ഹരിപ്പാട് കാർത്തികപള്ളിയിൽ രണ്ടുവയസ്സുകാരൻ മരിച്ചത് പോഷകാഹാര കുറവിനെ തുടർന്ന് എന്ന് നിഗമനം. പോസ്റ്റ്മോർട്ടത്തിലാണ് കണ്ടെത്തൽ. കുഞ്ഞിന് മതിയായ തൂക്കം ഉണ്ടായിരുന്നില്ല. 12 കിലോ തൂക്കം വേണ്ടിയിരുന്നിടത്ത് ഉണ്ടായിരുന്നത് ഏഴ് കിലോ തൂക്കം മാത്രം. രക്തക്കുറവിന്റെ പ്രശ്നങ്ങളും കുഞ്ഞ് നേരിട്ടിരുന്നെന്നും കണ്ടെത്തൽ. മഹാദേവികാട് മാതുകുളങ്ങര ക്ഷേത്രത്തിനു സമീപം താമസിക്കുന്ന രാജേഷ്–താര ദമ്പതികളുടെ മകൻ രാഹുലിനെയാണ് ഇന്ന് രാവിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇതിൽ ദുരൂഹതയെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു. ശരീരത്തിൽ സംശയാസ്പദമായ മുറിവുകളോ പരുക്കുകളോ ഇല്ല. 

 

ശനിയാഴ്ച ഉച്ചയ്ക്കാണ് പ്രസവവേദനയെത്തുടർന്ന് താരയെ ആശാ പ്രവർത്തകർ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. തുടർന്ന് ഇവർ ആൺകുഞ്ഞിന് ജന്മം നൽകി. വീടിനുള്ളിൽ അനക്കമറ്റു കിടന്ന കുഞ്ഞിനെ പിതാവ് രാജേഷ് സ്വന്തം ഓട്ടോറിക്ഷയിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനുമുൻപേ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. പട്ടിണി മരണമെന്ന സംശയം ഉയർന്നതോടെ തൃക്കുന്നപ്പുഴ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. 

 

അമ്മ ആശുപത്രിയിലായതോടെ രാഹുൽ പിതാവ് രാജേഷിനൊപ്പമായിരുന്നു. പിതാവ് കുഞ്ഞിന്റെ സംരക്ഷണത്തിൽ ശ്രദ്ധ പുലർത്തിയില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്. മുൻപും ഇവരുടെ ഒരാൺകുഞ്ഞ് മരിച്ചിരുന്നു. കയ്യിൽനിന്ന് അബദ്ധത്തിൽ താഴെ വീണതിനെത്തുടർന്നാണ് കുട്ടി മരിച്ചതെന്നായിരുന്നു കുടുംബം നൽകിയ വിശദീകരണം. മഴയിൽ വീട് തകർന്ന് പ്ലാസ്റ്റിക് ഷെഡിലാണ് കുടുംബം കഴിയുന്നത്. ജനപ്രതിനിധികളും ശിശുക്ഷേമസമിതിയും ഇടപെട്ട് ഇവരെ പത്തനാപുരം ഗാന്ധിഭവനിൽ എത്തിച്ചിരുന്നു. അവിടെ തുടരാൻ കുടുംബം വിസമ്മതിച്ചു. സിഡബ്ല്യുസിയുടെ അനുമതിയോടെ വലിയകുളങ്ങരയിലെ കുടുംബവീട്ടിലേക്ക് മടങ്ങി.

ENGLISH SUMMARY:

Malayala Manorama Online News reports that a two-year-old boy in Haripad tragically died due to severe malnutrition and extreme low body weight. The shocking incident has prompted the police to register a case of unnatural death as investigations continue into the family's dire living conditions.