backpacker-arunima

TOPICS COVERED

തനിച്ച് അഫ്ഗാനിസ്ഥാൻ സന്ദർശിക്കാനെത്തിയ തനിക്ക് കടുത്ത വിവേചനവും ദുരനുഭവങ്ങളുമാണ് നേരിടേണ്ടി വന്നതെന്ന് മലയാളി ട്രാവൽ വ്ലോഗർ അരുണിമ. അഫ്ഗാൻ ബോർഡറിലെ എമിഗ്രേഷൻ ഘട്ടം മുതൽ വസ്ത്രധാരണത്തിലും യാത്രാസ്വാതന്ത്ര്യത്തിലും കടുത്ത നിയന്ത്രണങ്ങളാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് അവർ തന്റെ അനുഭവക്കുറിപ്പിലൂടെ വെളിപ്പെടുത്തി. ബോർഡറിൽ നിന്നും 70 കിലോമീറ്റർ അകലെയുള്ള കുണ്ടൂസ് സിറ്റിയിൽ എത്തിയ തനിക്ക്, ഒരു പെണ്ണായി ജനിച്ചതിന്റെ പേരിൽ ജീവിതത്തിൽ ആദ്യമായി ഖേദിക്കേണ്ടി വന്നുവെന്നും, സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് അഫ്ഗാനിസ്ഥാനിൽ പുല്ലുവില പോലും നൽകുന്നില്ലെന്നും അരുണിമ തുറന്നടിച്ചു.

അരുണിമയുടെ കുറിപ്പ്

ഞാൻ ഒറ്റയ്ക്ക്  അഫ്ഗാനിസ്ഥാനിൽ കയറി. സാധാരണ ഞാൻ ധരിക്കാനുള്ള വസ്ത്രം ധരിച്ചാണ് ഞാൻ എമിഗ്രേഷൻ ഓഫീസിൽ എത്തിയത് അപ്പോൾ തന്നെ അവർ എന്നോട് ചോദിച്ചു, ശരീരം മുഴുവൻ മറക്കുന്ന ഡ്രസ്സ് ഇല്ലേ?? ഇല്ലെങ്കിൽ ഇങ്ങോട്ട് കയറാൻ സാധിക്കില്ല. ഞാൻ പറഞ്ഞു ബാഗിൽ ഉണ്ട് ഞാനിപ്പോൾ ഇട്ടിട്ട് വരാം, അങ്ങനെ ഞാൻ ഡ്രസ്സ് മാറി. കണ്ണ് മാത്രം കാണുന്ന രീതിയിൽ, അല്ലെങ്കിൽ മുഖം കുറച്ചു മാത്രം കാണുന്ന രീതിയിൽ വസ്ത്രം ധരിച്ചു. 

പിന്നീട് അവർ എന്നോട് പറഞ്ഞു ഒറ്റയ്ക്ക് ഒരു പെൺകുട്ടിക്ക് അഫ്ഗാനിസ്ഥാനിൽ നിയമപ്രകാരം യാത്ര ചെയ്യാൻ സാധിക്കില്ല. ഗൈഡ് വേണം. ഗൈഡ് ഇല്ലാതെ ഇവിടെ യാത്ര ചെയ്യാൻ സാധിക്കില്ല. ഞാൻ പറഞ്ഞു ലോകത്തെ എല്ലാ രാജ്യവും ഒറ്റയ്ക്ക് കാണണമെന്ന് ആഗ്രഹത്തിനാലാണ് ഞാനിവിടെ എത്തിയിട്ടുള്ളത്. എന്നെ അതിന് അനുവദിക്കുമോ, എന്ന് ദയനീയമായി ഞാൻ ചോദിച്ചു, അങ്ങനെ ഒരു മണിക്കൂറോളം ആ വ്യക്തിയോട് സംസാരിച്ചു. അവസാനം ആ വ്യക്തി അത് സമ്മതിച്ചു. എന്നാലും ഒരുപാട് റെസ്ട്രീഷൻസ് ഉണ്ട്. 

ഒരു പെൺകുട്ടി എന്ന നിലയിൽ ഇന്ന് ഏറ്റവും കൂടുതൽ വിഷമിച്ച ഒരു ദിവസമാണ്, എൻറെ ജീവിതത്തിൽ ഇന്നേവരെ ഒരു പെൺകുട്ടിയായി ജനിച്ചതിന്റെ പേരിൽ വിഷമിക്കേണ്ടി വന്നിട്ടില്ല. എന്നാൽ ഇന്ന് അഫ്ഗാനിസ്ഥാനിൽ കയറിയപ്പോൾ പെണ്ണ് എന്താണ്, പെണ്ണിന് എന്താണ് വില എന്ന് ഞാൻ മനസ്സിലാക്കി. പെണ്ണിന് പുല്ലുവില പോലുമില്ല. അതേസമയം ആണുങ്ങൾക്ക് എന്തും ചെയ്യാം. ശരിക്കും ആണിനും പെണ്ണിനും വേറെ നിയമം, എന്ന് ഒരുപാട് കേട്ടിട്ടുണ്ട് എന്നാൽ ഞാൻ ഇന്ന് അത് അനുഭവിച്ചു.

ആണുങ്ങൾക്ക് വസ്ത്രം മറയ്ക്കേണ്ട ആവശ്യമില്ല, മുഖം മറക്കേണ്ട ആവശ്യമില്ല, അവർക്ക് ഇഷ്ടമുള്ളത് എന്തും ചെയ്യാം കാണുന്ന വണ്ടികളിൽ ലിഫ്റ്റ് അടിക്കാം, എവിടെ വേണമെങ്കിലും താമസിക്കാം ഇതിനൊന്നും എനിക്ക് സാധിക്കില്ല. ഞാനിതാ ഇവിടെ ഇന്ത്യൻ റുപ്പി നാലായിരം രൂപ കൊടുത്താണ് റൂം എടുത്തിട്ടുള്ളത്. ടാക്സിയിലാണ് ഇങ്ങോട്ട് വന്നത് ലിഫ്റ്റ് അടിക്കാനും സാധിച്ചിട്ടില്ല. എന്തിനും ഏതിനും പ്രശ്നങ്ങൾ. അത് ഒരു പെണ്ണായത് കൊണ്ട് മാത്രമാണ് ഞാൻ അനുഭവിക്കുന്നത്. ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യം ഇല്ല. 

ഏകദേശം 70 കിലോമീറ്റർ ഞാൻ ബോർഡിൽ നിന്നും യാത്ര ചെയ്തു, ഇപ്പോൾ കുണ്ടൂസ് എന്ന് പറയുന്ന ഒരു സിറ്റിയിൽ ആണുള്ളത്. ഇവിടെ വന്നിട്ട് ഞാൻ ആകെ രണ്ട് സ്ത്രീകളെയാണ് കണ്ടത്. അതും മുഖം പോലും മറിച്ചിരിക്കുന്നു, ആരാണെന്ന് പോലും മനസ്സിലാകുന്നില്ല. എൻറെ കൂടെ ഒരു ആൺകുട്ടി ഉണ്ടായിരുന്നെങ്കിൽ എനിക്ക് ഇത്രയും ബുദ്ധിമുട്ട് അനുഭവപ്പെടേണ്ടി വരില്ലായിരുന്നു. ഒറ്റയ്ക്ക് അഫ്ഗാനിസ്ഥാനിൽ യാത്ര ചെയ്യണമെന്നത് ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു. ഇപ്പോൾ ഇപ്പോൾ ഞാൻ അതോർത്ത് ഖേദിക്കുന്നു. സ്വാതന്ത്ര്യം എന്താണെന്നും വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം എന്താണെന്നും ഒരു സ്ത്രീക്കുള്ള സ്വാതന്ത്ര്യം എന്താണെന്നും ഇന്ന് ഞാൻ അഫ്ഗാനിസ്ഥാനിൽ നിൽക്കുമ്പോൾ മനസ്സിലാക്കി. 

എൻറെ ഒറ്റ ദിവസം അനുഭവങ്ങൾ ഒരു ബുക്ക് ആക്കാൻ മാത്രമുണ്ട്. ഇവിടെ പറഞ്ഞാലോ എഴുതിയാലോ അത് തീരുകയുമില്ല. കയ്യിൽ ഒരുപാട് പൈസ ഉണ്ടെങ്കിൽ വസ്ത്രം മൊത്തത്തിൽ മറച്ചു ടാക്സിയിൽ കയറി നേരെ റൂമിൽ താമസിച്ച് അങ്ങനെ ജീവിക്കാം ഇവിടെ അല്ലാതെ യാത്ര ചെയ്യാൻ പറ്റില്ല. ഇവിടെയാണെങ്കിൽ നല്ല ചൂടാണ് സഹിക്കാൻ കഴിയാത്ത അത്രയും ചൂട്. വേനൽക്കാലത്തെ നോർത്ത് ഇന്ത്യ ഇതിലും എത്രയോ ഭേദമാണ്. ഇവർ എന്നോട് പറഞ്ഞു കഴിഞ്ഞമാസം 50° ആയിരുന്നു ഇപ്പോൾ 39 ഡിഗ്രി മാത്രമേ ഉള്ളൂവെന്ന് ചൂട് നല്ലപോലെ കുറഞ്ഞു എന്ന്, കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു. കാരണം എനിക്ക് ഇതുതന്നെ സഹിക്കാൻ സാധിക്കുന്നില്ല.

"വന്ന ദിവസം തന്നെ തിരിച്ചു പോകണം എന്ന് എന്നെ തോന്നിപ്പിച്ച ഒരു രാജ്യം" അത്രയ്ക്കും ഞാൻ ബുദ്ധിമുട്ടുന്നു, സത്യം പറഞ്ഞാൽ ശ്വാസം മുട്ടുന്ന പോലെ തോന്നുകയാണ്. പർദ്ദയ്ക്കുള്ളിൽ എസിയിൽ ഇരിക്കുന്ന പോലെയല്ല, കൊടുംചൂടിൽ പർദ്ദയും ഇട്ട് നടക്കുന്നത്. മുസ്​ലിം എന്ന വിഭാഗത്തെ എനിക്ക് വെറുക്കുന്നു. ഞാൻ എല്ലാ മതത്തെയും വെറുക്കുന്ന ഒരാളാണ്. ഒരു മതത്തെയും ഇഷ്ടപ്പെടുന്ന ഒരാളല്ല. എന്നാലും അത് ഓരോ ആളുകളുടെ ഇഷ്ടമാണ്, അവരുടെ ഇഷ്ടത്തിന് ജീവിക്കാം എന്ന് വിചാരിക്കുന്ന ഒരാളായിരുന്നു. എന്നാൽ ഇവിടെ അങ്ങനെയല്ല, നമ്മുടെ ഇഷ്ടത്തിനും ആരുടെ ഇഷ്ടത്തിനും ജീവിക്കാൻ പറ്റില്ല. ഇവിടെ അവര് പറയുന്ന പോലെ മാത്രമാണ് നമുക്ക് ജീവിക്കാൻ പറ്റുള്ളൂ.

ഞാൻ പുറത്തുനിന്നുള്ള ഒരു സ്ത്രീയാണ്, എന്നിട്ട് ഇത്രയും ഞാൻ അനുഭവിക്കുന്നുണ്ടെങ്കിൽ ഇവിടെയുള്ള സ്ത്രീകളുടെ അവസ്ഥ ഞാൻ ആലോചിച്ച് എനിക്ക് മനസ്സിൽ ഒരു വിങ്ങൽ തോന്നുന്നു. ആരോടും ഒന്നും പറയാതെ അവരുടെ വിഷമം അവർ ഉള്ളിൽ ഒതുക്കി ഇവിടെ ജീവിക്കുന്നുണ്ടാവും. പാവം തോന്നുന്നു. എന്നെക്കൊണ്ട് ഇവിടെ ഒരാഴ്ച പോലും നിൽക്കാൻ സാധിക്കും എന്ന് തോന്നുന്നില്ല. ഈ ലോകത്ത് എല്ലാ രാജ്യവും കാണണം, അതുകൊണ്ട് ഇവിടെയും വന്നു. അല്ലെങ്കിൽ ഇപ്പോൾ ആളുകൾ പറയും എന്തിന് ഇത്ര കഷ്ടപ്പെട്ട് അങ്ങോട്ട് പോയി എന്ന്. സത്യം പറഞ്ഞാൽ ഇത് ഒരു മതത്തിൻറെ മാത്രം ഇതാണോ എനിക്കറിയില്ല. എന്തായാലും ഞാൻ ഇവിടെ ഉള്ള ആളുകളെ കാണുന്നത് മനുഷ്യൻ എന്നുള്ളതിനേക്കാൾ മതം തലയ്ക്കുപിടിച്ച കുറെ ഭ്രാന്തന്മാർ ആയിട്ടാണ്.

ഇത് വായിക്കുമ്പോൾ കേരളത്തിലെ ഒരുപാട് ആളുകൾക്ക് ബുദ്ധിമുട്ട് തോന്നാം പക്ഷേ എൻറെ ഉള്ളിലുള്ളത് എനിക്ക് പറയണം പറയാതിരിക്കാൻ എനിക്ക് സാധിക്കില്ല അത്രമേൽ ശ്വാസം മുട്ടുന്നു എനിക്ക്. ഇതു വായിക്കുമ്പോൾ ആളുകൾക്ക് ആ ബുദ്ധിമുട്ട് അറിയണമെന്നില്ല. ഒരുവട്ടമെങ്കിലും ഇങ്ങോട്ട് വന്നാൽ അത് മനസ്സിലാകും. അതും നിങ്ങൾ ഒരാൾ പുരുഷനാണെങ്കിൽ തീരെയും മനസ്സിലാകില്ല, ഒരു സ്ത്രീയായി ജനിച്ച് ഇവിടെ ഒറ്റയ്ക്ക് യാത്ര ചെയ്യണം അപ്പോൾ മനസ്സിലാകും. പണ്ട് ആരോ പറഞ്ഞപോലെ നമ്മൾ കാണാത്ത കാര്യങ്ങളെല്ലാം വെറും കെട്ടുകഥകൾ മാത്രം എന്നു പറയുന്ന പോലെ നിങ്ങൾക്ക് തോന്നാം ഇതു വായിക്കുമ്പോൾ.

 

എന്തായാലും വന്നു, എങ്ങനെയെങ്കിലും കുറച്ചുദിവസം ഇവിടെ നിൽക്കണം. ഈ രാജ്യം എന്താണെന്നും എങ്ങനെയാണെന്നും എനിക്ക് മനസ്സിലാക്കണം. ഒറ്റ ദിവസത്തിൽ ഞാൻ വിലയിരുത്തുന്നതല്ല എന്റെ അനുഭവം ആണ് ഞാൻ ഇവിടെ കുറിക്കുന്നത്. ഇതു വായിക്കുമ്പോൾ ചിലർക്ക് എന്നോട് വെറുപ്പ് തോന്നാം എന്നാലും കുഴപ്പമില്ല, കാരണം എൻറെ അനുഭവം എനിക്കവിടെ പങ്കുവെക്കണം എന്ന് തോന്നി. എൻറെ യാത്രകൾ തുടരും ഒരുപാട് നന്ദി സ്നേഹം മാത്രം. 

ENGLISH SUMMARY:

Malayali travel vlogger Arunima recently shared her harrowing and discriminatory experiences while traveling solo through Taliban-controlled Afghanistan. Upon arriving at the border, she faced immediate restrictions on her clothing, requiring her to cover fully, and was told that female solo travelers must have a male guide. She expressed deep regret and emotional distress over the total lack of freedom, severe heat, and gender-based oppression she witnessed in Kunduz. Reflecting on her ordeal, Arunima emphasized that women are treated with zero value in the region, making her stay extremely suffocating.