ബോളിവുഡ് താരങ്ങളായ ആയുഷ്മാൻ ഖുറാന, തുഷാർ കപൂർ എന്നിവർക്ക് വധഭീഷണി മുഴക്കി പണം തട്ടാൻ ശ്രമിച്ച കേസിൽ ബെംഗളൂരുവിൽ നിന്നുള്ള ഐടി എൻജിനീയറെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കുപ്രസിദ്ധ ഗാംങ്സ്റ്റർ ലോറൻസ് ബിഷ്ണോയിയുടെ സംഘാംഗമാണെന്ന് അവകാശപ്പെട്ടും അവരുടെ പേര് ഉപയോഗിച്ചുമാണ് പ്രതി താരങ്ങളെ ഭയപ്പെടുത്തിയിരുന്നത്.
ബെംഗളൂരു സ്വദേശിയും ഐഐടി ബിരുദധാരിയുമായ 30 കാരന് വൈഭവ് മിശ്രായാണ് മുംബൈ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. ബെംഗളൂരുവിൽ നിന്നും കസ്റ്റഡിയിലെടുത്ത പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിനായി മുംബൈയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. പ്രാരംഭ അന്വേഷണത്തിൽ പ്രതിക്ക് ലോറൻസ് ബിഷ്ണോയി ഗ്യാങുമായി നേരിട്ട് ബന്ധമുള്ളതായി തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നു തെളിഞ്ഞിട്ടുണ്ട്. ഭീതി പരത്തി പണം തട്ടാൻ വേണ്ടി മാത്രം ഗ്യാങ്ങിന്റെ പേര് ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.
തുഷാർ കപൂറിനോടും ആയുഷ്മാൻ ഖുറാനയോടും പ്രതി ആവശ്യപ്പെട്ടത് കോടികളാണ്. കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് തുഷാർ കപൂറിന് വോയിസ് മെസേജ് വഴി ഭീഷണി സന്ദേശം ലഭിക്കുന്നത്. ബിഷ്ണോയ് ഗ്യാങ് അംഗമെന്ന് സ്വയം പരിചയപ്പെടുത്തിയ 'ഹാരി ബോക്സർ' എന്ന പേരിലുള്ള വ്യക്തിയാണ് നടനോട് അഞ്ചു കോടി രൂപയാണ് ആവശ്യപ്പെട്ടത്. പിന്നാലെ ആയുഷ്മാൻ ഖുറാനയ്ക്കും സമാനമായ രീതിയിൽ കോടികൾ ആവശ്യപ്പെട്ട് ഭീഷണി സന്ദേശങ്ങൾ ലഭിച്ചു.
താരങ്ങളുടെ പരാതിയെ തുടർന്ന് മുംബൈ പൊലീസിന്റെ ആന്റി-എക്സ്ടോർഷൻ സെല്ലും ക്രൈംബ്രാഞ്ചും അന്വേഷണം ആരംഭിക്കുകയായിരുന്നു. പ്രതി അയച്ച ഓഡിയോ സന്ദേശങ്ങളും പൊലീസ് റെക്കോർഡുകളിലുള്ള 'ഹാരി ബോക്സർ' ഉൾപ്പെടെയുള്ള ഗ്യാങ് അംഗങ്ങളുടെ ശബ്ദ സാമ്പിളുകളും തമ്മിൽ ഒത്തുനോക്കിയെങ്കിലും ഇവ തമ്മിൽ സാമ്യമില്ലെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ സാങ്കേതിക അന്വേഷണമാണ് പ്രതിയായ വൈഭവ് മിശ്രയിലേക്ക് പൊലീസിനെ എത്തിച്ചത്.
ഒക്ടോബർ 18-ന് മുംബൈയിലെ ജുഹു പ്രദേശത്ത് നടൻ ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ ബൈക്കിലെത്തിയ രണ്ട് പേർ വെടിയുതിർത്ത സംഭവത്തിന് പിന്നാലെ, ബോളിവുഡ് താരങ്ങൾക്ക് നേരെയുള്ള ഇത്തരം ഭീഷണികളെ ഗൗരവമായാണ് മുംബൈ പൊലീസ് കാണുന്നത്. വൈഭവ് മിശ്രയുടെ ഭീഷണിക്കു പിന്നിൽ മറ്റാരെക്കെയെങ്കിലും പങ്കുണ്ടോ എന്ന കാര്യവും പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.