ആശുപത്രി കിടക്കിയിൽ നിന്നുള്ള വിഡിയോ പങ്കുവെച്ച് നടിയും വ്‌ളോഗറുമായ ലക്ഷ്മി മേനോൻ. അനസ്തീസിയയുടെ മയക്കത്തിൽ ഭർത്താവ് മിഥുനോട് സംസാരിക്കുന്ന ലക്ഷ്മിയാണ് വിഡിയോയിലുള്ളത്. ചികിൽസിച്ച ഡോക്ടർമാർക്കും ആശുപത്രി അധികൃതർക്കും നന്ദി പറഞ്ഞുകൊണ്ടുള്ളതാണ് ലക്ഷ്മിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. എന്നാൽ രോഗം എന്താണെന്ന് പോസ്റ്റിൽ വ്യക്തമാക്കിയിട്ടില്ല.
അനസ്തീസിയയുടെ മയക്കത്തിൽ അവ്യക്തമായാണ് ലക്ഷ്മി വിഡിയോയിൽ സംസാരിക്കുന്നത്. മാഫിയയുടെയും ഡോണിന്റെയുമൊക്കെ ലോകത്തായിരുന്നെന്നും കാർ ക്രാഷായെന്നുമൊക്കെയാണ് അബോധാവസ്ഥയിൽ മിഥുനോടായി ലക്ഷ്മി പറയുന്നത്. അനസ്തീസിയയിൽ നിന്ന് ഉണർന്നാലും അധോലോകം വിട്ട് ഒരു കളിയില്ലെന്നും ലക്ഷ്മി പങ്കുവെച്ച കുറിപ്പിൽ പറയുന്നുണ്ട്.
ആരോഗ്യം വീണ്ടെടുക്കാനായി ആശംസിക്കുന്നു കമന്റുകൾക്കൊപ്പം അസുഖം എന്താന്നെന്നും ഒരുപാട് പേർ പോസ്റ്റിൽ കമന്റായി ചോദിക്കുന്നുണ്ട്. എന്നാൽ മിഥുനോ ലക്ഷ്മിയോ ആ കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഭർത്താവ് മിഥുൻ രമേശിനൊപ്പവും മകൾ തൻവിക്കൊപ്പവുമുള്ള രസകരമായ റീൽസുകളും, ദൈനംദിന ജീവിതത്തിലെ തമാശ നിറഞ്ഞ നിമിഷങ്ങളും പങ്കുവെച്ചാണ് ലക്ഷ്മി സോഷ്യൽ മീഡിയയിൽ വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കിയത്. 2025 ൽ പുറത്തിറങ്ങിയ 'റോന്ത്' സിനിമയിൽ മികച്ച വേഷം ചെയ്തും ലക്ഷ്മി പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.