• ഒമാനിലേക്ക് വീസ മാറ്റാൻ പോയ ബസ് മലയാളിയുടെ ഉടമസ്ഥതയിലുള്ള ട്രാവൽസ് വഴിയാണ് സർവീസ് നടത്തിയതെന്നും മരിച്ചവരിൽ ഏറെയും മലയാളികളാണെന്നുമാണ് സൂചന.

യുഎഇയിലെ റാസൽഖൈമയിൽ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. അൽ വതൻ റോഡിൽ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് പേർ കൂടി മരണത്തിന് കീഴടങ്ങിയതോടെയാണ് മരണസംഖ്യ 13 ആയത്. ഒമാനിലേക്ക് വീസ മാറ്റാൻ പോയ ബസാണ് അപകടത്തിൽപ്പെട്ടതെന്നും, മലയാളിയുടെ ഉടമസ്ഥതയിലുള്ള ട്രാവൽസ് വഴി സർവീസ് നടത്തിയ ബസിൽ മരിച്ചവരിൽ ഏറെയും മലയാളികളാണെന്നുമാണ് സൂചന.

അപകടവിവരം അറിഞ്ഞയുടൻ ആംബുലൻസ്, സിവിൽ ഡിഫൻസ്, പൊലീസ് സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയും പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു. അടിയന്തര സംഘങ്ങൾ അപകടസ്ഥലത്ത് സുരക്ഷ ഉറപ്പാക്കുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു. 

മരിച്ചവരുടെ പേരുവിവരങ്ങളോ പരുക്കേറ്റവരുടെ കൃത്യമായ കണക്കുകളോ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണം പൂർത്തിയായ ശേഷം വിവരങ്ങൾ പുറത്തുവിടുമെന്നും അധികൃതർ അറിയിച്ചു.  

ENGLISH SUMMARY:

The death toll in the bus-truck collision on Al Wathan Road in Ras Al Khaimah, UAE, has risen to 13 after two more injured victims succumbed to their injuries. The bus was reportedly heading to Oman for a visa change and operated through a Malayali-owned travel agency, with indications that most of the deceased are Malayalis.