anna-rajan

TOPICS COVERED

തിയറ്ററിൽ മികച്ച അഭിപ്രായംനേടി മുന്നേറിക്കൊണ്ടിരിക്കുകയാണ് രജനികാന്തിന്‍റെ ജയിലർ 2. മോഹൻലാലും ശിവ രാജ്‌കുമാറും ഉൾപ്പെടെ ഇന്ത്യൻ സിനിമയിലെ പല വമ്പൻ താരങ്ങളും ചിത്രത്തിൽ ഒന്നിച്ചിരുന്നു. മലയാളത്തിലെ ഒരുപിടി മികച്ച അഭിനേതാക്കളും ഈ ബ്രഹ്മാണ്ഡ ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്. നടി അന്ന രേഷ്മ രാജനും ജയിലർ 2വിൽ അഭിനയിച്ചിരുന്നു. ഇപ്പോൾ തന്റെ പതിനാറോളം ഭാഗങ്ങൾ വെട്ടികളഞ്ഞെന്ന് തുറന്നുപറയുകയാണ് അന്ന രേഷ്മ രാജൻ. 

ചിത്രത്തിൽ സുരാജ് വെഞ്ഞാറന്മൂടിന്റെ ഭാര്യയായാണ് നടി വേഷമിട്ടത്. എന്നാൽ സുരാജിനോടൊപ്പമുള്ള തന്റെ നിരവധി കോമ്പിനേഷൻ സീനുകൾ വെട്ടിക്കളഞ്ഞെന്നും സിനിമ പുറത്തിറങ്ങിയപ്പോൾ പല രംഗങ്ങളും ഉണ്ടായില്ലെന്നും അന്ന വെളിപ്പെടുത്തി. 

ചിത്രത്തിൽ ഏറെ കയ്യടി നേടിയ രംഗമായിരുന്നു അന്ന രാജൻ സുരാജിനെ നോക്കി ‘മാമാ, തമ്പി പാവം’ എന്ന് പറയുന്ന ഭാഗം. ഡയലോഗ് കഴിഞ്ഞ് സുരാജ് വെഞ്ഞാറന്മൂട് ഒരു എക്സ്പ്രഷൻ ഇടുന്നുണ്ടെന്നും അതിനുശേഷം തന്റെയും ഒരു ക്യൂട്ട് റിയാക്‌ഷൻ ഉണ്ടായിരുന്നെന്നും അവർ പറഞ്ഞു. എന്നാൽ സുരാജിന്റെ കഥാപാത്രത്തിന്റെ പ്രധാന്യം കുറയും എന്ന കാരണത്താൽ തന്റെ ആ റിയാക്ഷൻ കട്ട് ആക്കിയെന്നും അന്ന പറയുന്നു. 

'ഞാൻ അവസാനം ചോദിച്ചു, എന്റെ സീൻ എന്തെങ്കിലും ഉണ്ടോ എന്ന്. അതുണ്ടെന്ന് പറഞ്ഞു. കാരണം പടം എഡിറ്റ് ചെയ്തപ്പോൾ കുറേ സീൻ വെട്ടിപ്പോയി. ലാലേട്ടന്റെ സീൻ കട്ട് ചെയ്ത് കളഞ്ഞാലും ആ പവർ സ്ക്രീനിൽ കിട്ടിയില്ലേ. എല്ലാവരെയും നെൽസർ സർ സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്'- അന്ന രേഷ്മ രാജൻ പറയുന്നു. 

എന്തുതന്നെയായാലും ജയിലറിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ടെന്നും രജനികാന്തിനൊപ്പം ഒരുമാസത്തോളം താൻ ഉണ്ടായിരുന്നുവെന്നും അന്ന കൂട്ടിച്ചേർത്തു. ചിത്രത്തിൽ കാണുന്ന രജനികാന്തിന്റെ പല ഭാഗങ്ങളും ഷൂട്ട് ചെയ്യുമ്പോൾ താനും സെറ്റിൽ ഉണ്ടായിരുന്നുവെന്നും അദ്ദേഹവുമായി സംസാരിക്കാൻ കഴിഞ്ഞെന്നും അതെല്ലാം മറക്കാൻ കഴിയാത്ത അനുഭവങ്ങളാണെന്നും അന്ന പറഞ്ഞു. 

ENGLISH SUMMARY:

Jailer 2 Anna Reshma Rajan deleted scenes update reveals that several of her combination sequences with Suraj Venjaramoodu were removed from the final cut. The actress expressed her happiness about working with superstar Rajinikanth and director Nelson Dilipkumar despite the edits.