ജന്തര്‍ മന്തറിനു സമീപം പ്രതിഷേധക്കാരെ നേരിടുന്ന പൊലീസ്

  • ജന്തർ മന്ദറിന് പകരം ഡൽഹിയിലെ പ്രധാന സമരവേദിയായ രാംലീല മൈതാനത്ത് ഈ വർഷം ഇനി ഡിസംബർ 29, 30, 31 തീയതികളിൽ മാത്രമാണ് ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ.

ജന്തര്‍ മന്തറിനു പകരം  ഡല്‍ഹിയിലെ സ്ഥിരം സമരവേദിയായി പ്രഖ്യാപിച്ച രാംലീല മൈതാനത്ത് ഈ വര്‍ഷം ഇനിയുള്ളത് മൂന്നു തീയതികള്‍ മാത്രം. ഡിസംബര്‍ 29, 30, 31 ദിവസങ്ങളില്‍ മാത്രമാണ് ഇനി രാംലീല മൈതാനം ബുക്ക് ചെയ്യാനാവുക. ഏകദേശം 50,000 പേരെ ഉള്‍കൊള്ളുന്ന രാംലീല മൈതാനം ഉപയോഗിക്കാന്‍ ഒരു ദിവസത്തേക്ക് നല്‍കേണ്ട തുക 1.21 ലക്ഷം രൂപയാണ്. സെക്യൂരിറ്റി ഡെപ്പോസിറ്റും നികുതിയും അടക്കമുള്ള തുകയാണിത്. 

50,000 രൂപയാണ് ഒരു ദിവസം രാംലീല മൈതാനം ബുക്ക് ചെയ്യാനുള്ള ഫീസ്. ഇതിനൊപ്പം 55,000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റും വേണം. ഈ തുക തിരികെ ലഭിക്കും. ഇതും നികുതിയും ചേര്‍ന്ന് 1.21 ലക്ഷം രൂപയാണ് സമരത്തിനുള്ള ചെലവ്. ഡല്‍ഹി കോര്‍പ്പറേഷന്‍റെ ഹോട്ടികള്‍ച്ചര്‍ വകുപ്പ് വഴിയാണ് മൈതാനം ബുക്ക് ചെയ്യാന്‍ സാധിക്കുക. ഡല്‍ഹി പൊലീസില്‍ നിന്നുള്ള നോ–ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ മാത്രമെ സമരത്തിന് അനുമതി ലഭിക്കുകയുള്ളൂ. 

മൈതാനത്തിന്‍റെ ചെറിയൊരു ഭാഗം സൗജന്യമായും സമരത്തിന് അനുവദിക്കും. ഈ സമരത്തിന് 150 പേരില്‍ കൂടാന്‍ പാടില്ല. ജന്തര്‍ മന്തറില്‍ നിന്നും സമരം ഒഴിവാക്കുന്നതോടെ ഡല്‍ഹിയില്‍ സമരം ചെലവേറും. ജന്തര്‍ മന്തറിലെ സമരത്തിന് സാധാരണയായി ഫീസൊന്നും നല്‍കേണ്ടതില്ല. ഗതാഗതക്കുരുക്കാണ് ജന്തർ മന്തറിലെ പ്രതിഷേധങ്ങൾ നിരോധിക്കുന്നതിന് കേന്ദ്ര സർക്കാരും പോലീസും പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ജന്തർ മന്തറിലുണ്ടാകുന്ന വലിയ പ്രതിഷേധങ്ങൾ കൊണോട്ട് പ്ലേസ് ഉൾപ്പെടെയുള്ള മേഖലകളെയും ഗതാഗത സംവിധാനങ്ങളെയും ബാധിക്കുന്നുവെന്നാണ് ന്യായം. 

രാം ലീല മൈതാനം കൂടാതെ വടക്കന്‍ ഡല്‍ഹിയിലുള്ള ബുറാഡി മൈതാനം, കിഴക്കന്‍ ഡല്‍ഹിയിലുള്ള സിബിഡി മൈതാനം എന്നിവയാണ് പുതിയ സമരവേദി. പാര്‍ലമെന്‍റില്‍ നിന്നും വളരെ അകലെയാണെന്നതാണ് ഒരു പ്രശ്നം. രാംലീല മൈതാനം പാർലമെന്റിൽനിന്ന് മൂന്ന് മുതൽ ആറ് കിലോമീറ്റർ അകലെയാണ്. സിബിഡി മൈതാനം 10 മുതൽ 14 കിലോമീറ്ററും ബുറാരി മൈതാനം 15 മുതൽ 23 കിലോമീറ്ററും അകലെയാണ്. 

ENGLISH SUMMARY:

With Jantar Mantar restricted, Delhi's designated main protest venue Ramlila Maidan has only three dates left available for booking this year, on December 29, 30, and 31. Booking the 50,000-capacity ground costs 1.21 lakh rupees for a single day, which includes security deposits and taxes through the Delhi Corporation's horticulture department alongside mandatory police NOCs. While a small section is available for smaller gatherings of up to 150 people, alternative grounds like Burari and CBD grounds are located significantly farther from Parliament. This shift makes protests in the capital considerably more expensive and distant compared to the previously accessible Jantar Mantar site.