നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയും നിർമ്മാണ കമ്പനിയായ ഹോംബാലെ ഫിലിംസും തമ്മിൽ ഭിന്നതയിലോ. ഋഷഭന്‍റേയും ഹോംബാലെയുടേയും സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ അത്തരത്തിലേക്കുള്ള ചര്‍ച്ചകളിലേക്കാണ് വഴിവക്കുന്നത്. 'കാന്താര: എ ലെജൻഡ് ചാപ്റ്റർ 1'-ന്റെ ഒന്നാം വാർഷിക വേളയിൽ ഇരുപക്ഷത്തുനിന്നും പോസ്റ്റുകള്‍ പങ്കുവച്ചിരുന്നു.
ഋഷഭ് ഷെട്ടി പങ്കുവെച്ച ചിത്രങ്ങളിൽ ഹോംബാലെ ഫിലിംസിന്റെ ലോഗോ പൂർണ്ണമായും ഒഴിവാക്കിയിരുന്നു. മറുവശത്ത്, ഹോംബാലെ ഫിലിംസ് പങ്കുവെച്ച വാർഷിക പോസ്റ്ററിൽ ഋഷഭ് ഷെട്ടിയുടെ മുഖമോ ചിത്രങ്ങളോ ഉണ്ടായിരുന്നില്ല. പകരം കടുവയുടെ ചിത്രമായിരുന്നു ഉണ്ടായിരുന്നത്. കൂടാതെ, രണ്ടുപേരും പരസ്പരം ടാഗ് ചെയ്യാനോ പരാമർശിക്കാനോ തയ്യാറായില്ല.
2026 മാർച്ചിൽ തന്നെ ഋഷഭ് ഷെട്ടി ഹോംബാലെ ഫിലിംസിന്റെയും 'കാന്താര' സിനിമയുടെയും ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജുകളെ അൺഫോളോ ചെയ്തതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സിനിമയുടെ ക്രിയേറ്റീവ് കൺട്രോൾ, ഡേറ്റുകൾ, പ്രതിഫലം എന്നിവയെച്ചൊല്ലിയുള്ള തർക്കങ്ങളാണ് ഇതിന് പിന്നിലെന്ന് സിനിമാ മേഖലയിലുള്ളവർ സൂചിപ്പിക്കുന്നു. ഋഷഭ് ഷെട്ടി തന്റെ സ്വന്തം ബാനറായ 'ഋഷഭ് ഷെട്ടി ഫിലിംസ്'-ലൂടെ പുതിയ പ്രതിഭകളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു.
ഋഷഭ് ഷെട്ടിയോ ഹോംബാലെ ഫിലിംസ് മേധാവി വിജയ് കിരഗന്ദൂരോ ഈ തർക്കങ്ങളെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എങ്കിലും, 'കാന്താര' ഫ്രാഞ്ചൈസിയിലെ അടുത്ത ചിത്രത്തിന്റെ നിർമ്മാണത്തെക്കുറിച്ച് ഇപ്പോൾ പൂർണ്ണമായ നിശബ്ദതയാണുള്ളത്. ഇത് സിനിമയുടെ ചിത്രീകരണം വൈകാനോ അല്ലെങ്കിൽ പ്രോജക്റ്റ് താൽക്കാലികമായി നിലയ്ക്കാനോ കാരണമായേക്കുമെന്ന ആശങ്കയിലാണ് ആരാധകരും സിനിമാ നിരീക്ഷകരും.