the digital era have opened immense opportunities for talented individuals from non-filmic backgrounds to carve out their space through hard work.