ഇന്ത്യന്‍ സിനിമയില്‍ വിസ്മയം തീര്‍ത്ത് ബോകസോഫീസിലും ചരിത്രം സൃഷ്ടിക്കുകയാണ് ബോളിവുഡ് ചിത്രം രാമായണ പാര്‍ട്ട്–1. നിതേഷ് തിവാരി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രത്തെയും അണിയറപ്രവർത്തകരെയും പ്രശംസിച്ച് വൈകാരിക കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടൻ വിവേക് ഒബ്റോയ്. ചിത്രത്തിൽ 'വിദ്യുജ്ജിഹ്വൻ' എന്ന കഥാപാത്രത്തെയാണ് വിവേക് അവതരിപ്പിച്ചിരിക്കുന്നത്. രാവണനുമായുള്ള വിദ്യുജ്ജിഹ്വന്റെ പോരാട്ടം സിനിമയുടെ ഹൈലൈറ്റ് സീനുകളിലൊന്നാണ്.
രാമായണം വെറുമൊരു സിനിമയല്ലെന്നും ഭാരതീയ സംസ്കാരത്തിന്റെയും മൂല്യങ്ങളുടെയും മഹായജ്ഞമാണെന്ന് വിശേഷിപ്പിക്കുകയാണ് വിവേക് ഒബ്റോയ്. ഹോളിവുഡ് ഇതിഹാസ ചിത്രം ജെയിംസ് കാമറൂണിന്റെ 'അവതാറി'നോടാണ് രാമായണത്തെ വിവേക് ഒബ്റോയ് ഉപമിച്ചത്. "ജെയിംസ് കാമറൂണിന്റെ 'അവതാർ' ഒരു ഭാവനാ ലോകമായിരുന്നുവെങ്കിൽ, 'രാമായണം' ഭാരതീയ നാഗരികതയുടെയും പാരമ്പര്യത്തിന്റെയും സത്യത്തിന്റെയും പ്രതിഫലനമാണ്. ഇന്ത്യൻ സിനിമയിലെ ഒരു നാഴികക്കല്ലാണ് ഈ പ്രോജക്ട്", വിവേക് കുറിച്ചു. നിർമ്മാതാവ് നമിത് മൽഹോത്രയ്ക്ക് നന്ദി അറിയിക്കുകയും ശ്രീരാമന്റെ കഥ ഇത്രയും വലിയ ദൃശ്യവിസ്മയമായി ലോകത്തിന് മുന്നിൽ എത്തിച്ചതിനെ പ്രശംസിക്കുകയും ചെയ്തു.
സംവിധായകൻ നിതേഷ് തിവാരിയുടെ വർഷങ്ങളുടെ കഠിനാധ്വാനം സിനിമയുടെ ഓരോ ഫ്രെയിമിലും വ്യക്തമാണെന്ന് താരം കൂട്ടിച്ചേർത്തു. "ഞാൻ ഒരു സിനിമ കാണുകയാണെന്ന് തോന്നിയില്ല, രാമയുഗത്തിലേക്ക് തിരികെ യാത്ര ചെയ്തതുപോലെയുള്ള അനുഭവമായിരുന്നു അത്." സംവിധായകനൊപ്പം ചിത്രത്തിലെ പ്രധാന അഭിനേതാക്കളുടെ പ്രകടനങ്ങളെയും വിവേക് പുകഴ്ത്തി.
"രൺബീർ എങ്ങനെയാകും ശ്രീരാമനെ അവതരിപ്പിക്കുക എന്നതിൽ പലർക്കും കൗതുകമുണ്ടായിരുന്നു. എന്നാൽ സ്ക്രീനിൽ രാമനെ തന്നെയാണ് ഞാൻ കണ്ടത്. 'റോക്കി'യിൽ നിന്ന് 'രാവണനി'ലേക്കുള്ള യഷിന്റെ വളർച്ച അത്ഭുതപ്പെടുത്തുന്നതാണ്. രാവണന്റെ പത്തു തലകൾ സംസാരിക്കുന്ന രംഗങ്ങൾ ഗംഭീരമായി. സീതാദേവിയുടെ കഥാപാത്രത്തിന് ആവശ്യമായ നിഷ്കളങ്കതയും മാഹാത്മ്യവും ശുദ്ധിയും പൂർണമായി നൽകാൻ സായ് പല്ലവിക്ക് സാധിച്ചു", വിവേക് അഭിപ്രായപ്പെട്ടു. ലക്ഷ്മണനായി അഭിനിച്ച രവി ദുബെ, ശൂർപ്പണഖയായെത്തിയ രാകുൽ പ്രീത് സിങ്, മണ്ഡോദരി കഥാപാത്രത്തെ അവതരിപ്പിച്ച കാജൽ അഗർവാൾ തുടങ്ങിയ താരങ്ങളുടെ പ്രകടനങ്ങളെയും സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ ഉൾപ്പെടെയുള്ള സാങ്കേതിക പ്രവർത്തകരെയും വിവേക് ഒബ്റോയ് തന്റെ സോഷ്യൽ മീഡിയ കുറിപ്പിലൂടെ അഭിനന്ദിച്ചു.