mohanlal-movie

TOPICS COVERED

തിയറ്ററില്‍ റെക്കോര്‍ഡ് കളക്ഷന്‍ നേടി മുന്നേറുന്ന ചിത്രമാണ് രജനീകാന്ത് നായകനായ ജയിലര്‍ 2. മലയാളത്തിന്‍റെ മോഹന്‍ലാല്‍ ഉള്‍പ്പെടെ ബോളിവുഡിലേയും സൗത്ത് ഇന്ത്യയിലേയും വമ്പന്‍മാര്‍ ജയിലര്‍ 2വില്‍ അണിനിരന്നിട്ടുണ്ട്. ആദ്യഭാഗത്തിലെ മോഹന്‍ലാലിന്‍റെ ഗസ്റ്റ് റോളിന് സിനിമാ പ്രേമികള്‍ക്കിടയില്‍ വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. എന്നാല്‍ രണ്ടാം ഭാഗത്ത് താരത്തിന്‍റെ സീനുകള്‍ വെട്ടിക്കുറച്ചെന്നും ക്ലൈമാക്സ് ഭാഗങ്ങളില്‍ ബോഡി ഡബിളിനെയാണ് കാണിച്ചിരിക്കുന്നതെന്നടക്കമുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ഇത്തരം വിമര്‍ശമങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും മറുപടി നല്‍കുകയാണ് ജയിലര്‍ 2വിന്‍റെ ആക്ഷൻ ഡയറക്ടർ ചേതൻ റംഷി ഡിസൂസ.

അടുത്തിടെ ചേതന്‍ റംഷി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു പോസ്റ്റിന് താഴെ ജയിലര്‍ 2വില്‍ മോഹന്‍ലാലിനെ അവതരിപ്പിച്ചതുമായി ബന്ധപ്പെട്ടുവന്ന ഒരു കമന്‍റിനാണ് ചേതന്‍ മറുപടി നല്‍കിയിരിക്കുന്നത്. 'സർ രണ്ട് സംശയങ്ങൾ. എന്തുകൊണ്ടാണ് മോഹൻലാൽ സാറിന്റെ ഭാഗങ്ങള്‍ സിനിമയില്‍ ട്രിം ചെയ്തിരിക്കുന്നത്?  കൂടാതെ കാർ സീനിൽ മോഹൻലാൽ  അഭിനയിച്ചിട്ടുണ്ടോ അതോ ഡ്യൂപ്പാണോ?' എന്നായിരുന്നു കമന്‍റ്.

കമന്‍റിന് മറുപടിയായി കാര്‍ സീനില്‍ അഭിനയിച്ചിരിക്കുന്നത് മോഹന്‍ലാല്‍ തന്നെയാണെന്ന് ആക്ഷൻ ഡയറക്ടർ പറഞ്ഞു. എന്നാല്‍ ചിത്രത്തില്‍ നിന്ന് മോഹന്‍ലാലിന്‍റെ രംഗങ്ങള്‍ ട്രിം ചെയ്തോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടിയൊന്നും നല്‍കിയതുമില്ല. 

അതേസമയം മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ ലുക്കിൽ ‘ജയിലർ 2’വിൽ നിന്നുള്ള ലൊക്കേഷൻ ചിത്രങ്ങള്‍ മിമിക്രി കലാകാരനും ബോഡി ഡബിള്‍ ആര്‍ട്ടിസ്റ്റുമായ ജോബി കൊടകര പങ്കുവെച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സിനിമ റിലീസ് ചെയ്ത അന്ന് തന്നെ ചിത്രങ്ങള്‍ പങ്കുവച്ചത് മോശമായി പോയെന്നാണ് ഒരു വിഭാഗം കുറ്റപ്പെടുത്തിയത്. ജയിലർ 2 ക്ലൈമാക്സിൽ മോഹന്‍ലാലിന് പകരം വന്നത് ജോബിയാണെന്നുമുള്ള അഭ്യൂഹങ്ങള്‍ പരന്നു. എന്നാല്‍ ചിത്രം പങ്കുവച്ചത് തന്‍റെ തെറ്റാണെന്നും അത് ബോധ്യപ്പെട്ടതുകൊണ്ടാണ് പിന്‍വലിച്ചതെന്നും ജോബി പറഞ്ഞിരുന്നു. ചിത്രത്തില്‍ തന്‍റെ മുഖം കാണിക്കുന്നില്ലെന്നും ജാങ്കോ സ്പേസ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജോബി പറഞ്ഞു.

ENGLISH SUMMARY:

Jailer 2 movie updates and recent controversies regarding Mohanlal's cameo scenes are addressed by the action director. Fans can read more about the clarifications on the body double rumors and film cuts on Malayala Manorama Online News.