Image Credit:PTI

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാസഖ്യത്തിന്‍റെ നേതൃത്വത്തില്‍ സുപ്രീംകോടതിയിലേക്ക് ഇന്നലെ ഇരമ്പിയെത്തിയത് ആള്‍ക്കടലാണ്. അതില്‍ രാഹുലിന്റെ അടുത്തായി ഉറക്കെ മുദ്രാവാക്യങ്ങള്‍ മുഴക്കി വെള്ള കുര്‍ത്തയണിഞ്ഞൊരു പെണ്‍കുട്ടിയുമുണ്ടായിരുന്നു. പേര് ജന്നത് ബിഷ്ണോയ്. ആരാണ് ജന്നത് ബിഷ്ണോയ്? എങ്ങനെ രാഹുലിനും പ്രിയങ്കയ്ക്കും നേഹയ്ക്കുമൊപ്പം സമരമുഖത്തെ താരമായി? 

ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ സ്റ്റുഡന്‍റ്സ് യൂണിയന്‍ എക്സിക്യുട്ടീവ് കൗണ്‍സിലറാണ് ജന്നത് ബിഷ്ണോയ്. ഡല്‍ഹി സര്‍വകലാശാലയിലെ ശ്യാമപ്രസാദ് മുഖര്‍ജി കോളജില്‍ രണ്ടാം വര്‍ഷ ബിഎ വിദ്യാര്‍ഥിനിയാണ് എന്‍എസ്​യുഐ അംഗം കൂടിയായ ജന്നത്. രാജസ്ഥാന്‍ സ്വദേശിയ ജന്നത് ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരങ്ങളിലെ സ്ഥിരം സാന്നിധ്യവുമാണ്. 

ആള്‍ക്കടലൊന്നായി ഒഴുകിയെത്തിയതോടെയാണ് രാഹുലും പ്രിയങ്കയും നേഹയും ജന്നതുമെല്ലാം ട്രക്കിലേക്ക് കയറിയത്. രാഹുലിനൊപ്പം ആവേശത്തോടെ മുദ്രാവാക്യം വിളിക്കുന്ന ജന്നത് വളരെ വേഗത്തില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ക്യാംപസില്‍ സിസിടിവി സ്ഥാപിക്കുന്നതിലും പിങ്ക് പൊലീസ് ബൂത്തുകള്‍ സ്ഥാപിക്കുന്നതിനും ശക്തിയുക്തം വാദിച്ചയാളാണ് ജന്നത്. പരിസ്ഥിതി ക്യാംപെയിനുകളിലും സജീവമാണെന്ന് സമൂഹമാധ്യമ പേജുകളും വ്യക്തമാക്കുന്നു.

രാജ്യതലസ്ഥാനത്തെ അമ്പരപ്പിച്ചാണ് പതിനായിരങ്ങള്‍ സുപ്രീംകോടതി മാര്‍ച്ചില്‍ അണിനിരന്നത്. ഡല്‍ഹി കണ്ടതിലേറ്റവും വലിയതെന്ന് പറയാവുന്ന പ്രതിഷേധജ്വാല. കഴിഞ്ഞ ദിവസം വരെ സമരക്കാരെ ലാത്തി കൊണ്ട് നേരിട്ട ഡല്‍ഹി പൊലീസ് നിശബ്ദരായി. ഉച്ചയ്ക്ക് രണ്ടിന് ശേഷമായിരുന്നു മാര്‍ച്ച്. രാഹുലിനും പ്രിയങ്കയ്ക്കും പുറമെ ഐസ നേതാവ് നേഹ, കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, ഡി.കെ, രേവന്ത് റെഡ്ഡി, മമത ബാനര്‍ജി, യോഗേന്ദ്രയാദവ്, ഐഷി ഘോഷ് , തേജസ്വി യാദവ്, അഖിലേഷ് യാദവ്, എം.എ.ബേബി, ഡി.രാജ, സുപ്രിയ സൂളെ എന്നിവരടക്കമുള്ള നേതാക്കള്‍ പ്രതിഷേധക്കാര്‍ക്കൊപ്പം നടന്നു. അഞ്ചുകിലോമീറ്റര്‍ നീണ്ട വമ്പന്‍ ജനകീയ മാര്‍ച്ചിന് പിന്നാലെ രാഹുലിന്‍റെ നേതൃത്വത്തില്‍ ഇന്ത്യാസഖ്യം നേതാക്കള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയാണ് മടങ്ങിയത്. 

ENGLISH SUMMARY:

Jannat Bishnoi, a second-year BA student at Delhi University's Shyama Prasad Mukherji College and an NSUI member, grabbed public attention after joining Rahul Gandhi and other opposition leaders during the INDIA bloc's march to the Supreme Court. She serves as an executive councillor of the Delhi University Students' Union and is known for her active participation in student protests in the national capital. Videos of her chanting slogans alongside Rahul Gandhi on a truck quickly went viral on social media. Bishnoi has also reportedly advocated for CCTV cameras and pink police booths on campus and participated in environmental campaigns.