joby-kodakara-mohanlal

TOPICS COVERED

അടുത്തിടെ സമൂഹമാധ്യമത്തില്‍ വലിയ വിമര്‍ശനത്തിന് ഇരയായ മിമിക്രി കലാകാരനും ബോഡി ഡബിള്‍ ആര്‍ട്ടിസ്റ്റുമാണ് ജോബി കൊടകര. മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ ലുക്കിൽ ‘ജയിലർ 2’വിൽ നിന്നുള്ള ലൊക്കേഷൻ ചിത്രങ്ങളാണ് ജോബി പങ്കുവച്ചതോടെയാണ് വിമര്‍ശനങ്ങള്‍‍ ഉയര്‍ന്നത്. സിനിമ റിലീസ് ചെയ്ത അന്ന് തന്നെ ചിത്രങ്ങള്‍ പങ്കുവച്ചത് മോശമായി പോയെന്നാണ് ഒരു വിഭാഗം കുറ്റപ്പെടുത്തിയത്. ‘ജയിലർ 2’ ക്ലൈമാക്സിൽ മോഹന്‍ലാലിന് പകരം വന്നത് ജോബിയാണെന്നുമുള്ള അഭ്യൂഹങ്ങള്‍ പരന്നു. 

വിവാദങ്ങളില്‍ തന്‍റെ ഭാഗം വിശദീകരിക്കുകയാണ് ജോബി. ചിത്രം പങ്കുവച്ചത് തന്‍റെ തെറ്റാണെന്നും അത് ബോധ്യപ്പെട്ടതുകൊണ്ടാണ് പിന്‍വലിച്ചതെന്നും ജോബി പറഞ്ഞു. ചിത്രത്തില്‍ തന്‍റെ മുഖം കാണിക്കുന്നില്ലെന്നും ജാങ്കോ സ്പേസ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജോബി പറഞ്ഞു. 

'സത്യത്തില്‍ എന്‍റെ മുഖം ആ സിനിമയില്‍ വന്നിട്ടില്ല. ലാലേട്ടനുമായി സാമ്യമുള്ളതുകൊണ്ടാണ് അവര്‍ എന്നെ സെലക്ട് ചെയ്തത്. അദ്ദേഹത്തിന്‍റെ വലിയ ആരാധകനാണ് ഞാന്‍. അദ്ദേഹത്തിന്‍റെ പേരില്‍ അരി മേടിക്കുന്ന ആളാണ്. ഷൂട്ടിന് പോയി ലാലേട്ടന്‍റെ വേഷമിട്ട് കാരവാനില്‍ ഇരിക്കണം. വിളിച്ചില്ലെങ്കില്‍ അന്നത്തെ ദിവസം ഷൂട്ട് കഴിയുമ്പോള്‍ തിരിച്ചുപോവാം. 

വളരെ ചുരുങ്ങിയ ദിവസങ്ങളിലാണ് ഒന്നോ രണ്ടോ ഷോട്ട് എടുക്കുക. എയര്‍പോര്‍ട്ടിലെ ഒന്നുരണ്ടു സീനുകളില്‍ മാത്രമേ ഞാനുള്ളൂ. എന്‍റെ കയ്യും കാലും മാത്രമേ അതില്‍ കാണിക്കുന്നുള്ളൂ. മോഹന്‍ലാലിനെ പോലെ വലിയൊരു നടന്‍റെ സമയത്തിന്‍റേയും ഡേറ്റിന്‍റേയുമൊക്കെ പ്രശ്നമുള്ളതുകൊണ്ടാണ് അത് നമ്മളെ വച്ച് ഷൂട്ട് ചെയ്യുന്നത്. എന്‍റെ മുഖം സിനിമയില്‍ കാണിച്ചിട്ടേയില്ല. ഇത്രയും വലിയ പടത്തില്‍ ഒരിക്കലും ഡ്യൂപ്പിന്‍റെ ക്ലോസ് വക്കില്ല. 

എനിക്ക് പറ്റിയ തെറ്റ് ലൊക്കേഷനില്‍ വച്ചെടുത്ത ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതാണ്. റിലീസിന് മുന്നേ അതൊക്കെ പോസ്റ്റ് ചെയ്യരുതെന്ന് പ്രൊഡക്ഷന്‍ മാനേജര്‍ പറഞ്ഞിരുന്നു. റിലീസ് ചെയ്തുകഴിഞ്ഞപ്പോള്‍ എന്‍റെ എക്സൈറ്റ്മെന്‍റ് കൊണ്ട്, നാലാള് അറിയണമെന്നുള്ള ആഗ്രഹം കൊണ്ട് പോസ്റ്റ് ചെയ്തു. 

ഡ്യൂപ്പ് ചെയ്യുന്നവരുടെ എത്തിക്സൊന്നും എന്‍റെ മനസിലേക്ക് കയറിവന്നില്ല. അതാണെന്‍റെ തെറ്റ്. അത് ഞാന്‍ സമ്മതിക്കുന്നു. ആ നിമിഷം എനിക്ക് കണ്ണ് കാണാന്‍ പറ്റിയില്ല. രജനികാന്തിന്‍റെ പടത്തില്‍ അഭിനയിച്ചത് നാലാള് അറിയണമെന്ന ആഗ്രഹത്തില്‍ ഇട്ടുപോയതാണ്. പിന്നെ എനിക്ക് ബോധ്യം വന്നു. ചെയ്തത് തെറ്റാണെന്ന്. അപ്പോള്‍ തന്നെ അത് ‍ഡിലീറ്റ് ചെയ്തു,' ജോബി പറഞ്ഞു. 

ENGLISH SUMMARY:

Mimicry artist and body double Jobi Kodakara has addressed the social media backlash he faced after sharing location pictures in Mohanlal's look from Jailer 2 on release day, which sparked rumors that he acted as Mohanlal's body double in the film's climax. Jobi admitted that posting the photos was a mistake driven by excitement and a desire for recognition, and confirmed he promptly deleted them after realizing his error. He clarified that his face does not appear in the movie, as only his hands and legs were used for brief scenes like the airport sequence due to scheduling constraints involving the lead actor. Jobi also expressed immense admiration for Mohanlal, whom he considers an inspiration.