• രാജേന്ദ്രന്‍ ഐസിയുവിലാണെന്ന തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച ആളോട് താന്‍ കാര്യം തിരക്കി. തനിക്ക് ലഭിച്ച ഒരു ലിങ്ക് അതുപോലെ ഷെയർ ചെയ്യുകയായിരുന്നു എന്നായിരുന്നു അയാളുടെ മറുപടി

ചലച്ചിത്ര താരങ്ങള്‍ മരണപ്പെട്ടു, ഗുരുതരാവസ്ഥയില്‍ ഹോസ്പിറ്റലിലാണ് എന്നിങ്ങനെ ഫേക്ക് ന്യൂസ് ഓരോ കാലങ്ങളില്‍ സൈബര്‍ വാളുകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. പലരും വാസ്തവം മനസിലാക്കാതെ ഇത്തരം പോസ്റ്റുകളും വാര്‍ത്തകളും പങ്കുവെയ്ക്കാറുമുണ്ട്. ഇത്തരം സൈബര്‍ ബുള്ളിങ്ങിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് തമിഴ് നടന്‍ മൊട്ട രാജേന്ദ്രന്‍. താരം ഹോസ്പിറ്റലില്‍ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിക്കപ്പെട്ടെന്ന രീതിയിലായിരുന്നു വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍, വാർത്ത തെറ്റാണെന്നും താൻ പൂർണ ആരോഗ്യവാനാണെന്നും നടൻ തന്നെ വ്യക്തമാക്കുന്നു. 

കാതൽ ഫെയിം നടൻ സുകുമാറാണ് മൊട്ട രാജേന്ദ്രനെ സംബന്ധിച്ച നിജസ്ഥിതി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഗുമ്മിടിപ്പൂണ്ടിയിൽ നടന്ന ഒരു ജന്മദിനാഘോഷത്തിൽ മൊട്ട രാജേന്ദ്രനെ കണ്ടുമുട്ടിയപ്പോള്‍, ആശുപത്രിയിൽ പ്രവേശിപ്പിച്ച വാർത്തയെക്കുറിച്ച് സുകുമാർ ചോദിച്ചു. 'ഏയ്, അതൊന്നുമില്ല തലൈവാ, ഞാൻ പാറപോലെ ഫിറ്റാണ്!' എന്നായിരുന്നു ചിരിച്ചുകൊണ്ട് രാജേന്ദ്രന്റെ മറുപടി. പക്ഷേ, ഓൺലൈനിൽ വ്യാജ വാർത്ത പ്രചരിച്ചതോടെ നിരന്തരം ഫോൺ കോളുകൾ വന്നത് തന്നെ ഏറെ വിഷമിപ്പിച്ചുവെന്ന് രാജേന്ദ്രൻ പറഞ്ഞതായി സുകുമാര്‍ വെളിപ്പെടുത്തുന്നു. 

രാജേന്ദ്രന്‍ ഐസിയുവിലാണെന്ന തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച ആളോട് താന്‍ കാര്യം തിരക്കി. തനിക്ക് ലഭിച്ച ഒരു ലിങ്ക് അതുപോലെ ഷെയർ ചെയ്യുകയായിരുന്നു എന്നായിരുന്നു അയാളുടെ മറുപടി. സംഭവത്തില്‍ മാപ്പ് പറഞ്ഞ് വീഡിയോ പുറത്തുവിടുമെന്ന് പറഞ്ഞെങ്കിലും, അയാള്‍ ഇതുവരെ ചെയ്തിട്ടില്ലെന്നും സുകുമാർ ആരോപിച്ചു. 

വില്ലന്‍‌ വേഷത്തിലൂടെ തമിഴില്‍ തുടക്കം കുറിച്ച് പിന്നീട് കോമഡി നമ്പരുകളുമായി തിളങ്ങിയ മൊട്ട രാജേന്ദ്രന്‍ 70-ാം വയസിലും ഫിറ്റ്നസ് കൈമോശം വരുത്തിയിട്ടില്ലെന്ന് സുകുമാര്‍ പറയുന്നു. ദിവസവും രാവിലെ സ്വന്തം വീട്ടിലെ ജിമ്മിൽ ഒരു മണിക്കൂറോളം അദ്ദേഹം വ്യായാമം ചെയ്യുന്നുണ്ട്.

1977 മുതല്‍ സ്റ്റണ്ട് ആർട്ടിസ്റ്റായി തമിഴ് സിനിമയിലെത്തിയ രാജേന്ദ്രന്‍ 500 ല്‍ അധികം സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആര്യ നായകനായ 'നാന്‍ കടവുൾ' എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചാണ് ശ്രദ്ധേയനാകുന്നത്. പിന്നീട് കോമഡി വേഷങ്ങളിലേക്ക് തിരിഞ്ഞ അദ്ദേഹം തമിഴിലും മറ്റ് ഭാഷകളിലുമായി 100 – ല്‍ അധികം സിനിമകളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നടനാകുന്നതിന് മുൻപ് 35 വർഷത്തോളമാണ് അപകടകരമായ നിരവധി സ്റ്റണ്ട് രംഗങ്ങളിൽ രാജേന്ദ്രൻ പ്രവർത്തിച്ചിട്ടുണ്ട്.

അക്കാലത്ത് ഒരു മലയാള സിനിമയില്‍ ഫൈറ്റ് രംഗം ചിത്രീകരിച്ച സമയത്തുണ്ടായ അപകടമാണ് തലയിലെ മുടി പോകുന്ന വിധത്തില്‍ ശാരീരിക ബുദ്ധിമുട്ടുകളുണ്ടാക്കിയത്. മുടിയും പുരികവുമെല്ലാം പോയതോടെ മൊട്ട രാജേന്ദ്രന്‍ എന്ന പേര് വിണു. അദ്ദേഹത്തിന്റെ മൂന്ന് മക്കളുടെയും വിവാഹം കഴിഞ്ഞുവെന്നും, സന്തോഷകരമായ കുടുംബജീവിതത്തോടൊപ്പം അഭിനയത്തിലും താരം സജീവമാണെന്നും സുകുമാർ കൂട്ടിച്ചേർത്തു.

സന്താനം നായകനാകുന്ന പുതിയ കോമഡി ചിത്രത്തിൽ അഭിനയിക്കാന്‍ പോകുകയാണെന്ന്  പറഞ്ഞുകൊണ്ട് സന്തോഷത്തോടെയാണ് രാജേന്ദ്രൻ യാത്രപറഞ്ഞതെന്ന് സുകുമാര്‍ സാക്ഷ്യപ്പെടുത്തുന്നു. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർ അത് ബാധിക്കുന്ന കലാകാരന്മാർക്ക് വരുത്തുന്ന വിഷമങ്ങൾ കുറച്ചൊന്നുമല്ലെന്ന് ഈ സംഭവം ഓർമ്മിപ്പിക്കുന്നു.

ENGLISH SUMMARY:

Tamil actor Motta Rajendran recently fell victim to a cyber hoax claiming he was hospitalized in critical condition in the ICU. Actor Sukumar debunked the rumors after meeting Rajendran at a birthday celebration in Gummidipoondi, where Rajendran cheerfully assured him that he was completely fit and healthy like a rock. Although the false reports caused distress due to relentless phone calls, Rajendran remains active, maintains a strict daily workout routine at 70 years old, and is currently busy shooting for a new comedy film starring Santhanam.