റീൽസ് വേറെ, റിയൽ ലൈഫ് വേറെ, സോഷ്യൽ മീഡിയയിൽ കാണുന്നതൊന്നും സത്യമല്ല കേട്ടോ. സോഷ്യൽ മീഡിയ തുറന്നാൽ ആദ്യം കണ്ണിൽപ്പെടുന്നത് സന്തോഷം നിറഞ്ഞ മുഖങ്ങളായിരിക്കും. യാത്രകൾ, ആഘോഷങ്ങൾ, മനോഹരമായ വീടുകൾ, വിലകൂടിയ വസ്ത്രങ്ങൾ, രുചികരമായ ഭക്ഷണം, വിജയകഥകൾ, ചിരിച്ചുകൊണ്ടുള്ള കുടുംബനിമിഷങ്ങൾ... എല്ലാം ചേർന്ന മനോഹരമായൊരു ലോകം. റീൽസിൽ കാണുന്ന ചിരിയും സന്തോഷവും എല്ലാം യഥാർഥ ജീവിതത്തിലെ അവസ്ഥയെ പ്രതിഫലിപ്പിക്കണമെന്നില്ല. ക്യാമറയ്ക്ക് മുന്നിൽ കാണിക്കുന്ന നിമിഷങ്ങൾ പലപ്പോഴും തിരഞ്ഞെടുത്തതും ആസൂത്രണം ചെയ്തതും എഡിറ്റ് ചെയ്തതുമായിരിക്കും. ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഏതാനും സെക്കൻഡുകൾ മാത്രമാണ് നാം കാണുന്നത്. അതിന് പിന്നിലുള്ള മണിക്കൂറുകളും ദിവസങ്ങളും പ്രശ്നങ്ങളും പരാജയങ്ങളും നമുക്ക് കാണാനാകില്ല.
ഒരു വ്യക്തി വിദേശയാത്രയുടെ ചിത്രങ്ങളും വീഡിയോകളും നിരന്തരം പങ്കുവെയ്ക്കുന്നു എന്ന് കരുതുക. അവരുടെ ജീവിതം എപ്പോഴും യാത്രകളും ആഘോഷങ്ങളുമാണെന്ന് നമുക്ക് തോന്നാം. എന്നാൽ ആ വ്യക്തിയുടെ സാമ്പത്തിക പ്രശ്നങ്ങളോ വ്യക്തിപരമായ ബുദ്ധിമുട്ടുകളോ മാനസിക സമ്മർദങ്ങളോ നമ്മൾ കാണുന്നില്ല. അതുപോലെ തന്നെ, നിരന്തരം ചിരിക്കുന്ന ഒരാളുടെ ജീവിതത്തിൽ ദുഃഖമില്ലെന്നും വിജയകരമായ ബിസിനസ് നടത്തുന്ന ഒരാൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകളില്ലെന്നും കരുതാനാകില്ല. സോഷ്യൽ മീഡിയ പലപ്പോഴും ജീവിതത്തിന്റെ ‘ഹൈലൈറ്റ്സ്’ മാത്രമാണ് കാണിക്കുന്നത്, മുഴുവൻ കഥയല്ല. “അവന് ഇത്രയും നല്ല ജോലി കിട്ടി...അവൾക്ക് ഇത്രയും മനോഹരമായ ജീവിതം...എല്ലാവരും യാത്ര ചെയ്യുന്നു, ഞാൻ മാത്രം ഒന്നും ചെയ്യുന്നില്ല..."
ഇത്തരത്തിലുള്ള ചിന്തകൾ പതിയെ സ്വന്തം ജീവിതത്തെക്കുറിച്ചുള്ള അതൃപ്തിയിലേയ്ക്ക് നമ്മളെ നയിക്കാം. എന്നാൽ ഇവിടെ നമ്മൾ താരതമ്യം ചെയ്യുന്നത് മറ്റൊരാളുടെ എഡിറ്റ് ചെയ്ത ജീവിതവും നമ്മുടെ എഡിറ്റ് ചെയ്യാത്ത യഥാർഥ ജീവിതവുമാണ്. സോഷ്യൽ മീഡിയയിൽ പലരോടും ആരാധന തോന്നുന്നത് സ്വാഭാവികമാണ്. ഒരാളുടെ കഴിവ്, സംസാരശൈലി, ആത്മവിശ്വാസം, കഠിനാധ്വാനം, വിജയം തുടങ്ങിയവ നമ്മെ പ്രചോദിപ്പിച്ചേക്കാം. അത് നല്ല കാര്യമാണ്. എന്നാൽ ഒരാളെ ആരാധിക്കുന്നു എന്നതിന്റെ പേരിൽ അവരുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും അനുകരിക്കേണ്ടതില്ല. അവരിൽ നിന്ന് നമുക്ക് പഠിക്കാനുള്ളത് എന്താണ്? നമുക്ക് ആവശ്യമുള്ളത് എന്താണ്? നമ്മുടെ ജീവിതത്തിന് യോജിക്കുന്നത് എന്താണ്? ഇത്തരം ചോദ്യങ്ങൾ ചോദിക്കാൻ നമുക്ക് കഴിയണം.
സോഷ്യൽ മീഡിയയിൽ ആരോഗ്യവും സാമ്പത്തിക കാര്യങ്ങളും ബന്ധങ്ങളും കരിയറും ജീവിതശൈലിയും സംബന്ധിച്ച് നിരവധി ഉപദേശങ്ങൾ ലഭിക്കുന്നുണ്ട്. എന്നാൽ ഒരു വ്യക്തിക്ക് ഫലപ്രദമായ കാര്യം മറ്റൊരാൾക്കും അതേ രീതിയിൽ ഫലപ്രദമാകണമെന്നില്ല. ഒരു ഇൻഫ്ലുവൻസർ പിന്തുടരുന്ന ഡയറ്റ്, ഒരു വ്യക്തിയുടെ നിക്ഷേപ രീതി, മറ്റൊരാളുടെ ജീവിതശൈലി, മറ്റൊരാളുടെ കരിയർ തീരുമാനം ഇവയെല്ലാം സ്വന്തം സാഹചര്യങ്ങൾ പരിഗണിക്കാതെ അനുകരിക്കുന്നത് ശരിയായിരിക്കണമെന്നില്ല.
കേൾക്കുക, പരിശോധിക്കുക, പിന്നീട് സ്വീകരിക്കുക എന്ന സമീപനമാണ് കൂടുതൽ സുരക്ഷിതം. ഇന്ന് സാങ്കേതികവിദ്യ വളർന്നതോടെ യഥാർഥമെന്ന് തോന്നിക്കുന്ന ചിത്രങ്ങളും വീഡിയോകളും എളുപ്പത്തിൽ സൃഷ്ടിക്കാനാകും. എഡിറ്റിങ്ങും ഫിൽട്ടറുകളും എഐ സാങ്കേതികവിദ്യകളും ഒരാളുടെ രൂപത്തെയും സാഹചര്യങ്ങളെയും പോലും മാറ്റിമറിക്കാൻ കഴിയും. അതുകൊണ്ട് ഒരു ചിത്രം കണ്ടതുകൊണ്ടോ ഒരു വീഡിയോ വൈറലായതുകൊണ്ടോ അത് പൂർണമായും യഥാർഥമാണെന്ന് കരുതേണ്ടതില്ല.
“കണ്ടു” എന്നത് “സത്യമാണെന്ന് തെളിഞ്ഞു” എന്നല്ല. പ്രധാനപ്പെട്ട വിവരങ്ങൾ വിശ്വസിക്കുന്നതിന് മുമ്പ് അതിന്റെ ഉറവിടം പരിശോധിക്കേണ്ടതുണ്ട്. സോഷ്യൽ മീഡിയയിലെ താരതമ്യങ്ങൾ കുട്ടികളെയും കൗമാരക്കാരെയും പ്രത്യേകിച്ച് സ്വാധീനിക്കാം. മറ്റുള്ളവരുടെ രൂപവും വസ്ത്രധാരണവും ജീവിതശൈലിയും ജനപ്രീതിയും നിരന്തരം കാണുമ്പോൾ സ്വന്തം രൂപത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും അപകർഷതാബോധം ഉണ്ടാകാൻ സാധ്യതയുണ്ട്.
അതുകൊണ്ട് കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനൊപ്പം ഡിജിറ്റൽ ബോധവൽക്കരണവും ആവശ്യമാണ്. ഓൺലൈനിൽ കാണുന്നതും യഥാർഥ ജീവിതവും തമ്മിലുള്ള വ്യത്യാസം അവരെ മനസ്സിലാക്കിക്കൊടുക്കേണ്ടതുണ്ട്. സോഷ്യൽ മീഡിയ വിനോദത്തിനും അറിവിനും പ്രചോദനത്തിനും നല്ലൊരു ഉപാധിയാണ്. പ്രശ്നം സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിലല്ല, അത് നമ്മുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിലാണ്. നമ്മളെ പ്രചോദിപ്പിക്കുന്ന കാര്യങ്ങൾ സ്വീകരിക്കാം. പുതിയ കാര്യങ്ങൾ പഠിക്കാം. നല്ല ആശയങ്ങൾ പിന്തുടരാം. എന്നാൽ ഓരോ റീൽസിനെയും സ്വന്തം ജീവിതത്തിന്റെ അളവുകോലാക്കേണ്ടതില്ല. നമ്മുടെ ജീവിതത്തിൽ ക്യാമറയ്ക്ക് പുറത്തുള്ള നിമിഷങ്ങളുമുണ്ട്. അവിടെയാണ് യഥാർഥ ബന്ധങ്ങളും സന്തോഷവും പരാജയങ്ങളും പരിശ്രമങ്ങളും വളർച്ചയും. മറ്റുള്ളവരുടെ ജീവിതത്തെ എടുത്ത് കണ്ടന്‍റാക്കി ജീവിക്കുന്നവരും ഇന്ന് കുറവല്ല. കണ്ടന്‍റുകളുടെ കാലമാണിത്...വിവേക ബുദ്ധിയും വിവേചന ബുദ്ധിയും കൃത്യമായി പ്രവര്‍ത്തിക്കട്ടെ.
സോഷ്യൽ മീഡിയയിൽ കാണുന്ന അനവധി കാഴ്ചകളിൽ നിന്ന് നമുക്ക് വേണ്ടത് മാത്രം തിരിച്ചറിയാനും സ്വീകരിക്കാനും, ബാക്കിയുള്ളവ അവിടെ തന്നെ വിട്ടുകളയാനും കഴിയുന്ന വിവേകമാണ് ഇന്ന് നമുക്ക് ഏറ്റവും ആവശ്യം.