നിവിൻ പോളി, മമിത ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ബെത്‌ലഹേം കുടുംബ യൂണിറ്റ് എന്ന സിനിമയെ പ്രശംസിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. ഓണം റിലീസ് ആയി തിയറ്ററുകളിൽ എത്തിയ ചിത്രത്തെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. തിരക്കുകൾ കാരണം തനിക്ക് ഇപ്പോഴാണ് സിനിമ കാണാൻ കഴിഞ്ഞതെന്നും വളരെയേറെ ഇഷ്ടപെട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റിനെ പ്രശംസിച്ച് വി.ഡി സതീശൻ രംഗത്തെത്തിയത്.
പണ്ടെല്ലാം താൻ മാസത്തിൽ ഒരു സിനിമയെങ്കിലും കാണാറുണ്ടായിരുന്നുവെന്നും എന്നാൽ തിരക്കുകൾ കാരണം ആ പതിവ് മുടങ്ങിയെന്നും മുഖ്യമന്ത്രി പറയുന്നു. ഒരിടവേളക്ക് ശേഷം ഇന്നലെയാണ് ഒരു സിനിമ ഒറ്റയിരുപ്പിന് കണ്ടതെന്നും മകൾക്കും മകളുടെ സുഹൃത്തിനുമൊപ്പം അത്രമേൽ ആസ്വദിച്ചാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ് കണ്ടു തീർത്തതെന്നും അദ്ദേഹം പറഞ്ഞു.
ട്രീറ്റ്മെൻ്റിലാണ് സിനിമ വ്യത്യസ്‌തമാകുന്നതെന്നും അൽപം പോലും മടുക്കാത്ത സിനിമ കണ്ടുതീർക്കാനായെന്നും അദ്ദേഹം പറഞ്ഞു. തന്റെ ചെറുപ്പകാലവുമായി പെട്ടെന്ന് കണക്ട് ആയെന്നും അന്ന് കണ്ട നാട്ടിൻപുറങ്ങളും അവിടുത്തെ സ്‌നേഹവും പ്രണയങ്ങളുമെല്ലാം ബെത്‌ലഹേം കുടുംബ യൂണിറ്റിൽ കണ്ടെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു. സിനിമ കണ്ട് കഴിഞ്ഞപ്പോൾ എന്തേ കാണാൻ വൈകിപ്പോയെന്നാണ് ചിന്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സിനിമയിലെ അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും മുഖ്യമന്ത്രി അനുമോദിച്ചു. ഒരു സിനിമ കണ്ടിട്ട് ആസ്വാദന കുറിപ്പ് എഴുതുന്നത് പതിവില്ലാത്തതാണെന്നും അത്രമേൽ ഇഷ്ടപ്പെട്ടതുകൊണ്ടാണ് അതെഴുതിയതെന്നും അദ്ദേഹം പറഞ്ഞു. നിവിൻ പോളിയെയും മമിത ബൈജുവിനെയും ഫോണിൽ കിട്ടിയില്ല. ഇവർക്കൊപ്പം തൻ്റെ മനസിൻ കയറിയ ഒരാൾ ഗ്ലിക്സനാണ്. പാവം ഗ്ലിക്സൻ എന്നും മുഖ്യമന്ത്രി പറഞ്ഞുവെക്കുന്നു.