മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം അതിശക്തമായി തുടരാൻ ഇന്ത്യസഖ്യം. ഇന്ന് വൈകിട്ട് ഇന്ത്യാസഖ്യ നേതാക്കൾ സംയുക്ത വാർത്താസമ്മേളനം നടത്തും. തുടർനീക്കങ്ങളും നിലപാടും വ്യക്തമാക്കും. വൈകിട്ട് നാലുമണിക്ക് നേതാക്കൾക്ക് രാഹുൽഗാന്ധിയുടെ വസതിയിൽ ചായ സൽക്കാരവും തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യാ സഖ്യ നേതാക്കൾ, കോൺഗ്രസ് എംപിമാർ, വിദ്യാർഥി യുവജന സംഘടന നേതാക്കൾ, സാമൂഹ്യപ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും. എംപിമാരോടും വിവിധ പാർട്ടികളിൽ നിന്ന് എത്തിയിട്ടുള്ള നേതാക്കളോടും പ്രവർത്തകരോടും മൂന്ന് ദിവസം കൂടി ഡൽഹിയിൽ തുടരാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.ഇന്നും പ്രതിപക്ഷ വിദ്യാർത്ഥി യുവജന സംഘടനകളുടെ പ്രതിഷേധം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കും. Also Read: 'മന്ത്രിമാരുള്‍പ്പടെ 25 എംഎല്‍എമാര്‍ ബിജെപിയിലേക്ക്'; 'കൊണ്ടുപൊയ്ക്കോ'; പരിഹസിച്ച് ഡി.കെ
അതേസമയം, തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ രാഹുൽ ഗാന്ധിയും ഇന്ത്യാസഖ്യ നേതാക്കളും നൽകിയ ഹര്‍ജിയില്‍ ന്യൂനതകളെന്ന് സുപ്രീം കോടതി... 14 പിഴവുകള്‍ കണ്ടെത്തിയതായി സുപ്രീം കോടതി റജിസ്ട്രാര്‍. പിഴവ് തിരുത്തി ഹര്‍ജി സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. രേഖകളുടെ അഭാവം, മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ തിരിച്ചറിയല്‍ രേഖകള്‍ അവ്യക്തം, കോര്‍ട്ട് ഫീസില്‍ 220 രൂപയുടെ കുറവ് തുടങ്ങിയ പിഴവുകളാണ് കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം പ്രതിഷേധത്തിനിടയിലെ പൊലീസ് നടപടികളും മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടതും ചോദ്യം ചെയ്തുള്ള കോടതിയലക്ഷ്യ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഹർജികളിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും പൊലീസ് കമ്മീഷണറും മറുപടി നൽകും. 45 മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടതിൽ ഉദ്യോഗസ്ഥർക്ക് എതിരെ പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യ നടപടി നിലനിൽക്കും എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ കസ്റ്റഡിയിലെടുക്കരുതെന്നും കോടതി നിർദ്ദേശിച്ചിരുന്നു. പൊലീസ് നടപടികൾക്കെതിരെ എ.എ.റഹീം നൽകിയ ഹർജിയും ഇന്ന് സുപ്രീം കോടതിയിൽ ഉന്നയിക്കും.