• 20 മണിക്കൂറിലേറെ നീണ്ട കരുതൽ തടങ്കലിനൊടുവിൽ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്കെ എന്നിവരെ എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് വിട്ടയച്ചു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ ഇന്നും സിജെപി പ്രതിഷേധം ശക്തമാക്കാനിരിക്കെ അഭിജീത് ദിപ്കെയുള്‍പ്പടെ കസ്റ്റഡിയിലുള്ളവരെ വിട്ടയച്ച് എക്സിക്യുട്ടീവ് മജിസ്ട്രേറ്റ്. ദിപ്കെയ്ക്കൊപ്പം അറസ്റ്റിലായ സൗരവ് ദാസ്, അശുതോഷ് റാങ്കെ എന്നിവരും മോചിതരായി. 

കര്‍ശന ഉപാധികളോടെയാണ് മൂന്നുപേരെയും വിട്ടയച്ചത്. ഒരുവര്‍ഷത്തേയ്ക്ക്  സമാധാനാന്തരീക്ഷം തകര്‍ക്കുന്ന പ്രവര്‍ത്തനം പാടില്ലെന്നും കോടതി ഉപാധി വച്ചു. 20 മണിക്കൂറിലേറെ നീണ്ട കരുതല്‍ തടങ്കിലിനൊടുവിലാണ് ഇവരെ കോടതിയില്‍ ഹാജരാക്കിയത്. 

ഗുരുഗ്രാമിലെ വീട്ടില്‍ നിന്നും ഇന്നലെ രാവിലെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്ത ധ്രുവ് റാഠിയെ രാവിലെ വിട്ടയച്ചിരുന്നു. ദിപ്കെ ഉള്‍പ്പടെയുള്ളവരുടെ അറസ്റ്റ് ഇന്ന് രാവിലെ രേഖപ്പെടുത്തിയ ശേഷമാണ് ഇപ്പോള്‍ വിട്ടയച്ചത്. അതേസമയം, ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യത്തില്‍ ഉറച്ച് തന്നെയാണെന്നും പ്രതിഷേധപരിപാടിയുമായി മുന്നോട്ട് പോകുമെന്നും സിജെപി വ്യക്തമാക്കി.

പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധം അല്‍പസമയത്തിനകം. കൊണാട്ട് പ്ലേസിലേയ്ക്ക് നീങ്ങാനുള്ള നീക്കങ്ങള്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍  ആരംഭിച്ചു. വന്‍ സുരക്ഷയൊരുക്കി പൊലീസും പ്രതിരോധം സൃഷ്ടിച്ചിട്ടുണ്ട്.  സിജെപിയുടെ തുടര്‍സമരങ്ങള്‍ എപ്പോള്‍ എങ്ങനെയെന്നതില്‍ സിജെപി തീരുമാനം ഉച്ചകഴിഞ്ഞ്. ദേശീയ സംഘടനാ ചുമതലയുള്ള അജിങ്ക്യ ഷിന്‍ഡെ രണ്ടുമണിക്ക് മാധ്യമങ്ങളെ കാണും. 

ENGLISH SUMMARY:

An Executive Magistrate in Delhi has released CJP founder Abhijeet Dipke alongside leaders Saurav Das and Ashutosh Ranka after over 20 hours of preventive detention. The court imposed strict conditions prohibiting them from indulging in activities that disrupt public peace for a period of one year. Meanwhile, YouTuber Dhruv Rathee, who was detained from his Gurugram residence, was also released by the police. Undeterred by the police action, CJP and opposition youth groups including SFI reaffirmed their stance demanding Chief Election Commissioner Gyanesh Kumar's resignation and announced plans to continue their protests.