sanju-samson-books-entire-theatre-jailer
  • 'രജിനിസാറിന്‍റെ സിനിമ കാണാന്‍ എനിക്കിഷ്ടമാണ്. അടുത്തത് ഏതാകുമെന്നാണ് എപ്പോഴും ഞാന്‍ നോക്കിയിരിക്കുന്നത്. എത്രത്തോളം അദ്ദേഹത്തിന്‍റെ സിനിമ കാണാന്‍ പറ്റുമോ അതെല്ലാം ഞാന്‍ കാണും'

തലൈവര്‍ രജിനികാന്തിന്‍റെ ഹാര്‍ഡ് കോര്‍ ഫാനാണ് സഞ്ജു സാംസണ്‍. ഇപ്പോഴിതാ ഏറ്റവും പുതിയ തലൈവര്‍ ചിത്രം ജയിലര്‍ 2വിനായി സഞ്ജു ഒരു തിയേറ്റര്‍ മുഴുവനായി ബുക്ക് ചെയ്തുവെന്നാണ് വാര്‍ത്തകള്‍. കൂട്ടുകാരും ചാരുവും ഇന്ത്യന്‍ ടീം അംഗങ്ങളുമായി താരം സിനിമ കണ്ടെന്നാണ് വിവരം.

'രജിനിസാറിന്‍റെ സിനിമ കാണാന്‍ എനിക്കിഷ്ടമാണ്. അടുത്തത് ഏതാകുമെന്നാണ് എപ്പോഴും ഞാന്‍ നോക്കിയിരിക്കുന്നത്. എത്രത്തോളം അദ്ദേഹത്തിന്‍റെ സിനിമ കാണാന്‍ പറ്റുമോ അതെല്ലാം ഞാന്‍ കാണും. ഇന്നലെ ഡല്‍ഹിയില്‍ ഒരു ചടങ്ങുണ്ടായതിനാല്‍ കാണാന്‍ പറ്റിയില്ല. ടീമില്‍ തമിഴ് മനസിലാകുന്നവരെല്ലാം സിനിമയ്ക്ക് എത്തും'- സഞ്ജു കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. നേരത്തെ ഐപിഎല്‍ സീസണില്‍ ചെന്നൈയ്ക്കായി സെഞ്ചറി നേടിയതിന് പിന്നാലെ രജിനികാന്ത് സ്റ്റൈലിലാണ് സഞ്ജു സെഞ്ചറി ആഘോഷിച്ചത്. 

അതേസമയം, നെല്‍സണ്‍ സംവിധാനം ചെയ്ത ജയിലര്‍ 2 തിയേറ്ററുകളില്‍ വന്‍ തരംഗം തീര്‍ക്കുകയാണ്. ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെയാണ് രജിനി അവതരിപ്പിക്കുന്നത്. ആക്ഷനും സ്റ്റൈലും സംഗീതവുമെല്ലാം ചേര്‍ന്ന് രജിനി ആരാധകര്‍ക്ക് വിരുന്നാകുകയാണ് ചിത്രം. 477.75 കോടിയാണ് ചിത്രത്തിന്‍റെ വേള്‍ഡ് വൈഡ് കലക്ഷന്‍. ഓപ്പണിങ് ഡേയില്‍ തന്നെ ചിത്രം 125 കോടിയിലേറെ നേടിയിരുന്നു. 2023 ൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രം, 'ജയിലറി'ന്റെ സീക്വലായി എത്തിയ സിനിമ രാജ്യാന്തരതലത്തില്‍ ഏഴായിരത്തോളം സ്ക്രീനുകളിലാണ് പ്രദര്‍ശനം തുടരുന്നത്. 

ENGLISH SUMMARY:

Indian cricketer Sanju Samson, a devoted fan of Rajinikanth, reportedly booked an entire theatre to watch the superstar’s latest film, Jailer 2, along with friends, his wife Charulatha and members of the Indian cricket team. Samson recently spoke about his admiration for Rajinikanth, saying he enjoys watching the actor’s films and looks forward to every new release. The cricketer had previously celebrated a century for Chennai during the IPL season with a signature Rajinikanth-style gesture.