ആലപ്പുഴ കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവും രക്തക്കുറവും മൂലം രണ്ടു വയസുകാരൻ മരിച്ച സംഭവത്തില്‍ രാഹുലിന്‍റെ പിതാവിനെതിരെ ആരോപണവുമായി പഞ്ചായത്ത് അംഗം രംഗത്ത്. കുഞ്ഞുങ്ങള്‍ക്ക് സ്കൂളില്‍ നിന്നും ലഭിച്ചിരുന്ന അരി അച്ഛന്‍ രാജേഷ് ഹോട്ടലില്‍ മറിച്ച് വില്‍ക്കുമായിരുന്നെന്ന് വാര്‍ഡ് അംഗം വിനീത് പറഞ്ഞു. സെപ്റ്റംബര്‍ മാസത്തില്‍ കുട്ടികള്‍ക്ക് സ്കൂളില്‍ നിന്നും ഇരുപത് കിലോ അരി ലഭിച്ചെന്നും അത് സമീപത്തെ ഹോട്ടലില്‍ രാജേഷ് 500 രൂപയ്ക്ക് മറിച്ചുവിറ്റെന്നും വിനീത് പറഞ്ഞു.
അഞ്ചാം വാർഡിൽ വലിയകുളങ്ങര തൈമൂട്ടിൽ രാജേഷ് - താര ദമ്പതികളുടെ മകൻ രണ്ടുവയസുകാരന്‍ രാഹുല്‍ ഞായറാഴ്ച രാവിലെയാണ് മരിച്ചത്. പാൽ തൊണ്ടയിൽ കുടുങ്ങിയാണെന്ന് കുഞ്ഞുമരിച്ചതെന്നായിരുന്നു രാജേഷിന്‍റെ നിലപാട് . എന്നാല്‍ മരണം പോഷകാഹാരക്കുറവ് മൂലമുള്ള അനീമിയാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. സംഭവം വിവാദമായതോടെ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം രാജേഷ് മദ്യപാനിയാണെന്നും കുട്ടികള്‍ക്ക് ആഹാരം നല്‍കിയിരുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. വിശക്കുമ്പോള്‍ കുട്ടികള്‍ക്ക് കട്ടൻ ചായയിൽ ബിസ്കറ്റ് കലക്കി നില്‍കിയിരുന്നെന്ന് അയൽവാസികൾ വെളിപ്പെടുത്തി. കുട്ടികളെ ശരിയായി പരിചരിക്കാനോ പ്രതിരോധ കുത്തിവയ്പുകൾ എടുക്കാനോ മാതാപിതാക്കൾ തയ്യാറായിരുന്നില്ല. മുൻപും മാതാപിതാക്കളുടെ അവഗണന മൂലം ഇവരുടെ മറ്റൊരു ആൺകുട്ടി മരണപ്പെട്ടിരുന്നു.
രാജേഷ്–താര ദമ്പതികളുടെ ഏറ്റവും ഇളയ കുഞ്ഞായിരുന്നു രാഹുല്‍. ബിരുദധാരിയായ രാജേഷ് ഓട്ടോറിക്ഷാ തൊഴിലാളിയാണ്. ദമ്പതികൾക്ക് ഏഴ് കുഞ്ഞുങ്ങൾ ജനിച്ചതായാണ് വിവരം. ഇതിൽ നാലു പെൺകുട്ടികൾ നിലവിൽ ചൈൽഡ് ലൈനിന്റെ സംരക്ഷണത്തിലാണ്. ആറാമത്തെ കുഞ്ഞാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഏഴാമത്തെ കുഞ്ഞിനെ രണ്ടു ദിവസം മുൻപാണ് താര പ്രസവിച്ചത്.