• സിജെപി പ്രതിഷേധത്തിന്റെ മറവിൽ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യവും മെട്രോ-റെയിൽ സർവീസുകളും തടസ്സപ്പെടുത്തിയ ഡൽഹി പൊലീസിന്റെ നടപടിയെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു.

ചീഫ് ഇലക്ഷൻ കമ്മിഷണർക്കെതിരായ സി.ജെ.പി (Cockroach Janta Party) പ്രതിഷേധത്തിന്റെ മറവിൽ ജനങ്ങളുടെ സ്വതന്ത്ര സഞ്ചാരവും മെട്രോ-റെയിൽ സർവീസുകളും തടസ്സപ്പെടുത്തിയ ഡൽഹി പൊലീസിന്റെ നടപടികൾക്കെതിരെ സുപ്രീംകോടതിയുടെ കടുത്ത വിമർശനവും ഇടക്കാല ഉത്തരവും. പൗരന്മാരുടെ ജീവനും സ്വാതന്ത്ര്യവും പ്രധാനമാണെന്നും സ്റ്റേറ്റിന് മുകളിലല്ല പൊലീസെന്നും ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. 

സമാധാനപരമായ പ്രതിഷേധങ്ങളെയും പൊതുജനസഞ്ചാരത്തെയും തടസ്സപ്പെടുത്തുന്ന രീതിയിൽ ബാരിക്കേഡുകൾ സ്ഥാപിച്ച നടപടി പുനഃപരിശോധിക്കണമെന്നും, വിദ്വേഷ പ്രചാരണങ്ങളോ ക്രമസമാധാന പ്രശ്നങ്ങളോ ഇല്ലാത്തപക്ഷം ഇന്റർനെറ്റ് സേവനങ്ങളും മെട്രോ, ട്രെയിൻ ഗതാഗതവും തടസ്സപ്പെടുത്തരുതെന്നും നിയമപ്രകാരമല്ലാതെ ആരെയും അന്യായമായി കസ്റ്റഡിയിൽ വെയ്ക്കരുതെന്നും സുപ്രീംകോടതി വ്യക്തമായ നിർദേശം നൽകി.

സി.ജെ.പി പ്രതിഷേധത്തിന്റെ ഭാഗമായി 57 മെട്രോ സ്റ്റേഷനുകൾ അടച്ചിടുകയും നിരവധി ട്രെയിൻ സർവീസുകൾ റദ്ദാക്കുകയും ചെയ്ത പൊലീസ് നടപടിക്കെതിരെ അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠി സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിലും, രാഷ്ട്രീയ നേതാക്കളുടെ തടങ്കലിനെതിരെ മുതിർന്ന അഭിഭാഷായിക മേനക ഗുരുസ്വാമി സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയിലുമാണ് ഞായറാഴ്ച സുപ്രീംകോടതി പ്രത്യേക സിറ്റിംഗ് നടത്തിയത്. കേസിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, ഡെൽഹി പൊലീസ് കമ്മീഷണർ അനുരാഗ് കുമാർ, ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (DMRC) ചെയർപേഴ്സൺ ഡി. താര എന്നിവരെ കക്ഷികളാക്കിയിട്ടുണ്ട്. നേരത്തെ ഒക്ടോബർ 9-ന് മെട്രോ സർവീസുകൾ പൂർണ്ണമായി നിർത്തലാക്കരുതെന്ന് കോടതി നൽകിയ ഉത്തരവ് ലംഘിച്ചതിനാണ് കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. ഡെൽഹിയിലെ പോലീസ് നടപടികളിൽ കോടതി ആശങ്ക രേഖപ്പെടുത്തുകയും, ഹർജിക്കാർ ഉന്നയിച്ച പരാതികൾ ഗൗരവത്തോടെ കാണുന്നുവെന്ന് വ്യക്തമാക്കുകയും ചെയ്തു.

പൊലീസ് നടപടിയെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര കാബിനറ്റ് സെക്രട്ടറി, ഡൽഹി പൊലീസ് കമ്മീഷണർ, ഡി.എം.ആർ.സി ചെയർമാൻ എന്നിവരോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ജനങ്ങളുടെ സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കണമെന്ന മുൻ ഉത്തരവ് പാലിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കിക്കൊണ്ട് മറ്റന്നാൾ തന്ന മറുപടി നൽകാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. അതേസമയം, പ്രതിപക്ഷ നേതാക്കളും സി.ജെ.പി നേതാവ് അഭിജീത് ദീപ്കെയും യൂട്യൂബർ ധ്രുവ് റാഠിയും അടക്കം 7000-ത്തിലധികം പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത സാഹചര്യത്തിൽ, എല്ലാ അഭിഭാഷകരുടെയും വാദം വിശദമായി കേൾക്കുമെന്നും രാജ്യസേവനത്തിനായി സുപ്രീംകോടതി എപ്പോഴും സജ്ജമാണെന്നും ബെഞ്ച് വ്യക്തമാക്കി.

ENGLISH SUMMARY:

The Supreme Court of India strongly criticized the Delhi Police for restricting citizen movement and shutting down public transport during the CJP protests against the Chief Election Commissioner. A bench comprising Justice Joymalya Bagchi and Justice V. Mohana emphasized that citizens' life and liberty are paramount and the police are not above the state. The apex court issued interim directions prohibiting arbitrary detentions and ordering a review of barricades to ensure smooth internet and transport services unless law and order is breached.