മധുര തിരുപ്പറംകുൺട്രറം മലയിലെ വിവാദ ദീപത്തൂണിൽ കാർത്തിക ദീപം തെളിയിച്ചില്ല; സമീപത്തെ ഉച്ചിപ്പിള്ളിയാർ ക്ഷേത്രത്തിലെ ദീപമണ്ഡപത്തിൽ മാത്രമാണ് ദീപം തെളിയിച്ചത്. ദർഗയ്ക്ക് സമീപത്തെ ദീപത്തൂണിൽ ഒറ്റത്തവണത്തേക്ക് ദീപം തെളിയിക്കാൻ സുപ്രീം കോടതി ഇടക്കാല ഉത്തരവ് നൽകിയിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ല. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടി ദീപം തെളിയിക്കുന്നതിൽ തമിഴ്നാട് സർക്കാർ നേരത്തെ തന്നെ എതിർ നിലപാടാണ് സ്വീകരിച്ചിരുന്നത്.
സുപ്രീം കോടതി ഉത്തരവ് നടപ്പാക്കണമെന്ന് മദ്രാസ് ഹൈക്കോടതി മധുര കലക്ടറെ വിളിച്ചുവരുത്തി നിർദേശം നൽകിയിരുന്നു. സർക്കാർ ഉദ്യോഗസ്ഥരും ക്ഷേത്ര അധികൃതരും ചേർന്ന് എത്തി ദീപത്തൂണിൽ ദീപം തെളിയിക്കണമെന്നായിരുന്നു കോടതി ഉത്തരവ്. എന്നാൽ സുപ്രീം കോടതി ഉത്തരവിനെതിരെ സർക്കാർ നൽകിയ പുനഃപരിശോധന ഹർജി കോടതിയുടെ പരിഗണനയിലാണ്. ഇന്നലെ ഹർജി പരിഗണിച്ചിരുന്നില്ല. ദീപത്തൂണിൽ ദീപം തെളിയിക്കേണ്ടതില്ലെന്ന നിലപാടിലേക്ക് സർക്കാർ എത്തിയോ എന്നതിൽ വ്യക്തത വന്നിട്ടില്ല.
തിരുപ്പറംകുൺട്രറത്ത് ഇന്നലെ പ്രഖ്യാപിച്ച നിരോധനാജ്ഞ പിൻവലിച്ചതായി ഉത്തരവുണ്ടായിട്ടില്ല. മലമുകളിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം വിലക്കിയിരിക്കുകയാണ്. രാവിലെ മുതൽ പ്രദേശത്തേക്ക് എത്താൻ ശ്രമിച്ച ബിജെപി, ഹൈന്ദവ മുന്നണി പ്രവർത്തകർക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുകയും ബിജെപി അധ്യക്ഷൻ നയനാർ നാഗേന്ദ്രനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ദർഗയ്ക്ക് സമീപത്തെ ദീപത്തൂണിൽ വൻ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രദേശത്ത് പൊലീസും പ്രതിഷേധക്കാരും തമ്മിൽ നേരിയ ഉന്തും തള്ളുമുണ്ടായി. കുത്തിയിരിക്കുന്ന ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ശ്രമിക്കുയാണ്.