സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് വളർത്തുപക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കുമ്പോള്‍ നഷ്ടപരിഹാരം ലഭിക്കാതെ ദുരിതത്തിലായി കർഷകർ. കഴിഞ്ഞ വർഷത്തെ തുക പോലും ലഭിച്ചിട്ടില്ലെന്ന് താറാവുകർഷകരും കോഴിഫാം ഉടമകളും പറയുന്നു.
കഴിഞ്ഞ കുറേവർഷങ്ങളായി നവംബർ, ഡിസംബർ മാസങ്ങളിൽ കേരളം പക്ഷിപ്പനി ഭീതിയിലാണ്. ദേശാടനപ്പക്ഷികളുടെ വരവാണ് പക്ഷിപ്പനിക്ക് കാരണമാകുന്നതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. കഴിഞ്ഞ വർഷവും ഈ കാലയളവിൽ ആലപ്പുഴ ജില്ലയുടെ പല ഭാഗങ്ങളിലായി പതിനായിരക്കണക്കിന് വളർത്തു പക്ഷികളെയാണ് പക്ഷിപ്പനിയുടെ പേരിൽ കൊന്നൊടുക്കിയിരുന്നു. ഇത്തവണയും നവംബർ മാസം പകുതി പിന്നിട്ടപ്പോൾ നാട് വീണ്ടും പക്ഷിപ്പനി ഭീതിയിലായി. പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ക്രിസ്തുമസ് വിപണി ലക്ഷ്യമിട്ട് വളർത്തിയ താറാവ്, കോഴി, കാട എന്നിവയെയാണ് കഴിഞ്ഞ വർഷത്തേപ്പോലെ ഇത്തവണയും കൊന്നൊടുക്കിയത്.
കഴിഞ്ഞ വർഷം പക്ഷിപ്പനിയുടെ പേരിൽ കൊന്നൊടുക്കിയ വളർത്തു പക്ഷികളുടെ ഉടമകൾക്ക് സർക്കാർ പ്രഖ്യാപിച്ച നഷ്ട പരിഹാരം കടലാസിലൊതുങ്ങി. 30 ദിവസം പ്രായമായതിന് 100 രൂപയും 4 മാസത്തിന് മുകളിൽ പ്രായമുള്ളതിന് 200 രുപയുമാണ് സർക്കാർ നഷ്ട പരിഹാരമായി പ്രഖ്യാപിച്ചിരുന്നത്. ഇതു തന്നെ അപര്യാപ്തമാണെന്നാണ് കർഷകർ പറയുന്നത്. 4 മാസത്തിന് മുകളിൽ പ്രായമുള്ള താറാവിന് പൊതുവിപണിയിൽ 700 രൂപ വിലയുള്ളപ്പോഴാണ് സർക്കാർ 200 രൂപ നൽകാമെന്ന് പ്രഖ്യാപിച്ചത്. എന്നാൽ, വർഷം ഒന്ന് കഴിഞ്ഞിട്ടും ഈ തുകയും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നാണ് കർഷകർ പറയുന്നത്.
നഷ്ടപരിഹാരം ലഭിക്കാതെ കടക്കെണിയിലായ കർഷകർക്ക്, നിലവിലെ പക്ഷിപ്പനി പ്രതിരോധ നടപടികളും വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. മുൻവർഷത്തെ കുടിശ്ശിക പോലും തീർക്കാത്ത സാഹചര്യത്തിൽ, ഈ വർഷം കൊന്നൊടുക്കുന്ന പക്ഷികളുടെ നഷ്ടപരിഹാരവും കേവലം കടലാസിലൊതുങ്ങുമോ എന്ന കടുത്ത ആശങ്കയിലാണ് കർഷക സമൂഹം.