കാന്‍സര്‍ രോഗത്തിന് ചികില്‍സയിലായിരിക്കുന്ന രേണു സുധിയുടെ തിരിച്ചുവരവിനായുള്ള പ്രാര്‍ഥനയിലാണ് സുഹൃത്തുക്കളും ആരാധകരും. എന്നാല്‍ ഈ അവസ്ഥയിലും രേണുവിനെ സൈബര്‍ അറ്റാക്ക് ചെയ്യാനും മടിക്കാത്തവരുണ്ട്. കളിയാക്കുന്നവര്‍ക്കും പരിഹസിക്കുന്നവര്‍ക്കും കാന്‍സറിന്റെ വേദന അറിയില്ലെന്ന് പറയുകയാണ് നടി സീമ ജി.നായര്‍. താന്‍ രേണുവിനെ കണ്ടുവെന്നും കീമോ താങ്ങാനുള്ള ശേഷി ആ ശരീരത്തിനില്ലെന്നും സീമ പറഞ്ഞു. അങ്ങനെയുള്ള ഒരാളെയാണ് ആളുകള്‍ തേജോവധം ചെയ്യുന്നതെന്നും വെറൈറ്റി മീഡിയക്ക് നല്കിയ അഭിമുഖത്തില്‍ സീമ പറഞ്ഞു.
'ഞാൻ രേണുവിനെ കണ്ടിട്ടുണ്ട്. ഐസിയുവിൽ കയറിയൊന്നും കാണാൻ പറ്റില്ല. ആൾക്കാരെ എത്ര പരിചയമുണ്ടെന്ന് പറഞ്ഞാലും അങ്ങനെ പോകാൻ പാടില്ല. ഞാനും രേണുവും ഒരുമിച്ച് ഫോട്ടോ എടുത്തിട്ടില്ല. രേണു ആഗ്രഹത്തിന്റെ പുറത്തുണ്ടാക്കിയ ഫോട്ടോ ആണത്. എനിക്കും ആ ഫോട്ടോ ഇഷ്ടപ്പെട്ടപ്പോൾ പ്രൊഫെെൽ പിക്ചറായി ഇട്ടു. വിവാദങ്ങളെക്കുറിച്ച് ഞാൻ ചിന്തിക്കുന്നില്ല. കേരളം മൊത്തം ഇളക്കി മറിക്കുന്നു. അവർക്കൊന്നും ഈ കാൻസർ വരരുതേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. കാരണം ഇത് വരുന്നവർക്കും കൂടെ നിന്ന് അനുഭവിക്കുന്നവർക്കും മാത്രമേ അതിന്റെ വേദന അറിയൂ.
സുധി പോയ ശേഷം രേണു കുറച്ച് ബോൾഡാകാൻ ശ്രമിച്ചു. ചിലർക്കത് ഇഷ്ടപ്പെട്ടില്ല. ഫോട്ടോ അവസാനം നീക്കം ചെയ്യേണ്ടി വന്നു. യൂട്യൂബേർസ് എന്നെ വിളിച്ച് ഫോട്ടോ നീക്കണം എന്ന് പറഞ്ഞു. ആ കുട്ടിയുടെ അവസ്ഥ ഞാനാലോചിച്ചു. ഒന്നാമത് അത്രയ്ക്കും താങ്ങാനുള്ള ശേഷി ആ കുട്ടിയുടെ ശരീരത്തിനില്ല. അത്രയ്ക്കും ഭാരം കുറവാണ്. കീമോയുടെ മരുന്ന് ഒരു പ്രാവശ്യം കയറിക്കഴിഞ്ഞാൽ അവർ അനുഭവിക്കുന്ന ഭ്രാന്തമായ അവസ്ഥ കണ്ട് നിൽക്കുന്നവർക്കേ അറിയൂ. ആറ് കീമോയ്ക്ക് അടുത്ത കീമോയ്ക്ക് പോകാൻ കൊച്ചിന് ആരോഗ്യമില്ല. അങ്ങനെ നിൽക്കുന്ന കുട്ടിയെ ആളുകൾ ഒരുപാട് തേജോവധം ചെയ്തു. ഇപ്പോഴും ചെയ്യുന്നു.
രേണുവിനോട് ഞാനങ്ങനെ സംസാരിക്കാറില്ല. കാരണം ഈ ക്ഷീണം എനിക്കറിയാം. രേണുവിന്റെ സഹോദരി രമ്യയോടാണ് വിവരങ്ങൾ തിരക്കാറ്. ഈ രോഗമുള്ളപ്പോഴും അഞ്ചാറ് പേർ നിന്നാണ് ഒരുമിച്ച് നിന്ന് അവരെ ആക്രമിക്കുന്നത്. വല്ലാത്ത അവസ്ഥയായിപ്പോയി രേണുവിന്റേത്. രേണുവിന് ഇങ്ങനെ അവസ്ഥ വരുമെന്ന് നമ്മളാരും പ്രതീക്ഷിച്ചിരുന്നില്ല. ഒരു മുഴയോ തടിപ്പോ വന്നാൽ വെച്ച് കൊണ്ടിരിക്കരുത്. ഡോക്ടറുടെയടുത്ത് പോകണം. പുള്ളിക്കാരി ഇത് വെച്ച് കൊണ്ടിരുന്നു. അതാണ് ഇത്രയും വലിയ അവസ്ഥയിലേക്ക് എത്തിച്ചത്.എല്ലാവരും സ്വയം പരിശോധിക്കുന്നതും സംശയമുണ്ടെങ്കിൽ ഉടനെ ഡോക്ടറെ കാണുന്നതും ഏറ്റവും നല്ല കാര്യമാണ്. മടിപിടിച്ചിരിക്കരുത്. എന്റെ അമ്മയ്ക്ക് കാൻസറായിരുന്നു. ചിലപ്പോൾ പാരമ്പര്യമായി വരാം. ഞാൻ പാപ്സമിയറും മാമോഗ്രാമുമെല്ലാം ചെയ്യാറുണ്ട്,' സീമ ജി നായർ പറഞ്ഞു.