‘വയസ്സായാലും ഉൻ സ്റ്റൈലും അഴകും ഇന്നും ഉന്നൈ വിട്ട് പോകല...’
പടയപ്പ സിനിമയിൽ രമ്യാകൃഷ്ണന്റെ കഥാപാത്രം രജനീകാന്തിനോട് പറയുന്ന ഡയലോഗാണിത്. 75-ാം വയസ്സിലും ക്യാമറയ്ക്ക് മുന്നിൽ ഊർജസ്വലനായി നിൽക്കുന്ന സൂപ്പർസ്റ്റാറിനെ കാണുമ്പോൾ ആ വാക്കുകൾ ഓർമവരിക സ്വാഭാവികം. ഈ പ്രായത്തിലും അദ്ദേഹം നിലനിർത്തുന്ന ചുറുചുറുക്കും പ്രസരിപ്പും സിനിമാലോകത്തിനും ആരാധകർക്കും ഒരുപോലെ കൗതുകമാണ്.
പക്ഷേ, ഈ പ്രസരിപ്പിന് പിന്നിൽ കൃത്യമായ ജീവിതചര്യയുമുണ്ട്. ‘അഞ്ച് വെളുത്ത ഭക്ഷണങ്ങൾ’ — പഞ്ചസാര, ഉപ്പ്, മൈദ, പാൽ, തൈര്. ഇവ തന്റെ ഭക്ഷണക്രമത്തിൽ നിന്ന് രജനീകാന്ത് ഒഴിവാക്കി. ചെന്നൈ അപ്പോളോ ആശുപത്രിയിലെ കൺസൾട്ടന്റ് ബാരിയാട്രിക് സർജനായ ഡോ. പ്രീതി മൃണാലിനിയാണ് ഇക്കാര്യങ്ങള് പങ്കുവച്ചത്.
ശരീരത്തിൽ വീക്കം, ഇൻസുലിൻ സ്പൈക്കുകൾ, അസിഡിറ്റി, കുടൽ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയുണ്ടാക്കുന്നതിനാലാണ് ഈ ഭക്ഷണങ്ങൾ നിയന്ത്രിക്കുന്നത്. എരിവും എണ്ണയും ഒഴിവാക്കി. ശുദ്ധമായ ഭക്ഷണം, ദിവസേനയുള്ള വ്യായാമം, ധ്യാനം എന്നിവയാണ് തലൈവരുടെ ആരോഗ്യദിനചര്യ.
തിരക്കേറിയ സിനിമാ ഷെഡ്യൂളുകൾക്കിടയിലും വ്യായാമത്തിന് സമയം കണ്ടെത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. രാവിലെ എഴുന്നേറ്റ് വ്യായാമം ചെയ്ത ശേഷമാണ് സെറ്റിലെത്തുന്നത്. നീന്തലും ട്രെഡ്മില്ലിലെ ഓട്ടവും പതിവ്. ജിം സൗകര്യമില്ലാത്ത ലൊക്കേഷനുകളിലും വ്യായാമം മുടങ്ങാതിരിക്കാൻ മുറിയിൽ ആവശ്യമായ ഉപകരണങ്ങൾ കരുതും.
രജനീകാന്തിന്റെ ജീവിതത്തിൽനിന്ന് നമുക്ക് പഠിക്കാനുള്ളത് ഭക്ഷണനിയന്ത്രണം മാത്രമല്ല. കൃത്യമായ വ്യായാമം, ആരോഗ്യകരമായ ഭക്ഷണശീലം, ജീവിതത്തിലെ അച്ചടക്കം — ഇവയ്ക്കെല്ലാം വലിയ പ്രാധാന്യമുണ്ട്.
എന്നാൽ ഒരു കാര്യം പ്രത്യേകം ഓർക്കണം. സ്റ്റൈൽ മന്നന്റെ ഫിഗറും ഡയലോഗുകളും അനുകരിക്കുന്നതുപോലെ അദ്ദേഹത്തിന്റെ ഭക്ഷണക്രമവും അതേപടി അനുകരിക്കേണ്ടതില്ല. ഓരോരുത്തരുടെയും പ്രായത്തിനും ആരോഗ്യസ്ഥിതിക്കും അനുസരിച്ചായിരിക്കണം ഭക്ഷണവും വ്യായാമവും ക്രമീകരിക്കേണ്ടത്. സൂപ്പർസ്റ്റാറിന്റെ ജീവിതശൈലിയിൽനിന്ന് പ്രചോദനം ഉൾക്കൊള്ളാം. പക്ഷേ, ആരോഗ്യത്തിന്റെ കാര്യത്തിൽ സ്വന്തം ശരീരത്തിന് അനുയോജ്യമായ ശീലങ്ങളാണ് പ്രധാനം.