മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഇന്നലെ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത ബോളിവുഡ് നടന്‍ ഇമ്രാന്‍ ഖാനെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ ജനപിന്തുണയേറുന്നു. മുംബൈയിലെ ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് നടന്ന സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ ബോളിവുഡ് താരം ഇമ്രാന്‍ ഖാനെയും കൂട്ടുകാരി ലേഖ വാഷിങ്ടണിനെയും മുംബൈ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇമ്രാൻ ഖാനെ കസ്റ്റഡിയിലെടുത്ത പൊലീസ് വലിച്ചിഴച്ച് വാനില്‍ കയറ്റുന്നതിന്‍റെ വിഡിയോയും വാഹനത്തിനുള്ളില്‍ നിന്നുള്ള ഇമ്രാന്‍റെ സെല്‍ഫി വിഡിയോയുമെല്ലാം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കസ്റ്റഡിയിലെടുത്ത് മണിക്കൂറുകൾക്ക് ശേഷം ഇമ്രാൻ ഖാനെയും കൂട്ടരെയും പൊലീസ് വിട്ടയച്ചു.
പൊലീസ് വാനിനുള്ളിലിരുന്നെടുത്ത സെൽഫി വിഡിയോ 'ഞാൻ എങ്ങോട്ടോ ഡ്രൈവിന് പോവുകയാണെന്നാണ് തോന്നുന്നത്' എന്ന ക്യാപ്ഷനോടെ താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. പൊലീസ് വാഹനത്തിലെ യാത്രയെ തന്റെ പ്രശസ്തമായ 'ജാനേ തു... യാ ജാനേ നാ' സിനിമയിലെ രംഗവുമായി താരം താരതമ്യം ചെയ്യുന്നുമുണ്ട്. ചിത്രത്തില്‍ ഇമ്രാന്‍റെ കഥാപാത്രമായ ജയ് സിങ് റാത്തോഡും ജയിലില്‍ പോകുന്നുണ്ട്.
വിഡിയോ പുറത്തുവന്ന് നിമിഷനേരങ്ങള്‍കൊണ്ടുതന്നെ ലക്ഷക്കണക്കിന് ആളുകള്‍ കണ്ടു. പിന്നാലെ ഇമ്രാനെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധിപ്പേരാണ് രംഗത്തെത്തിയത്. 'രാജ്യത്തിന് വേണ്ടി നിലകൊള്ളാന്‍ ധൈര്യമുള്ള ഒരു താരത്തെയെങ്കിലും കണ്ടല്ലോ.., തനിക്കുണ്ടാകാന്‍ പോകുന്ന നഷ്ടങ്ങളെകുറിച്ചോര്‍ക്കാതെ ശരിക്കൊപ്പം നിന്ന ഇമ്രാന് സല്യൂട്ട്, നമ്മുടെ ചോക്ലേറ്റ് ബോയ് ആണ് നമ്മുടെ ഹീറോ'- തുടങ്ങി നിരവധിപ്പേരാണ് താരത്തെ അനുമോദിച്ചുകൊണ്ട് പോസ്റ്റിനുതാഴെ കമന്‍റുമായി എത്തുന്നത്.