2022 ഡിസംബർ 22, ആ കുടുംബത്തിന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത കറുത്ത ദിവസമാണ്. മകൾ മൺമറഞ്ഞിട്ട് മൂന്ന് വർഷവും പത്ത് മാസവും ആകുന്നുവെന്ന് ഷിഹാബുദ്ദീൻ കുറിക്കുന്നു. ഷൈൻ ടോം ചാക്കോ നായകനായ 'ഒരു അന്വേഷണത്തിന്റെ തുടക്കം' എന്ന സിനിമയിലെ നടൻ സുധീഷിന്റെ വൈകാരിക രംഗങ്ങൾ പങ്കുവച്ചാണ് നീദ ഫാത്തിമയുടെ അച്ഛൻ ഷിഹാബുദ്ദീൻ സോഷ്യൽ മീഡിയയിൽ നൊമ്പരക്കുറിപ്പ് പങ്കുവച്ചത്.
ചിത്രത്തിലെ ഓരോ രംഗവും കാണുമ്പോൾ തന്റെ മോളുടെ ഓർമകളാണ് മനസ്സിലത്തുന്നതെന്ന് ഷിഹാബുദ്ദീൻ പറയുന്നു. 'ഇതൊരു സിനിമയല്ല, ഞങ്ങളുടെ ജീവിതത്തിൽ സംഭവിച്ച, ഇന്നും ഹൃദയത്തെ വേദനിപ്പിക്കുന്ന യാഥാർത്ഥ്യമാണ്" എന്ന് അദ്ദേഹം കുറിക്കുന്നു. ലോകത്തിന് ഇതൊരു സിനിമയായിരിക്കാമെങ്കിലും, കുടുംബത്തിന് അതൊരു തീരാവേദനയുടെ നോവാണ്. വർഷങ്ങൾ കഴിഞ്ഞാലും അച്ഛന്റെയും ഉമ്മയുടെയും മനസ്സിൽ ആ പൊന്നോമന ഇന്നും പഴയ നിദ കുഞ്ഞായിത്തന്നെ ജീവിക്കുന്നുണ്ടെന്ന വരികളോടെയാണ് അദ്ദേഹം തന്റെ നോവ് പങ്കുവച്ചിരിക്കുന്നത്.
ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പോയ അമ്പലപ്പുഴ സ്വദേശി പത്ത് വയസുകാരിയായിരുന്ന നിദ ഫാത്തിമയുടെ മരണത്തെക്കുറിച്ചുള്ള മഹാരാഷ്ട്ര പൊലീസിന്റെ അന്വേഷണം നിലച്ചമട്ടാണെന്ന് കുടുംബം ആരോപിച്ചിരുന്നു. 2022 ഡിസംബറിൽ നാഗ്പൂരിൽ വച്ചുണ്ടായ മരണത്തിൽ കൃത്യമായ അന്വേഷണം നടന്നിട്ടില്ലെന്നും മരണത്തിലെ ദുരൂഹത നീക്കാൻ സർക്കാർ ഇടപെടണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. മകളുടെ മരണത്തിന് കാരണമായ സാഹചര്യം വ്യക്തമാക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് നിദ ഫാത്തിമയുടെ കുടുംബം ഇപ്പോഴും നീതിക്കായുള്ള കാത്തിരിപ്പിലാണ്.