rimi-tomi-libin-mathew

TOPICS COVERED

താന്‍ വിവാഹിതയാവാനൊരുങ്ങുകയാണെന്ന വിവരം കഴിഞ്ഞ ദിവസം ഗായിക റിമി ടോമി പങ്കുവച്ചിരുന്നു. ഇപ്പോള്‍ വിവാഹം കഴിക്കാന്‍ പോകുന്ന ആളെ പരിചയപ്പെടുത്തുകയാണ് റിമി. തന്‍റെ ജിം ട്രെയിനറായ ലിബിന്‍ മാത്യുവാണ് വരന്‍ എന്ന് റിമി വെളിപ്പെടുത്തി. ഡോംബിവല്ലിയിൽ വച്ചാണ് വിവാഹമെന്നും ഒരുപാട് പേരെ വിളിക്കാതെ ചെറിയ ചടങ്ങായാണ് നടത്തുന്നതെന്നും റിമി പറഞ്ഞു. 

‘എല്ലാം ദൈവാനുഗ്രഹമാണ്. അധികം സസ്പെൻസ് വെക്കുന്നില്ല. എന്റെ വ്യക്തിപരമായ കാര്യങ്ങൾ ഞാൻ തന്നെ എന്റെ ആരാധകരോട് പറയണമെന്നാണ് എന്റെ ആഗ്രഹം. അഭ്യൂഹങ്ങൾ ഒഴിവാക്കാനാണ് ഇത് എന്റെ ചാനലിലൂടെ തന്നെ വന്ന് വെളിപ്പെടുത്തുന്നത്. നവംബറിലാണ് കല്യാണം, കല്യാണക്കുറി കാണിക്കാം. കല്യാണ ചെറുക്കൻ മുംബൈയിൽ നിന്നാണ്. ബോഡി ബിൽഡറാണ്, എന്റെ ഇപ്പോഴത്തെ ജിം ട്രെയിനറാണ്. 

മലയാളിയായ ലിബിൻ മാത്യുവാണ് എന്റെ വരന്‍. മുംബൈയിൽ നിന്ന് വരനെ കണ്ടെത്തിയ കഥ പിന്നെ പറയാം. മാർച്ചിലാണ് ആദ്യമായി കണ്ടത്. ആദ്യം കാണുന്നതിന് മുന്‍പ് തന്നെ കല്യാണം എന്നതിലേക്ക് എത്തിയിരുന്നു. ദൈവത്തോട് ഏറെ ആഗ്രഹിച്ച് പ്രാർഥിച്ച് നിന്ന സമയത്താണ് ഇരുവരും ഒരുമിച്ചത്. ഒരുപാട് മുൻവിധിയില്ല. അദ്ദേഹത്തോടൊപ്പം നിൽക്കുമ്പോൾ ഒരു ധൈര്യവും സമാധാനവും പോസിറ്റിവിറ്റിയും ലഭിക്കുന്നുണ്ട്.

എന്തുവന്നാലും കൂടെ ഉണ്ട് എന്ന ധൈര്യം ലിബിന്റെ ഭാഗത്തുനിന്നും ഉണ്ട്. ഏതുകാര്യത്തിനും ഒരാൾ കൂടെയുണ്ടാകുക, അങ്ങനെ ഒരു ധൈര്യം എനിക്ക് ലിബിന്റെ ഭാഗത്തുനിന്നും ഫീൽ ചെയ്തു. അച്ഛന്റെ, ചേട്ടന്റെ , ഭർത്താവിന്റെ സ്ഥാനത്ത് എല്ലാത്തിനും ഉപരിയായി മികച്ച സുഹൃത്തായി എനിക്ക് ലിബിനെ തോന്നുന്നു. ജീവിച്ച് കാണിക്കു ഡയലോഗ് വേണ്ട എന്നാകും എല്ലാവരും പറയുക. എന്നാൽ എന്റെ നല്ലത് ആഗ്രഹിക്കുന്ന ആളുകൾക്ക് വേണ്ടിയാണ് എന്റെ വിഡിയോ.

എന്റെ മുൻഭർത്താവിന്റെ ചിത്രങ്ങൾ ഉപയോഗിച്ച് വിഡിയോയും വാർത്തയും നൽകുന്നുണ്ട്. അത് വളരെ തെറ്റായ കാര്യമാണ്. അദ്ദേഹം എന്നേക്കാൾ നല്ല പങ്കാളിയുമായി കുടുംബമായി ജീവിക്കുകയാണ്. അദ്ദേഹത്തെ വെറുതേ വിട്ടേക്കു. ഇനി കൂടുതൽ മുംബൈയിലാകും താമസിക്കുക. ഡോംബിവല്ലിയിൽ വച്ചാണ് വിവാഹം. എല്ലാവരെയും കല്യാണത്തിന് വിളിച്ചതായി കണക്കാക്കണം. എല്ലാവർക്കും പങ്കെടുക്കാൻ കഴിഞ്ഞെന്നു വരില്ല. 

ചെറിയ ചടങ്ങായാണ് കല്യാണം. ഇൻഡസ്ട്രിയിൽ നിന്നുപോലും ആരേയും വിളിക്കുന്നില്ല. നിങ്ങളുടെ പ്രാർഥനയും അനുഗ്രവും വേണം. 15 വയസ്സുമുതൽ നിങ്ങളെന്നെ കാണുന്നതാണ്. നിങ്ങളുടെ അനുഗ്രഹവും സപ്പോർട്ടും കൊണ്ടാണ് ഞാൻ മുന്നോട്ട് പോകുന്നത്. ലിബിനെ കുറിച്ച് പിന്നീട് കൂടുതൽ പറയാം. 

ജിം ദൈവമായി കാണുന്ന ഉഗ്രനൊരു ട്രെയിനറാണ്. ജിമ്മിനകത്ത് തമാശകളില്ല. എല്ലാ രീതിയിലും ഞാൻ ശക്തയായത് ലിബിനിലൂടെയാണ്. പുള്ളിക്ക് മലയാളം അത്രയ്ക്ക് അറിയില്ല, മലയാളം പറയുന്നത് കേള്‍ക്കാന്‍ രസമാണ്. അതിലൊക്കെയാണ് ഞാൻ വീണു പോയത്’, റിമിയുടെ വാക്കുകൾ.

ENGLISH SUMMARY:

Popular playback singer and television host Rimi Tomy has officially introduced her groom-to-be, Libin Mathew, to her fans. Libin Mathew is a professional bodybuilder and gym trainer hailing from Mumbai who originally belongs to Kerala. Rimi revealed that the wedding will take place this November in Dombivli, Mumbai, as an intimate private ceremony with close family members. She also strongly requested the media and online platforms to stop using photographs of her ex-husband in news reports, emphasizing that he is happily settled in his own life.