തെന്നിന്ത്യൻ സിനിമകളിൽനിന്ന് വിട്ടുനിൽക്കാനുള്ള കാരണത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടി രാധിക ആപ്തെ. ദക്ഷിണേന്ത്യൻ സിനിമാ വ്യവസായങ്ങളിൽ തനിക്ക് അംഗീകരിക്കാനാകാത്ത ചില പ്രവണതകളുണ്ടെന്നും ഇവിടുത്തെ സിനിമകളിലെ സൗന്ദര്യസങ്കൽപ്പങ്ങളോടുള്ള വിയോജിപ്പാണ് അതിലൊന്നെന്നും രാധിക പറയുന്നു.

തെന്നിന്ത്യൻ സിനിമകളിൽ അവിടത്തെ കഴിവുറ്റ അഭിനേത്രികൾക്കു പകരം വെളുത്ത നിറമുള്ള ഉത്തരേന്ത്യൻ നടിമാർക്കാണ് പ്രാധാന്യം നൽകുന്നതെന്ന് രാധിക പറഞ്ഞു. നെറ്റ്ഫ്ലിക്സിന്റെ പുതിയ സീരീസായ ‘അക്ക’യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് രാധിക ആപ്തെ ഇക്കാര്യം വെളിപ്പെടുത്തിയത്.

‘ഞാൻ പറയുന്നത് ചിലപ്പോൾ തെറ്റായിരിക്കാം. എങ്കിലും, എന്റെ കാഴ്ചപ്പാടിൽ ഉത്തരേന്ത്യൻ നടിമാരെ തെന്നിന്ത്യൻ സിനിമകളിൽ അഭിനയിപ്പിക്കുന്നത് അവർക്ക് കൂടുതൽ വെളുത്ത നിറമുള്ളതുകൊണ്ടാണ്. എനിക്ക് ആ നിറമില്ല. എന്നാൽ, തെന്നിന്ത്യൻ സിനിമകളിൽ അവിടത്തെ സ്വന്തം നടിമാരെ അഭിനയിപ്പിക്കാതെ ഉത്തരേന്ത്യൻ നടിമാരെ കൊണ്ടുവരുന്നത് എന്തുകൊണ്ടാണെന്ന് ഞാൻ ചിന്തിക്കാറുണ്ട്’ — രാധിക വ്യക്തമാക്കി.

ദക്ഷിണേന്ത്യയിലെ സ്ത്രീകൾ അതീവ സുന്ദരികളും അപാരമായ പ്രതിഭയുള്ളവരും ഭാഷ നന്നായി അറിയുന്നവരുമാണെന്ന് രാധിക പറഞ്ഞു. എന്നാൽ, ഒരു വാക്കുപോലും പ്രാദേശിക ഭാഷയിൽ സംസാരിക്കാൻ അറിയാത്ത നടിമാരെ മുംബൈയിൽനിന്ന് കൊണ്ടുവന്ന് അവരുടെ കഥാപാത്രങ്ങൾക്ക് ഡബ്ബ് ചെയ്യിക്കുന്ന പ്രവണത തനിക്ക് ഇഷ്ടമല്ലെന്നും അതിനോട് വിയോജിപ്പാണെന്നും താരം കൂട്ടിച്ചേർത്തു.

ഇരുപത് വർഷത്തിലേറെയായി സിനിമാമേഖലയിൽ സജീവമായ രാധിക ആപ്തെ ഇതുവരെ രണ്ട് തമിഴ് സിനിമകളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്. രജനികാന്ത് നായകനായ ‘കബാലി’, അജ്മൽ അമീറിനൊപ്പം അഭിനയിച്ച ‘വെട്രി സെൽവൻ’ എന്നിവയാണ് ആ ചിത്രങ്ങൾ.

ENGLISH SUMMARY:

Actress Radhika Apte recently opened up about the reasons for stepping away from South Indian cinema, citing disagreements with regional beauty standards and industry casting preferences. She expressed her views during the promotion of her upcoming Netflix series 'Akka', highlighting issues regarding the preference for fair-skinned actresses from North India.