മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ നടക്കുന്ന യുവജന സമരങ്ങളുടെ മുഖമാണ് ഐസ ദേശിയ അധ്യക്ഷ നേഹ ബോറ. ഇന്നലെ ഇന്ത്യ സഖ്യത്തിന്‍റെ സുപ്രീംകോടതി മാര്‍ച്ചില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കൊപ്പം നേഹ പങ്കെടുത്തിരുന്നു. നേഹയ്ക്ക് പിന്തുണയുമായെത്തിയിരിക്കുകയാണ് ചലചിത്ര താരമായ വിനീത് ശ്രീനിവാസന്‍.
നേഹ ബോറയെ പറ്റിയുള്ളൊരു റീലാണ് വിനീത് സ്റ്റാറ്റസാക്കിയത്. അവകാശങ്ങളെ പറ്റി അറിയുന്നൊരാളായി മകഴെ വളർത്താൻ ഞാൻ ആഗ്രഹിക്കുന്നു. ഈ ലോകത്ത് വെറുതെ ജീവിച്ചു തീർക്കുകയും പങ്കാളിയുടെ കാര്യം നോക്കുകയാണ് ജീവിത ലക്ഷ്യമെന്ന് കരുതി ജീവിക്കുന്നതും ഞാൻ ആഗ്രഹിക്കുന്നില്ല. സ്വന്തം മൂല്യമറിയുന്ന, ആരുടെയും സഹായം ആവശ്യമില്ലാത്ത, നിശബ്ദയാക്കപ്പെടാനോ സ്വന്തമായിരിക്കാൻ അനുവാദം വാങ്ങാനോ നിൽക്കാത്ത, ലോകം മുഴുവൻ എതിരായാലും തന്റെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന ഒരു സ്ത്രീയായി അവൾ വളരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു എന്നാണ് വിഡിയോയിലുള്ളത്.
എന്റെ മകൾ ആരെപ്പോലെ വളരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നതെന്ന് നിങ്ങൾക്കറിയാമോ? അവളെപ്പോലെ തന്നെ!!! എന്നും വിഡിയോയുടെ തുടക്കത്തിലുണ്ട്. പിന്നീട് നേഹയുടെ സമരത്തിന്റെ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. നേഹ ബോറയെ ടാഗ് ചെയ്ത് കയ്യടിയുടെ ഇമോജി സഹിതമാണ് വിനീത് ഈ വിഡിയോ സ്റ്റോറി ഇട്ടിരിക്കുന്നത്. ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന്റെ ദേശിയ പ്രസിഡന്റും ജെഎന്‍യുവില്‍ ഗവേഷക വിദ്യാര്‍ഥിയുമായ നേഹ ജെന്‍സി സമരങ്ങളില്‍ മുന്‍പന്തിയിലുണ്ട്.